SPECIAL REPORT: കൊവിഡ് പരിശോധനയില്‍ മുന്നില്‍ കേരളം

കൊവിഡ് പ്രതിരോധത്തിലും രോഗ പരിശോധനയിലും കേരളം ഏറെ മുന്നിലെന്ന് ഐ സി എം ആറിലെ മുൻ വൈറോളജിസ്റ്റും വെല്ലൂർ സി എം സി മെഡിക്കൽ കോളേജിലെ വൈറോളജി വിഭാഗം മേധാവിയുമായ ഡോ. ടി ജേക്കബ് ജോൺ.

പകുതിയിലേറെപ്പേർക്കും കൊവിഡ് ആൻറിബോഡിയില്ലാത്ത കേരളത്തിന് മികച്ച മാർഗം എല്ലാവർക്കും അതിവേഗം വാക്സിൻ ലഭ്യമാക്കുകയാണെന്നും ഡോ. ജേക്കബ് ജോൺ പറയുന്നു.

രാജ്യത്ത് ആദ്യമായി കൊവിഡ് രോഗം റിപ്പോർട്ട് ചെയ്ത കേരളം കൊവിഡ് പ്രതിരോധത്തിൽ മുൻപന്തിയിലാണ്. കൊവിഡ് പരിശോധനയുടെ കാര്യത്തിൽ കേരളം മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ്.

ലക്ഷത്തിൽ 76,000 പേരിലാണ് കേരളത്തിൽ കൊവിഡ് പരിശോധന. അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്ടിൽ ഇത് 48,500 ഉം കർണാടകത്തിൽ 57,900 ഉം ആന്ധ്രയിൽ 46,500 ആണ് പരിശോധനാ നിരക്ക്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ ലക്ഷത്തിൽ 38,500 ആണ് പരിശോധനാ തോത്. ഗുജറാത്തിൽ 37,100 മാത്രവും.

കൊവിഡ് പരിശോധന(ലക്ഷത്തിൽ)

കേരളം 76,000
ഗുജറാത്ത് 37,100
മഹാരാഷ്ട്ര 38,500
ആന്ധ്ര 46,500
തമിഴ്നാട് 48,500
കർണാടക 57,900

മൊത്തം ജനസംഖ്യയുടെ 9.43 ശതമാനം പേർ പൊസിറ്റീവായെന്ന് പരിശോധനയിലൂടെ കണ്ടെത്താൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. പരിശോധനയിലൂടെ കേസുകൾ കണ്ടെത്തുന്നതിൽ കേരളം മറ്റുസംസ്ഥാനങ്ങളെക്കാള്‍ മുന്നിലാണെന്നും ഡോ. ജേക്കബ് ജോൺ ചൂണ്ടിക്കാട്ടുന്നു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലെ വർധനയുടെ പേരിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പരിശോധന ശക്തമായതുകൊണ്ടാണ് ലക്ഷണമില്ലാത്ത കേസുകൾ പോലും കേരളത്തിൽ കണ്ടെത്തുന്നത്. പരിശോധനകൾ ശക്തമല്ലാത്ത മറ്റു സംസ്ഥാനങ്ങളിൽ നിലവിൽ ലഭ്യമായ കണക്കുകളേക്കാൾ കൂടുതൽപ്പേർ വൈറസ് ബാധിതരായിരിക്കാൻ സാധ്യതയുണ്ടെന്നും ഡോ. ജേക്കബ് ജോൺ പറഞ്ഞു.

കേരളത്തിലെ മരണ നിരക്കും ദേശീയ ശരാശരിയെക്കാൾ കുറവാണെന്ന് ഡോ. ജേക്കബ് ജോൺ ചൂണ്ടിക്കാട്ടുന്നു. ദേശീയ ശരാശരി 1.33% ആകുമ്പോൾ കേരളത്തിലെ മരണ നിരക്ക് 0.5% മാത്രമാണ്. മഹാരാഷ്ട്രയിൽ 2 ശതമാനവും തമിഴ്നാട്ടിൽ 1.33 ശതമാനവും കർണാടകയിൽ 1.25 ശതമാനവും ഗുജറാത്തിൽ 1.2 ശതമാനവുമാണ് മരണനിരക്ക്.

കൊവിഡ് മരണങ്ങൾ

ദേശീയ ശരാശരി 1.33%
കേരളം 0.5%
മഹാരാഷ്ട്ര 2%
തമിഴ്നാട് 1.33%
കർണാടക 1.25%
ഗുജറാത്ത് 1.2%

കേരളം മുഴുവൻ ഒരേപോലെ തന്നെ കൊറോണ വൈറസ് പടരാൻ കാരണം ജനസാന്ദ്രതയും വൈറസ് വകഭേദത്തിന്‍റെ ഉയർന്ന അണുബാധശേഷിയുമാണ്. 44.4 ശതമാനം പേർക്ക് മാത്രം വൈറസിനെതിരായ ആൻറിബോഡിയുള്ള കേരളത്തിൽ നിലവിലെ സാഹചര്യം ഒരു മാസംകൂടി തുടരാനാണ് സാധ്യതയെന്ന് ഡോ. ജേക്കബ് ജോൺ പറയുന്നു.

പ്രതിസന്ധിയെ അതിജീവിക്കാനായി എത്രയും വേഗം ഭൂരിഭാഗം പേർക്കും വാക്സിൻ നൽകേണ്ടതുണ്ട്. കേന്ദ്ര സർക്കാർ കൂടുതൽ വാക്സിൻ ലഭ്യമാക്കുകയും രണ്ടാം ഡോസിനായി കാത്തിരിക്കുന്ന പരമാവധി പേർക്ക് നൽകുകയും ചെയ്താൽ ഈ സാഹചര്യം മറികടക്കാൻ കഴിയുമെന്നും ഡോ. ജേക്കബ് ജോൺ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News