ഡിസിസി-കെപിസിസി പുന:സംഘടനയില്‍ കെ.സുധാകരന്റെ നീക്കങ്ങള്‍ പാളുന്നു

ഡിസിസി-കെപിസിസി പുന:സംഘടനയിൽ കെ.സുധാകരന്റെ നീക്കങ്ങൾ പാളുന്നു. ഗ്രൂപ്പു നേതാക്കളുമായുള്ള ചർച്ചകൾ വഴിമുട്ടി. എഐസിസി സെക്രട്ടറിമാർ കേരളത്തിൽ എത്തുന്നത് തടഞ്ഞതിൽ രണ്ടാം നിര നേതാക്കൾക്കും അതൃപ്തി. നിയസഭാ സമ്മേളനത്തിനുശേഷം വീണ്ടും ദില്ലിയിൽ ചർച്ച നടക്കും.

സുധാകരൻ കെപിസിസി അധ്യക്ഷ പദവി ഏറ്റെടുത്താൽ ഉടൻ പാർട്ടിയിൽ പുന:സംഘടന, നിലവിലുള്ള ഡിസിസി അധ്യക്ഷൻമാരെ മാറ്റി ഗ്രൂപ്പിന് അതീതമായി പുതിയ നേതാക്കൾക്ക് ചുമതല കൈമാറും. കെ.പി.സി.സി ജംബോ കമ്മിറ്റി പിരിച്ചുവിട്ട് പുതിയ ഭാരവാഹികളെ നിശ്ചയിക്കും, ഇതായിരുന്നു സുധാകരൻ അനുകൂലികളുടെ പ്രഖ്യാപനം.

പക്ഷെ കാര്യങ്ങൾ തുടക്കത്തിലെ പാളി, ഉമ്മൻചാണ്ടിയും ചെന്നിത്തലയും സുധാകരനോട് സഹകരിക്കാതെ പഴയപടി തന്നെ. കൂടിയാലോചനയിൽ തന്നെ ഒഴിവാക്കിയതിന്റെ നീരസത്തിൽ കെ.മുരളീധരൻ. മുല്ലപ്പള്ളി, സുധീരൻ അടക്കമുള്ളവർ ഒന്നിലും ഇടപെടാതെ മാറിനിൽക്കുന്നു.

ഇതിനിടയിൽ ഡിസിസി അധ്യക്ഷൻമാരെ നിശ്ചയിക്കാൻ എഐസിസി സെക്രട്ടറിമാർ കേരളത്തിലെത്തുന്നത് ഗ്രൂപ്പ് നേതാക്കൾ തന്നെ ഒന്നിച്ച് തടയുകയും ചെയ്തു. ഫലത്തിൽ സംഘടനാ പുന:സംഘടന ഇനിയും നീളുമെന്നകാര്യം ഉറപ്പാണ്. ഇതുസംബന്ധിച്ച് വ്യക്തമായ ഉത്തരം മുതിർന്ന നേതാക്കള്‍ക്ക് തന്നെയില്ല.

നിയസഭാ സമ്മേളനം കഴിഞ്ഞ് ഉമ്മൻചാണ്ടിയടക്കമുള്ള നേതാക്കൾ വീണ്ടും ദില്ലിയിലേക്ക് തിരിക്കും.സുധാകരനെയും ചെന്നിത്തലയേയും ഒപ്പം ഇരുത്തി പട്ടികയിൽ സമവായമുണ്ടാക്കുകയാണ് ലക്ഷ്യം. പക്ഷെ ഡിസിസി അധ്യക്ഷൻമാരുടെ പട്ടിക സംബന്ധിച്ച് നേതാക്കൾ തമ്മിൽ ഇതുവരെ ഒരു ധാരണയായിട്ടില്ലെന്നതാണ് വാസ്തവം.

മൂന്നു നേതാക്കളും പുതിയ പേരുകൾ മുന്നോട്ട് വച്ചാൽ വീണ്ടും തർക്കം തുടരും. മാത്രമല്ല ഡിസിസി-കെപിസിസി പുന:സംഘടനയിൽ ഇതുവരെ സുധാകരനെ വിശ്വാസത്തിലെടുക്കാൻ എ-ഐ ഗ്രൂപ്പുകൾ തയ്യാറായിട്ടുമില്ല. സോഷ്യൽ മീഡിയ പ്രചരണം പോലെ അത്ര എളുപ്പല്ല സംഘടനയെ നയിക്കൽ എന്ന സന്ദേശം ഇതിനകം എ-ഐ ഗ്രൂപ്പുകൾ സുധാകരന് നൽകി കഴിഞ്ഞു. ഫലത്തിൽ പുന:സംഘടന വൈകുന്നതിൽ രണ്ടാംനിര നേതാക്കൾ മുഴുവൻ പേരും അതൃപ്തരാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News