കഥകളിയിലെ ചുവന്നാടി വേഷത്തിന്റെ പര്യായം അരങ്ങൊഴിഞ്ഞു: കഥകളി ആചാര്യൻ നെല്ലിയോട് വാസുദേവൻ നമ്പൂതിരി അന്തരിച്ചു

കഥകളി രംഗത്തെ പണ്ഡിതനും നടനുമായ നെല്ലിയോട് വാസുദേവൻ നമ്പൂതിരി അന്തരിച്ചു. 80 വയസ്സായിരുന്നു. അർബുദം ബാധിച്ചു ചികിത്സയിലായിരുന്നു. ഇന്ന് രാത്രി ഒൻപതു മണിക്കായിരുന്നു അന്ത്യം.

തിരുവനന്തപുരം പൂജപ്പുരയിൽ ആയിരുന്നു താമസം. ദീർഘകാലം അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിൽ കഥകളി അധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്നു. കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള കഥകളി അരങ്ങുകളെ സാർത്ഥകമാക്കിയ നടനാണ് നെല്ലിയോട് വാസുദേവൻ നമ്പൂതിരി.

ചുവന്നതാടി, വട്ടമുടി, പെൺകരി എന്നിങ്ങനെയുള്ള വേഷങ്ങളുടെ അവതരണത്തിൽ സമാനതയില്ലാത്ത പ്രകടനമാണ് അദ്ദേഹം കാഴ്ച വച്ചിരുന്നത്. കുചേല വേഷം ഇത്രയും താദാത്മ്യത്തോടെ അവതരിപ്പിച്ചിരുന്ന നടൻമാർ കഥകളി രംഗത്ത് മറ്റൊരാളില്ല.

എറണാകുളം ജില്ലയിലെ ചേരാനെല്ലൂരിൽ നെല്ലിയോട് മനയിൽ വിഷ്ണു നമ്പൂതിരിയുടെയും പാർവതി അന്തർജനത്തിന്റെയും മകനാണ്. കോട്ടയ്ക്കൽ പി.എസ്.വി നാട്യസംഘത്തിലും കേരള കലാമണ്ഡലത്തിലുമായി അഭ്യാസം പൂർത്തിയാക്കി. നാട്യാചാര്യൻ വാഴേങ്കട കുഞ്ചുനായരുടെ ശിഷ്യനായിരുന്നു.

1999-ൽ കലാമണ്ഡലം അവാർഡ്, 2000-ൽ സംഗീതനാടക അക്കാദമിയുടെ കഥകളി നടനുള്ള അവാർഡ്, 2001-ൽ കേന്ദ്രസംഗീതനാടക അക്കാദമിയുടെ അവാർഡ്, 2014-ൽ കേരള സർക്കാരിന്റെ കഥകളിനടനുള്ള അവാർഡ്, 2017-ൽ എൻ.സി.ഇ.ആർ.ടി.യുടെ പദ്മപ്രഭ പുരസ്‌കാരം, തുഞ്ചൻ സ്മാരകം, ഗുരു ഗോപിനാഥ് കലാകേന്ദ്രം, തുളസീവനം പുരസ്‌കാരങ്ങൾ തുടങ്ങി നെല്ലിയോടിനു ലഭിച്ച അംഗീകാരങ്ങൾ നിരവധിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News