പരിശീലനത്തിനിടെ പന്ത് ഹെൽമറ്റിലിടിച്ച് പരിക്ക്: ആദ്യ ടെസ്റ്റിൽ നിന്ന് മായങ്ക് അഗർവാൾ പുറത്ത്

നെറ്റ്സിലെ പരിശീലനത്തിനിടെ പന്ത് ഹെൽമറ്റിലിടിച്ച് പരിക്കേറ്റ ഇന്ത്യൻ ഓപ്പണിംഗ് ബാറ്റ്സ്മാൻ മായങ്ക് അഗർവാൾ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ നിന്നുള്ള ടീമിൽ നിന്ന് പുറത്ത്. താരം വൈദ്യ സംഘത്തിൻ്റെ നിരീക്ഷണത്തിൽ തുടരുമെന്ന് ബിസിസിഐ അറിയിച്ചു.

സ്ഥിരം ഓപ്പണറായ ശുഭ്മൻ ഗിൽ നേരത്തെ പരമ്പരയിൽ നിന്ന് തന്നെ പുറത്തായിരുന്നു. ഗില്ലിൻ്റെ അഭാവത്തിൽ ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യേണ്ടിയിരുന്ന അഗർവാളും പുറത്തായതോടെ ലോകേഷ് രാഹുലിനെ ഇന്ത്യ ഓപ്പണിംഗിൽ നിയോഗിച്ചേക്കും.

റിസർവ് ഓപ്പണർ അഭിമന്യു ഈശ്വരൻ, ഹനുമ വിഹാരി എന്നീ താരങ്ങളും ഓപ്പണിംഗ് സ്ലോട്ടിലേക്ക് പരിഗണിക്കപ്പെടുന്നവരാണ്. ഗില്ലിനെക്കൂടാതെ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ, പേസ് ബൗളർ അവേശ് ഖാൻ എന്നിവരും ടെസ്റ്റ് പരമ്പരയിൽ നിന്ന് പുറത്തായിരുന്നു. ഇരുവർക്കും കൗണ്ടി ഇലവനു വേണ്ടി ഇന്ത്യൻ ടീമിനെതിരെ കളിക്കാനിറങ്ങിയപ്പോഴാണ് പരിക്കേറ്റത്.

തുടർന്ന് ശ്രീലങ്കൻ പര്യടനത്തിൽ ഉൾപ്പെട്ടിരുന്ന സൂര്യകുമാർ യാദവ്, പൃഥ്വി ഷാ എന്നീ താരങ്ങളെ ടെസ്റ്റ് സ്ക്വാഡിൽ ഉൾപ്പെടുത്തി. ഇരുവരും ഉടൻ ഇംഗ്ലണ്ടിലേക്ക് തിരിക്കും. ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ അംഗമായിരുന്ന കൃണാൽ പാണ്ഡ്യക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പ്രൈമറി കോണ്ടാക്ടിലുണ്ടായിരുന്ന സൂര്യകുമാറും പൃഥ്വിയും ക്വാറൻ്റീനിൽ പ്രവേശിച്ചിരുന്നു. ഇരുവരുടെയും കൊവിഡ് ടെസ്റ്റ് നെഗറ്റീവായിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഇരുവരും ഇംഗ്ലണ്ടിലേക്ക് തിരിക്കാനൊരുങ്ങുന്നത്.

അതേസമയം, ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ടീമിനെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചു. 17 അംഗ ടീമിനെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

പരിക്കേറ്റ ജോഫ്ര ആർച്ചർ, ക്രിസ് വോക്സ് എന്നിവർ ടീമിൽ ഇടം നേടിയില്ല. ന്യൂസീലൻഡീനെതിരായ പരമ്പരയിൽ വിശ്രമം അനുവദിച്ചിരുന്ന ബെൻ സ്റ്റോക്സ്, ജോണി ബെയർസ്റ്റോ, സാം കറൻ, ജോസ് ബട്‌ലർ എന്നിവർ ടീമിൽ തിരികെ എത്തി. എന്നാൽ, മാനസികാരോഗ്യത്തിൻ്റെ പേരിൽ ക്രിക്കറ്റിൽ നിന്ന് അനിശ്ചിത കാലത്തേക്ക് വിട്ടുനിൽക്കുന്ന സ്റ്റോക്സ് പരമ്പരയിൽ കളിക്കില്ല. ഓഗസ്റ്റ് നാലിന് ട്രെൻ്റ് ബ്രിഡ്ജിലാണ് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാവുക. നാല് മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയിൽ ഉള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News