197 സ്കൂളുകളില്‍ കൂടി സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതി;12-ാം വാര്‍ഷികാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

സർക്കാരിന്‍റെ നൂറുദിന പദ്ധതിയിൽപ്പെടുത്തി 197 സ്കൂളുകളിൽ കൂടി സ്റ്റുഡൻറ് പൊലീസ് കേഡറ്റ് പദ്ധതി ഉടൻ വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതോടെ സംസ്ഥാനത്തെ 1000 സ്കൂളുകളിലാണ് പദ്ധതി ഉണ്ടാവുക. സ്റ്റുഡൻറ് പൊലീസ് കേഡറ്റ് പദ്ധതിയുടെ 12-ാം വാർഷികാഘോഷം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളാ പൊലീസ് നമ്മുടെ രാഷ്ട്രത്തിന് സംഭാവന ചെയ്ത അഭിമാന പദ്ധതിയാണ് സ്റ്റുഡൻറ് പൊലീസ് കേഡറ്റ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ചുരുങ്ങിയ കാലയളവിൽ മറ്റ് സംസ്ഥാനങ്ങൾ പദ്ധതി ഏറ്റെടുത്തു. പല വിദേശ രാജ്യങ്ങളും അവരുടെ ജീവിത സാഹചര്യം അനുസരിച്ച് മാറ്റങ്ങൾ വരുത്തി പദ്ധതി നടപ്പിലാക്കാൻ തയ്യാറായത് വലിയ അംഗീകാരം തന്നെയാണ്.

പഠനത്തോടൊപ്പം ജീവിതവും കരുപ്പിടിപ്പിക്കാൻ ഉതകുന്ന പ്രസ്ഥാനമായ സ്റ്റുഡൻറ് പൊലീസ് കേഡറ്റിന്‍റേത് ചിട്ടയായതും മാതൃകാപരവുമായ പ്രവർത്തനമാണ്. മഹാമാരിയും വെളളപ്പൊക്കവും നാട് ഉലച്ചപ്പോൾ രക്ഷാപ്രവർത്തനത്തിന് എസ്.പി.സി കേഡറ്റുകൾ ഓടിയെത്തി. ലഹരി മരുന്നിന്‍റെ ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയ്ക്കെതിരെ നിതാന്ത ജാഗ്രതയാണ് എസ്.പി.സി പുലർത്തുന്നത്.

ശാരീരികവും മാനസികവുമായി ആരോഗ്യമുളള ജനതയെ സൃഷ്ടിക്കുന്നതിന് എസ്.പി.സിയോളം നല്ലൊരു പദ്ധതി നിലവിലില്ല. എസ്.പി.സിയുടെ ഗുണഫലം കഴിയുന്നത്ര കുട്ടികളിലേക്ക് എത്തിക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്.

കൊവിഡ്ബാധ ആരംഭിച്ച കഴിഞ്ഞ വർഷം മാർച്ച് മുതൽ പൊതുജന സേവനരംഗത്ത് സ്റ്റുഡൻറ് പൊലീസ് കേഡറ്റുകൾ നൽകിയ സംഭാവന പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ലോക്ഡൗൺ കാലത്ത് സന്നദ്ധ സംഘടനകളുടേയും സ്വകാര്യവ്യക്തികളുടെയും സഹായത്തോടെ ഒമ്പത് ലക്ഷം ഭക്ഷണപ്പൊതികളാണ് സ്റ്റുഡൻറ് പൊലീസ് കേഡറ്റുകൾ വിതരണം ചെയ്തത്. 60,000 ഭക്ഷണകിറ്റും ഇക്കാലയളവിൽ വിതരണം ചെയ്തു.

ലോക്ഡൗൺ കാലത്ത് അഞ്ച് ലക്ഷം വീടുകളിൽ അടുക്കളത്തോട്ടം ഒരുക്കുന്നതിൽ സ്റ്റുഡൻറ് പൊലീസ് കേഡറ്റുകൾ നിർണായക പങ്കാണ് വഹിച്ചത്. റ്റി.വി ചലഞ്ച് എന്ന പദ്ധതി പ്രകാരം 5000 ൽപരം ടെലിവിഷനുകളും 500 ലേറെ മൊബൈൽ ഫോണുകളും 200 ഓളം ടാബ്ലെറ്റുകളും ശേഖരിച്ച് അർഹരായ കുട്ടികൾക്ക് നൽകാൻ എസ്.പി.സി കേഡറ്റുകൾക്ക് കഴിഞ്ഞു.

അത്യാവശ്യസന്ദർഭങ്ങളിൽ രക്തം ആവശ്യമുളളവർക്ക് അത് എത്തിക്കുന്നതിന് ആരംഭിച്ച ജീവധാര പദ്ധതി, പത്ത് ലക്ഷം ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ച ഹരിതഭൂമി പദ്ധതി, വേനൽക്കാലത്ത് പക്ഷികൾക്ക് കുടിവെളളം ലഭ്യമാക്കാനായി ആരംഭിച്ച തണ്ണീർക്കുടം പദ്ധതി എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടു. എസ്.പി.സി പയനിയർ വിഭാഗത്തിന്‍റെ കൊവിഡ് കാല പ്രവർത്തനങ്ങളെയും മുഖ്യമന്ത്രി പ്രകീർത്തിച്ചു.

ചടങ്ങിൽ ഓൺലൈനിൽ പങ്കെടുത്ത എല്ലാവരും സ്ത്രീധനവിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി.

ഉദ്ഘാടനച്ചടങ്ങിൽ പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ ജോസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്, എ.ഡി.ജി.പി മനോജ് എബ്രഹാം, ഐ.ജി പി.വിജയൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് രാവിലെ സ്റ്റുഡൻറ് പൊലീസ് കേഡറ്റുകൾ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ അദ്ദേഹത്തിന് ഗാർഡ് ഓഫ് ഓണർ നൽകി. കേഡറ്റുകൾ വിളയിച്ച പച്ചക്കറി ഉൽപ്പന്നങ്ങൾ മുഖ്യമന്ത്രിയുടെ പത്നി കമലാ വിജയന് കൈമാറി. തുടർന്ന് പൊലീസ് ആസ്ഥാനത്ത് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് സ്റ്റുഡൻറ് പൊലീസ് കേഡറ്റ് പദ്ധതിയുടെ പതാക ഉയർത്തി കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ചു. എല്ലാ ജില്ലാ പൊലീസ് ആസ്ഥാനത്തും എസ്.പി.സി സംവിധാനം പ്രവർത്തനക്ഷമമായ സ്കൂളുകളിലും ഇതേസമയം തന്നെ പതാക ഉയർത്തലും ഗാർഡ് ഓഫ് ഓണറും സംഘടിപ്പിച്ചിരുന്നു.

വിവിധ വകുപ്പ് മേധാവികൾ വിവിധ വിഷയങ്ങളെ അധികരിച്ച് എസ്.പി.സി ദിന സന്ദേശം നൽകി. ആവാസവ്യവസ്ഥയുടെ പുന:സ്ഥാപനത്തിൽ യുവാക്കളുടെ പങ്ക് എന്ന വിഷയത്തിൽ വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പി.കെ കേശവനും അനാരോഗ്യകരമായ ആസക്തികൾക്കെതിരെ എസ്.പി.സി എന്ന വിഷയത്തിൽ എക്സൈസ് കമ്മിഷണർ എസ്. ആനന്ദകൃഷ്ണനും സന്ദേശം നൽകി.

സ്റ്റുഡൻറ് പൊലീസ് കേഡറ്റുകൾ മാറ്റങ്ങളുടെ നേതാവ് എന്ന വിഷയത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷും കൊറോണ പ്രതിരോധവും എസ്.പി.സിയും എന്ന വിഷയത്തിൽ എ.ഡി.ജി.പി വിജയ് സാഖറെയും സന്ദേശം നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News