മാനസയ്ക്ക് നാടിന്‍റെ അന്ത്യാഞ്ജലി.. മൃതദേഹം കണ്ണൂർ പയ്യാമ്പലത്ത് സംസ്കരിച്ചു

കോതമംഗലത്ത് വെടിയേറ്റ് മരിച്ച മാനസയുടെ മൃതദേഹം കണ്ണൂർ പയ്യാമ്പലത്ത് സംസ്കരിച്ചു. വീട്ടിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉൾപ്പെടെ നിരവധി പേർ അന്ത്യോപചാരം അർപ്പിച്ചു. മാനസയെ കൊലപ്പെടുത്തിയതിന് ശേഷം ജീവനൊടുക്കിയ രഖിലിന്‍റെ മൃതദേഹം പന്തക്കപ്പാറ ശ്മശാനത്തിൽ സംസ്കരിച്ചു.

കൊച്ചിയിൽ നിന്നും  പുലർച്ചെ കണ്ണൂരിൽ എത്തിച്ച മാനസയുടെ മൃതദേഹം എ കെ ജി ആശുപത്രിയിൽ സൂക്ഷിച്ചതിന് ശേഷം രാവിലെ ഏഴേകാലോടെയാണ് നാറാത്തെ വീട്ടിലേക്ക് കൊണ്ടുപോയത്. ആദ്യം വീട്ടിനകത്ത് മാതാപിതാക്കൾക്കും അടുത്ത ബന്ധുക്കൾക്കും കാണാനുള്ള സൗകര്യം ഒരുക്കി. തുടർന്ന് ഒന്‍പതര വരെ വീടിന് പുറത്ത് മൃതദേഹം പൊതുദർശനത്തിനായി വച്ചു.

തുടർന്ന് പയ്യാമ്പലം ശാന്തിതീരം ശ്മശാനത്ത് മൃതദേഹം സംസ്കരിച്ചു. മാനസയുടെ സഹോദരൻ അശ്വന്താണ് ചിതയ്ക്ക് ചിതയ്ക്ക് തീ കൊളുത്തിയത്. മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ, സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സി പി ഐ എം കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതി ടീച്ചർ കെ വി സുമേഷ് എംഎൽഎ, കണ്ണൂർ മേയർ ടി ഒ മോഹനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉൾപ്പെടെ നിരവധി പേർ മൃതദേഹത്തിൽ അന്ത്യോപചാരം അർപ്പിച്ചു.

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നാട്ടുകാർക്കും മാനസയെ അവസാനമായി ഒരു നോക്ക് കാണാൻ അവസരം ഒരുക്കി. രഖിലിന്‍റെ മൃതദേഹം രാവിലെ എട്ട് മണിയോടെയാണ് മേലൂരിലെ വീട്ടിൽ എത്തിച്ചത്. വീട്ടിൽ പൊതുദർശനത്തിന് വച്ച ശേഷം പന്തക്കപ്പാറ ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു.

മാനസയുടെ നാടായ നാറാത്തും രഖിലിന്‍റെ നാടായ മേലൂരും ശോകമൂകമായ അന്തരീക്ഷമായിരുന്നു. അതേസമയം, മാനസയുടെ മൃതദേഹം കണ്ണൂരിലെത്തിച്ച് കൊച്ചിയിലേക്ക് തിരിച്ചു പോവുകയായിരുന്ന ആംബുലൻസാണ് പുലർച്ചെ മൂന്ന് മണിയോടെ  മാഹി പരിമടത്ത് വച്ച് അപകടത്തിൽ പെട്ടത്. ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആംബുലൻസ് ഡൈവർ എമിൽ മാത്യു, സഹായി ബിട്ടു കുര്യൻ എന്നിവർക്ക് പരിക്കേറ്റു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News