വിശാഖപട്ടണം സ്റ്റീൽ പ്ലാന്റ് സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനത്തിൽ നിന്നും കേന്ദ്രം പിന്മാറണം: എളമരം കരീം

വിശാഖപട്ടണം സ്റ്റീൽ പ്ലാന്റ് സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനത്തിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറണമെന്ന് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി ആവശ്യപ്പെട്ടു. വൈസാഖ് സ്റ്റീൽ സംരക്ഷണ സമര സമിതിയുടെ നേതൃത്വത്തിൽ ദില്ലി ജന്തർമന്തറിൽ ആരംഭിച്ച ധർണാ സമരത്തെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു ആദ്ദേഹം.

കേന്ദ്ര സ്റ്റീൽ മന്ത്രാലയത്തിന് കീഴിലുള്ള ഒരു നവരത്ന കമ്പനിയാണ് വിശാഖപട്ടണം സ്റ്റീൽ പ്ലാന്റ്. വ്യവസായ നിക്ഷേപത്തിനായുള്ള പ്രദേശവാസികളുടെ പ്രക്ഷോഭത്തിന്റെ ഭാഗമായി ആരംഭിച്ച രാജ്യത്തെത്തന്നെ ഏറ്റവും പ്രധാന ഖന വ്യവസായ സ്ഥാപനമാണിത്.

പാവപ്പെട്ട ജനങ്ങളുടെ ആയിരക്കണക്കിന് ഏക്കർ ഭൂമി ഏറ്റെടുത്തുകൊണ്ട് സ്ഥാപിച്ച ഈ സ്ഥാപനം സ്വകാര്യ കുത്തകകൾക്ക് തീറെഴുതാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഈ തീരുമാനത്തിനെതിരെ തൊഴിലാളികളും, പ്രദേശവാസികളും, ആന്ധ്രാപ്രദേശിലെ മുഴുവൻ രാഷ്ട്രീയകക്ഷികളും യോജിച്ച പ്രക്ഷോഭത്തിലാണ്.

സ്വകാര്യവൽക്കരണ തീരുമാനത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറുന്നതുവരെ സമരം മുന്നോട്ടുകൊണ്ടുപോകാനാണ് സംയുക്ത സമര സമിതിയുടെ തീരുമാനം. സിഐടിയു വിന്റെയും ഇടതുപക്ഷ രാഷ്ട്രീയ കക്ഷികളുടെയും മുഴുവൻ പിന്തുണയും ഈ സമരത്തിനുണ്ടായിരിക്കുമെന്ന് എളമരം കരീം പറഞ്ഞു.

പൊതുമുതൽ മുഴുവൻ വിറ്റുതുലയ്ക്കുന്ന ബിജെപി സർക്കാരിന്റെ അജണ്ടയെ തുറന്നുകാട്ടാൻ മുഴുവൻ രാഷ്ട്രീയ കക്ഷികളും രംഗത്തിറങ്ങണമെന്നും അത്തരം മുന്നേറ്റങ്ങളുടെ തുടക്കമാണ് വൈസാഖ് സ്റ്റീൽ സംയുക്ത സമരസമിതിയുടെ പ്രക്ഷോഭമെന്നും എളമരം കരീം കൂട്ടിച്ചേർത്തു.

സിപിഐ രാജ്യസഭാ കക്ഷി നേതാവ് ബിനോയ്‌ വിശ്വം, എം. വി. ശ്രെയാംസ് കുമാർ, സിപിഐഎം എംപിമാരായ ഡോക്ടർ വി. ശിവദാസൻ, ജോൺ ബ്രിട്ടാസ് എന്നിവരും സമരത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here