പ്ലസ്‌ ടു സീറ്റ് സംബന്ധിച്ച് ആശങ്ക വേണ്ട; മലബാറിൽ 20 ശതമാനവും മറ്റിടങ്ങളിൽ 10 ശതമാനവും അധിക സീറ്റ്

ഈ അധ്യയനവർഷം പ്ലസ് ടുവിന് മലബാർ മേഖലയിൽ 20 ശതമാനവും മറ്റിടത്ത്‌ 10 ശതമാനവും സീറ്റ് വർധിപ്പിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ  അറിയിച്ചു. സംസ്‌ഥാനത്ത്‌ ആകെ 306150 സീറ്റുകൾ ഉണ്ടാകും. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവർക്കും സീറ്റ്‌ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന്‌  മറുപടി പറയുകയായിരുന്നു മന്ത്രി.

2020‐21 അധ്യയന വര്‍ഷത്തില്‍ 4,21,887  എസ്എസ്എല്‍സി വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 4,19,653 വിദ്യാര്‍ത്ഥികള്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. വിജയശതമാനം 99.47 ആണ്.സര്‍ക്കാര്‍ എയിഡഡ് മേഖലയില്‍ ബാച്ച് ഒന്നിന് 50 സീറ്റ് എന്ന ക്രമത്തില്‍ ആകെ 3,06,150 സീറ്റുകളാണ് നിലവില്‍ ഉള്ളത്.

കഴിഞ്ഞ 5 വര്‍ഷത്തെ കണക്കനുസരിച്ച് ഹയര്‍ സെക്കണ്ടറി പ്രവേശനം നേടുന്നവര്‍ 3,32,631 ആണ് കുറവുള്ള സീറ്റുകള്‍ 26,481.ഇതിനെല്ലാം പുറമെ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മേഖലയില്‍  30,000  സീറ്റുകളും ഐറ്റിഐ കളില്‍ 49,140  സീറ്റുകളും പോളിടെക്നിക്കുകളില്‍ 19,080  സീറ്റുകളും ഉള്‍പ്പെടെ ആകെ 98,220 സീറ്റുകള്‍ വേറെ ഉണ്ട്.

സര്‍ക്കാര്‍/എയ്ഡഡ് മേഖലയിലെ സീറ്റുകള്‍ പരിഗണിച്ചാല്‍ പ്രവേശന നടപടികള്‍ അവസാനിച്ചു കഴിയുമ്പോള്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യമാണ് എല്ലാ ജില്ലകളിലും ഉളളത്. നിലവില്‍ സംസ്ഥാനത്തെ ഒരു ജില്ലയിലും ഹയര്‍ സെക്കണ്ടറി പ്രവേശനത്തിന് സീറ്റുകളുടെ അപര്യാപ്തത നിലനില്‍ക്കുന്നില്ല.

സംസ്ഥാനത്ത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് എ പ്ലസ് നേടിയവരുടെ എണ്ണം കൂടുതല്‍ ആണ്. പത്താം തരം പാസ്സായി ഉന്നത പഠനത്തിന് ഹയര്‍ സെക്കണ്ടറി പ്ലസ് വണ്‍ പ്രവേശനത്തിന് യോഗ്യരായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷയിലെ ഓപ്ഷനുകള്‍ക്ക് അനുസരിച്ച് പ്രവേശന മാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തി പ്രവേശനം നല്‍കുന്നതാണ്. അതിനാല്‍ പ്ലസ് വണ്‍ പ്രവേശനത്തെ സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും യാതൊരു വിധ ആശങ്കകളും ഉണ്ടാകേണ്ട സാഹചര്യമില്ല.

മുന്‍വര്‍ഷങ്ങളിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ഒരു ജില്ലയിലും ഹയര്‍ സെക്കന്‍ററി പ്രവേശനത്തിന് സീറ്റുകളുടെ അപര്യാപ്തത നിലനില്‍ക്കില്ല.

മലബാര്‍ മേഖലയില്‍ പാലക്കാട് മുതല്‍ കാസറഗോഡ് വരെ 20 ശതമാനം സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുമ്പോള്‍ 28,160 (ഇരുപത്തി എട്ടായിരത്തി നൂറ്റി അറുപത്)  സീറ്റുകള്‍ കൂടി ലഭ്യമാകും.മലബാര്‍ മേഖലയില്‍ 2021 എസ്.എസ്.എല്‍.സി. പരീക്ഷ പാസ്സായവര്‍ 2,24,312 .കഴിഞ്ഞ വര്‍ഷത്തെ ശരാശരി പ്രവേശനം എടുത്താന്‍ ഹയര്‍ സെക്കന്‍ററിയില്‍ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണം 1,65,477  .

1 ഡിവിഷനില്‍ 50 കുട്ടികള്‍ എന്ന കണക്കില്‍ നിലവില്‍ മലബാര്‍ മേഖലയില്‍ ആകെ 1,40,800  സീറ്റുകളുണ്ട്.20 ശതമാനം മാര്‍ജിനല്‍ വര്‍ദ്ധനവ് വരുത്തുമ്പോള്‍ പുതുതായി 28,160 സീറ്റുകള്‍ കൂടും. അങ്ങനെ ആകെ 1,68,960 സീറ്റുകള്‍.

മാര്‍ജിനല്‍ വര്‍ദ്ധനവ് വരുത്തി കഴിയുമ്പോള്‍ മലപ്പുറം ഒഴിച്ച് മറ്റെല്ലാ ജില്ലകളിലും ഗവണ്‍മെന്‍റ് എയിഡഡ് സീറ്റുകള്‍ തന്നെ ആവശ്യത്തിനുണ്ട്. മലപ്പുറം ജില്ലയില്‍ 2700 സീറ്റുകളുടെ കുറവുണ്ടാകും.

കഴിഞ്ഞ വര്‍ഷം എസ്എസ്എല്‍സി വിജയിച്ചവരില്‍ നിന്നും 1816 കുറവു കുട്ടികളാണ് ഇക്കൊല്ലം മലപ്പുറം ജില്ലയില്‍ വിജയിച്ചത്. മാത്രവുമല്ല അണ്‍ എയിഡഡ് മേഖലയില്‍ 11,275 മലപ്പുറം ജില്ലയില്‍ ലഭ്യമാണ്.

എന്നിരുന്നാലും പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ആരംഭിച്ച് ലഭിക്കുന്ന അപേക്ഷകളുടെ എണ്ണത്തേയും ഓപ്ഷനുകളേയും അടിസ്ഥാനപ്പെടുത്തി മലപ്പുറം ജില്ലയിലെ സ്ഥിതി പരിശോധിയ്ക്കുമെന്നും മന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News