ആവേശപ്പോരാട്ടത്തിനൊടുവില്‍ വെങ്കലം നേടി പി വി സിന്ധു

ടോക്യോ ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് ആവേശജയം. ചൈനയുടെ ഹി ബിംഗ് ജിയാവോയെ 21-13, 21-15 എന്ന സ്‌കോറിനു കീഴടക്കിയാണ് സിന്ധു ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യക്കായി രണ്ടാം മെഡല്‍ നേടിയത്. സിന്ധുവിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയതിനു ശേഷമാണ് ജിയാവോ തോല്‍വി സമ്മതിച്ചത്. കഴിഞ്ഞ ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ ജേതാവാണ് സിന്ധു.

ആദ്യ ഗെയിം അനായാസം സ്വന്തമാക്കിയ സിന്ധുവിന് രണ്ടാം ഗെയിമില്‍ ചൈനയുടെ ഹി ബിംഗ് ജിയാവോ കടുത്ത വെല്ലുവിളി ഉയര്‍ത്തി. നീണ്ട റാലികളും തകര്‍പ്പന്‍ സ്മാഷുകളും പിന്‍പോയിന്റ് ഡ്രോപ്പുകളും പിറന്ന രണ്ടാം ഗെയിമില്‍ ഇരു താരങ്ങളും ഒപ്പത്തിനൊപ്പം മത്സരിച്ചു. നീണ്ട റാലികള്‍ കരുത്തുറ്റ സ്മാഷിലൂടെയാണ് സിന്ധു പലപ്പോഴും ക്ലോസ് ചെയ്തത്. അതേസമയം, ജിയാവോയുടെ ക്ലോസിംഗ് ഗെയിം പലപ്പോഴും ഡിസ്‌ഗൈസ് ഡ്രോപ്പുകളായിരുന്നു. ഗെയിമിലുടനീളം സിന്ധു തന്നെയാണ് ലീഡ് ചെയ്തതെങ്കിലും അവസാനം വരെ പൊരുതിയാണ് ചൈനീസ് താരം കീഴടങ്ങിയത്.

സെമിയില്‍ ചൈനീസ് തായ്‌പേയുടെ ലോക ഒന്നാം നമ്പര്‍ താരം ടി വൈ തായിയോടാണ് സിന്ധു പരാജയപ്പെട്ടത്. 21-18, 21-12 ആണ് സ്‌കോര്‍നില. ലോക റാങ്കിംഗ് ഒന്നാം താരമാണ് ഒപ്പം മത്സരിച്ച ടി വൈ തായ്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു പുറത്തായത്.

അതേസമയം, പുരുഷ ടെന്നീസില്‍ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവിനു സ്വര്‍ണം. റഷ്യയുടെ കാരന്‍ ഖച്ചനോവിനെ 6-3-, 6-1 എന്ന സ്‌കോറിന് അനായാസം കീഴടക്കിയാണ് സ്വരേവ് സ്വര്‍ണമെഡലില്‍ മുത്തമിട്ടത്. 1988ല്‍ സ്റ്റെഫി ഗ്രാഫിനു ശേഷം ടെന്നീസ് സിംഗിള്‍സില്‍ സ്വര്‍ണം നേടുന്ന ആദ്യ ജര്‍മന്‍ താരമാണ് സ്വരേവ്. സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ കീഴടക്കിയാണ് സ്വരേവ് ഫൈനല്‍ പ്രവേശനം നേടിയത്. സ്‌പെയിന്റെ പാബ്ലോ ബുസ്റ്റയെ 6-3, 6-3 എന്ന സ്‌കോറിനു കീഴടക്കിയാണ് കാരെന്‍ ഫൈനലുറപ്പിച്ചത്.

1-6, 6-3, 6-1 എന്ന സ്‌കോറിനായിരുന്നു സെമിയില്‍ സ്വരേവിന്റെ ജയം. നാല് പ്രധാന മേജറുകളും ഒളിമ്പിക്‌സ് സ്വര്‍ണവും നേടി ഗോള്‍ഡന്‍ സ്ലാം സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ പുരുഷതാരമെന്ന റെക്കോര്‍ഡ് ലക്ഷ്യമിട്ടാണ് ജോക്കോവിച്ച് ടോക്യോയില്‍ എത്തിയത്. എന്നാല്‍ സെമിയില്‍ ജര്‍മ്മന്‍ താരത്തിനോട് പരാജയപ്പെട്ടതോടെ ജോക്കോവിച്ച് ആ നേട്ടത്തിലെത്താതെ മടങ്ങി. 1988ല്‍ സ്റ്റെഫി ഗ്രാഫ് മാത്രമാണ് ഈ നേട്ടത്തില്‍ എത്തിയിട്ടുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News