സംസാരം വൈകുന്ന കുട്ടികള്‍.. ചികിത്സ വൈകരുത്! അറിയേണ്ടതെല്ലാം

മൂന്നു വയസ്സായ കുട്ടിക്ക് എല്ലാം അറിയാം. പക്ഷേ, അറിയാവുന്ന കാര്യങ്ങള്‍ കൈചൂണ്ടി മറ്റുള്ളവരോട് ആവശ്യപ്പെടുകയേയുള്ളൂ. ഡോക്ടറെ കാണിക്കേണ്ട ആവശ്യം ഉണ്ടോ? തനിയെ കുട്ടി സംസാരിച്ചു തുടങ്ങുമോ? നാലുവയസ്സുകാരി മിടുക്കി പക്ഷേ ഉച്ചരിക്കുന്ന വാക്കുകള്‍ കുറവ്, സ്ഫുടമായി സംസാരിക്കുന്നില്ല. ഇതൊന്നും ഒറ്റപ്പെട്ട കേസുകളല്ല. അനേകം കുട്ടികള്‍ക്ക് സംസാര വൈകല്യം എന്ന പ്രശ്‌നം ഉണ്ട്. പക്ഷേ ചികിത്സ തേടാന്‍ വൈകുന്നത് കാര്യങ്ങളെ കൂടുതല്‍ കുഴപ്പത്തിലാകും.

ഒരു കുഞ്ഞിന്റെ വളര്‍ച്ചയില്‍ സമൂഹത്തിനും അതിന്റെ ചുറ്റുപാടിനും വലിയ പങ്കാണുള്ളത്. വീട്ടില്‍ എല്ലാവരുമായി സംസാരിക്കാനും ഇടപഴകാനും സാധിക്കുന്ന കുട്ടികള്‍ക്ക് സംസാരിക്കാന്‍ പെട്ടെന്ന് സാധിക്കും. ഈ കൊറോണക്കാലത്ത് കുട്ടികള്‍ക്ക് മറ്റുള്ളവരുമായി ഇടപഴകാനും മറ്റു കുട്ടികളുമായി കളിക്കുവാന്‍ ഉള്ള സാഹചര്യം വളരെ കുറവാണ്. ഭാഷ സംസാരിച്ചു തുടങ്ങുന്ന സമയത്ത് സാധാരണയായി ബുദ്ധിമുട്ട് നേരിടുന്ന കുഞ്ഞുങ്ങള്‍ക്ക് മുന്‍പ് അംഗന്‍വാടികള്‍, പ്ലേസ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ പോവാനുള്ള സാഹചര്യമുണ്ടായിരുന്നു. ഇന്നത്തെ സാഹചര്യത്തില്‍ വീടിനുള്ളില്‍ കഴിഞ്ഞുകൂടുന്ന കുഞ്ഞുങ്ങളില്‍ അനേകം കുട്ടികളില്‍ സംസാരം വൈകുന്നതായി കണ്ടുവരുന്നു.

അമിതമായ സ്‌ക്രീന്‍ ടൈം അഥവാ മൊബൈല്‍ ഫോണ്‍, ടി വി ഇവയുടെ ഉപയോഗം കുട്ടികളുടെ വളര്‍ച്ചയെ കാര്യമായി ബാധിക്കുന്നു. പെരുമാറ്റ പ്രശ്‌നങ്ങള്‍, സംസാര വൈകല്യം എന്നിവ കുട്ടികളില്‍ കൂടുതലാണ്. ആശയവിനിമയത്തിന് പ്രധാനമായും മൂന്ന് മാര്‍ഗങ്ങളാണ് ഉള്ളത്. സംസാരം (speech), ഭാഷ(language), ആശയവിനിമയ മാര്‍ഗ്ഗം(communication) എന്നീ മൂന്ന് കാര്യങ്ങളാണ് കുട്ടികള്‍ക്ക് പ്രശ്‌നമുള്ളതായി കാണുന്നത്.

1. സംസാര വൈകല്യത്തിന് എന്തൊക്കെ കാരണങ്ങള്‍ ആവാം?

പാരമ്പര്യം, ജനിതക തകരാറുകള്‍, ജനനസമയത്ത് ഉള്ള പ്രശ്‌നങ്ങള്‍, തലച്ചോറിന് ക്ഷതം സംഭവിക്കുക, ബഹുഭാഷ സംസാരിക്കുന്ന മാതാപിതാക്കള്‍ എന്നീ ഘടകങ്ങള്‍ കുട്ടികളില്‍ സംസാര വൈകല്യത്തിന് കാരണമാകാം. ചില കുട്ടികളില്‍ മേല്‍പ്പറഞ്ഞ കാരണങ്ങള്‍ ഒന്നുമില്ലാതെയും സംസാരവൈകല്യം കണ്ടുവരുന്നു. ചെവിപഴുപ്പ് തുടര്‍ച്ചയായി വരുന്നത് കേള്‍വി തകരാറിലേക്കും നയിക്കാന്‍ സാധ്യതയുണ്ട്. മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിക്കുക, മൊബൈല്‍ ഗെയിംസിനോടും ടി വിയോടും മറ്റും കാണിക്കുന്ന അമിത താല്പര്യം എന്നിവ ഈ കുട്ടികളില്‍ സാധാരണയായി കാണാറുണ്ട്. ഇത് ഒഴിവാക്കുകയും യഥാസമയം ചികിത്സ തേടുകയും ചെയ്യുന്നത് തന്നെയാണ് ഉത്തമം.

2. സാധാരണ കുട്ടികളുടെ സംസാരം എപ്രകാരം?

ഒരു വയസ്സ്- പേര് വിളിച്ചാല്‍ തിരിച്ചറിയാം
രണ്ടു വയസ്സ് – രണ്ടു വാക്ക് കൂട്ടി വാക്യം പറയും.
മൂന്ന് വയസ്സ്- മൂന്നു വാക്ക് കൂട്ടി പറയും. (300വാക്കുകള്‍ )
നാലു വയസ്സ് – കഥ പറയും
അഞ്ചു വയസ്സ് – അനുഭവങ്ങള്‍ പറയും

3. എപ്പോഴാണ് കുട്ടിക്ക് ശ്രദ്ധ വേണ്ടത്?

* ഒരു വയസ്സായിട്ടും കുട്ടി ആശയവിനിമയത്തിന് കൈ ചൂണ്ടുക/Babbling       ചെയ്യുന്നില്ല
* 15 മാസമായിട്ടും ഒരുവാക്കും ഉച്ചരിക്കുന്നില്ല
* ചെറിയ നിര്‍ദ്ദേശങ്ങള്‍ പോലും മനസ്സിലാകുന്നില്ല
* രണ്ടു വാക്ക് ചേര്‍ത്ത് വാക്യം രണ്ടു വയസ്സായിട്ടും സംസാരിക്കുന്നില്ല.
* മൂന്നു വയസ്സില്‍ മൂന്ന് വാക്ക് ചേര്‍ത്ത് ഉച്ചരിക്കുന്നില്ല.

4. സംസാര വൈകല്യം ഉണ്ടെന്ന് മനസ്സിലായാല്‍ എന്താണ് ചെയ്യേണ്ടത്?

ആദ്യമായി കുട്ടിക്ക് സംസാര വൈകല്യം ഒരു ലക്ഷണമായി കരുതുക തീര്‍ച്ചയായും ഒരു ശിശുരോഗ വിദഗ്ധനെ കാണുകയും കുഞ്ഞിന്റെ വളര്‍ച്ചയും വളരുന്ന സാഹചര്യവും അപഗ്രഥിക്കുകയും ഹോര്‍മോണ്‍ തകരാറുകള്‍ ഉണ്ടോ എന്ന് പരിശോധിക്കുകയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ല എന്ന് ഉറപ്പിക്കേണ്ടതും പ്രധാനമാണ്. ഒപ്പം തന്നെ സ്പീച് ലാംഗ്വേജ് പത്തോളജിസ്റ്റിനെ (Speech therapist) കുട്ടിയെ പരിശോധിക്കുകയും ചികിത്സ നിശ്ചയിക്കുകയും വേണം.

5 എന്താണ് സ്പീച്ച് തെറാപ്പി ചികിത്സ?

സംസാര വൈകല്യത്തിന് ആവശ്യമായ ചികിത്സ തെറാപ്പിയാണ്. ഒരു സ്പീച്ച് തെറാപ്പിസ്റ്റ് സേവനം തീര്‍ച്ചയായും തേടണം. ചികിത്സ തേടാന്‍ വൈകുന്നത്, വൈകല്യം മാറുവാന്‍ വൈകും. കുട്ടി സ്‌കൂളില്‍ പോകാന്‍ തുടങ്ങുമ്പോള്‍ തനിയെ മാറും എന്ന് കരുതി പരിശോധിക്കുവാനും ചികിത്സിക്കാനും ഇരിക്കരുത്. structured and non structured activities (play based) കുട്ടികള്‍ താല്‍പര്യം കാണിക്കുന്ന കളികളിലൂടെ ഒക്കെയാണ് ചികിത്സ.

ചികിത്സയ്‌ക്കൊപ്പം കുട്ടികളുടെ മാതാപിതാക്കള്‍, കുടുംബാംഗങ്ങള്‍ എന്നിവരുമായി അടുത്തിടപഴകാന്‍ സാഹചര്യം ഒരുക്കുകയും പരമാവധി കഥകള്‍ പറയുവാനും ശ്രമിക്കുക. കുഞ്ഞുങ്ങള്‍ ആഹാരം കഴിപ്പിക്കുന്ന സമയം, മൊബൈല്‍ ഫോണ്‍ കാണിച്ചു കഴിപ്പിക്കുന്നതു ഒഴിവാക്കുക, പകരം കഥകളും പാട്ടുകളുമായി കുഞ്ഞുങ്ങളെ കഴിപ്പിക്കുവാന്‍ ശ്രമിക്കുക.

ഡോ. വിദ്യ വിമല്‍

എസ് പി വെല്‍ഫോര്‍ട് ഹോസ്പിറ്റല്‍, തിരുവനന്തപുരം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News