പെഗാസസ് ഫോൺ ചോർത്തലിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം പൊളിറ്റ് ബ്യുറോ. രാജ്യത്തെ ജനങ്ങളോട് സത്യം പറയാൻ മോഡി സർക്കാർ തയ്യാറാകുന്നില്ലെന്നും, പെഗാസസ് ഇന്ത്യ വാങ്ങിയോ എന്ന കാര്യത്തിൽ പ്രധാനമന്ത്രി വ്യക്തത വരുത്തണമെന്നും പൊളിറ്റ് ബ്യുറോ ആവശ്യപ്പെട്ടു.
ഇതിന് പുറമെ കർഷക സമരം 8 മാസം പിന്നിട്ട സാഹചര്യത്തിൽ കർഷകരുമായി ചർച്ച നടത്താൻ മോഡി സർക്കാർ തയ്യാറാവണമെന്നും പൊളിറ്റ് ബ്യുറോ അവശ്യപ്പെട്ടിട്ടുണ്ട്.
പെഗാസസ് ഫോൺ ചോർത്തൽ, അസം മിസോറാം അതിർത്തി സംഘർഷം, കർഷക പ്രക്ഷോഭം ഉൾപ്പെടെയുള്ള വിഷയങ്ങളാണ് കഴിഞ്ഞ ദിവസം ചേർന്ന സിപിഐഎം പൊളിറ്റ് ബ്യുറോ യോഗത്തിൽ ചർച്ചയായത്.
പാർലമെന്‍റിൽ പോലും മറുപടി പറയാൻ മോഡി സർക്കാർ തയ്യാറാകുന്നില്ല. പെഗാസസ് സോഫ്റ്റ്‌വെയർ ഇന്ത്യ വാങ്ങിയോ എന്ന കാര്യത്തിൽ പോലും വ്യക്തത വരുത്താൻ മോഡി സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും, കുറ്റക്കാരെ ശിക്ഷിക്കണമെന്നുമാണ് പൊളിറ്റ് ബ്യുറോ അവശ്യപ്പെടുന്നത്. ഇതിന് പുറമെ പാർലമെന്‍റിൽ പല ബില്ലുകളും ചർച്ച കൂടാതെ പാസാക്കുന്നത് ജനാധിപത്യ വിരുദ്ധ നടപടിയെന്നും പൊളിറ്റ് ബ്യുറോ വിമര്‍ശിച്ചു.
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കർഷക സമരം 8 മാസം പിന്നിടുമ്പോഴും മോഡി സർക്കാർ ചർച്ചയ്ക്ക് തയ്യാറാകാത്തത് അംഗീകരിക്കാൻ കഴിയില്ല. ഉടൻ തന്നെ കർഷകരുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും കർഷക പ്രക്ഷോഭത്തിന് പൂർണ പിന്തുണ നല്കുന്നുവെന്നും പൊളിറ്റ് ബ്യുറോ വ്യക്തമാക്കി.
അതേസമയം, കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടും യോഗത്തിൽ ചർച്ചയായി. തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് ഈ മാസം 6ന് ചേരുന്ന കേന്ദ്ര കമ്മറ്റിയിൽ വെക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.