ഭൂമുഖത്തെ ഏറ്റവും വേഗതയേറിയ മനുഷ്യൻ…ലാമണ്ട് മാർസൽ ജേക്കബ്സ്

ലാമണ്ട് മാർസൽ ജേക്കബ്സ്. ഈ ഇറ്റലിക്കാരനാണ് ഭൂമുഖത്തെ ഏറ്റവും വേഗതയേറിയ മനുഷ്യൻ. 100 മീറ്ററിൽ ഒരു ഇറ്റാലിയൻ താരം ഇതാദ്യമായാണ് സ്വർണം നേടുന്നത്.

ലാമണ്ട് മാർസൽ ജേക്കബ്സ് എന്ന ഇറ്റലിക്കാരനാണ് ഇപ്പോൾ ലോകമെമ്പാടുമുള്ള വേഗപ്രേമികളുടെ ഹീറോ. ഉസൈൻ ബോൾട്ട് അടക്കിവാണ സിംഹാസനത്തിന്റെ പുതിയ അവകാശിയാണ് ഈ ആറടി രണ്ടിഞ്ചുകാരൻ .അമേരിക്കക്കാരനായ പിതാവിനും ഇറ്റലിക്കാരിയായ മാതാവിനും ജനിച്ച മകൻ സ്വീകരിച്ചത് ഇറ്റാലിയൻ പൗരത്വമാണ്.

1994 സെപ്തംബർ 26 ന് അമേരിക്കയിലെ ടെക്സാസിന് സമീപം എൽപാസോയിൽ ജനനം. പക്ഷെ പഠിച്ചതും വളർന്നതുമെല്ലാം അമ്മയുടെ രാജ്യമായ ഇറ്റലിയിൽ . കുട്ടിക്കാലത്ത് ബാസ്ക്കറ്റ് ബോളും ഫുട്ബോളും കളിച്ചുതുടങ്ങിയ ലാമണ്ട് ക്രമേണ ലോംഗ്ജംപിലേക്കും സ്പ്രിന്റ് ഇനങ്ങളിലേക്കും ചുവട് മാറ്റി.

ഇറ്റലിയിലെ അറിയപ്പെടുന്ന സ്പ്രിൻററായി ലാമണ്ട് അതിവേഗം മാറി. 2021 ലെ യൂറോപ്യൻ അത്ലറ്റിക്സ് ഇൻഡോർ ചാമ്പ്യൻഷിപ്പിൽ ജേതാവായതോടെ ലാമണ്ടിനെ ലോകം ശ്രദ്ധിച്ചു തുടങ്ങി. ഈ 26കാരന്റെ കന്നി ഒളിമ്പിക്സായിരുന്നു ടോക്കിയോവിലേത്. 100 മീറ്റർ ഹീറ്റ്സിലെയും സെമി ഫൈനലിലെയും മികച്ച പ്രകടനത്തിനു പിന്നാലെ ഫൈനലിൽ കായികലോകത്തെ ഞെട്ടിച്ച് ലാമണ്ടിന്റെ മിന്നൽക്കുതിപ്പ്.

9: 80 സെക്കൻഡിൽ  ഒന്നാം സ്ഥാനക്കാരനായി ലാമണ്ട് ഫിനിഷിംഗ് ലൈൻ തൊട്ടതോടെ പിറന്നത് ഒളിമ്പിക്സ് പുരുഷ സ്പ്രിൻറിലെ ഇറ്റാലിയൻ ചരിത്രം.കഴിഞ്ഞ മൂന്നു ഒളിമ്പിക്‌സുകളിൽ ഉസൈൻ ബോൾട്ട് എന്ന ഇതിഹാസം ഭരിച്ച 100 മീറ്റർ സ്പ്രിന്റ് കിരീടത്തിനു  ലാമണ്ട് മാർസൽ ജേക്കബ്സ് എന്ന പുതിയ അവകാശി.

തന്റെ കരിയറിലെ ഏറ്റവും മികച്ച സമയമാണ് ലാമണ്ട് മത്സരത്തിൽ കുറിച്ചത്.1992ന്​ ശേഷം ആദ്യമായാണ്​ ഒരു യൂറോപ്യൻ താരം ഒളിമ്പിക്​സിലെ 100 മീറ്ററിൽ സ്വർണം നേടുന്നതെന്ന ചരിത്രവും അമാനുഷിക കുതിപ്പിൽ ലാമണ്ടിന് സ്വന്തം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News