കൈറ്റ് വിക്ടേഴ്‌സിന് ഇന്ന് പതിനഞ്ചാം പിറന്നാള്‍

കൊവിഡ് മഹാമാരിക്കാലത്ത് കേരളത്തിലെ അമ്പതു ലക്ഷത്തോളം കുട്ടികള്‍ക്ക് ഡിജിറ്റല്‍ വിദ്യാഭ്യാസം നല്‍കിവരുന്ന കൈറ്റ് വിക്ടേഴ്‌സ് വിദ്യാഭ്യാസ ചാനലിന് ഇന്ന് പതിനഞ്ച് വയസ് പൂര്‍ത്തിയാകുന്നു. 2006 ഓഗസ്റ്റ് 3-ന് അന്നത്തെ കേരള മുഖ്യമന്ത്രി ശ്രീ. വി.എസ്. അച്യുതാനന്ദനാണ് വിക്ടേഴ്‌സ് ചാനലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

2005 ജൂലൈ 25-ന് രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുല്‍ കലാം കേരളത്തിലെ എഡ്യൂസാറ്റ് ശൃംഖലയുടെ ഉദ്ഘാടനം നിര്‍വഹിച്ചതു മുതല്‍ വിക്ടേഴ്‌സിന്റെ പ്രവര്‍ത്തനവും ആദ്യം ഗോര്‍ക്കി ഭവനിലെ സിഡിറ്റിന്റെ വാടകക്കെട്ടിടത്തിലായിരുന്നു.

പിന്നീട് 2009 ഫെബ്രുവരി 10-നാണ് ഐടി@സ്‌കൂളിനും വിക്ടേഴ്‌സിനും സ്വന്തമായ സ്റ്റുഡിയോയും അപ്‌ലിങ്കിംഗ് സൗകര്യവുമെല്ലാം അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. എം.എ ബേബി ഉദ്ഘാടനം ചെയ്യുന്നത്. നിശ്ചിത സ്ഥലത്ത് സ്ഥാപിച്ചിരുന്ന ആര്‍.ഒ.ടികളില്‍ മാത്രം ലഭ്യമായിരുന്ന വിക്ടേഴ്‌സ് 2009-ഓടെ പ്രാദേശിക കേബിള്‍ ശൃംഖലകളിലൂടെയും ലഭ്യമായിത്തുടങ്ങി.

ഇതിന്റെ ആദ്യ പരീക്ഷണം വിജയകരമായി നടത്തിയത് 2008-ല്‍ ചേര്‍ത്തല എം.എല്‍.എ ആയിരുന്ന മുന്‍ മന്ത്രി ശ്രീ. തിലോത്തമന്റെ മേല്‍നോട്ടത്തിലായിരുന്നു. എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും വിദ്യാഭ്യാസ മന്ത്രി ശ്രീ. എം.എ ബേബി കേബിള്‍ ലഭ്യത ഉറപ്പുവരുത്താന്‍ കത്തെഴുതുകയും അതുറപ്പുവരുത്തുകയും ചെയ്തു.

2009-ലെ തിരുവനന്തപുരം സ്‌കൂള്‍ കലോത്സവം മുതല്‍ കലോത്സവം ലൈവ് റിപ്പോര്‍ട്ടിംഗും എസ്.എസ്.എല്‍.സി ഒരുക്കം പോലുള്ള പ്രോഗ്രാമുകളും എന്‍.എഫ്.ഡി.സി.യുടെ 100 ക്ലാസിക് ഫിലിമുകള്‍ മലയാളം സബ്‌ടൈറ്റിലൂടെ നല്‍കിയതും, ജര്‍മ്മന്‍ ടി.വിയായ ഡോയ്‌ഷെവെല്ല, ബിബിസി പരിപാടികള്‍ നല്‍കിയതും, ഗ്രേറ്റ് ടീച്ചേഴ്‌സ്, പേള്‍സ് ഓഫ് ഔവര്‍ കണ്‍ട്രി, ശാസ്ത്രജാലകം പോലുള്ള പരിപാടികളും തുടര്‍ന്ന് വിക്ടേഴ്‌സിലൂടെ വന്നുകൊണ്ടിരുന്നു. 2010-ലെ ഹരിതവിദ്യാലയം എന്ന ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ റിയാലിറ്റിഷോ വിക്ടേഴ്‌സിനെ കൂടുതല്‍ ജനകീയമാക്കി.

ആദ്യകാലങ്ങളില്‍ സംപ്രേഷണം രാവിലെ 9 മുതല്‍ വൈകുന്നേരം 6 മണിവരെയായിരുന്നെങ്കില്‍ 2009-ല്‍ ഇത് 6 മുതല്‍ രാത്രി 11 വരെയാക്കി. 2010 ജനുവരി മുതല്‍ വിക്ടേഴ്‌സ് ഇന്റര്‍നെറ്റിലൂടെ ലൈവ് സ്ട്രീമിംഗും തുടങ്ങി. പ്രൊഫ. സി.രവീന്ദ്രനാഥ് വിദ്യഭ്യാസ മന്ത്രി ആയിരുന്ന 2019 ഫെബ്രുവരിയിലാണ് കൈറ്റ് വിക്ടേഴ്‌സിന്റെ സംപ്രേഷണ സമയം 24 മണിക്കൂറാക്കി മാറ്റുന്നതും സ്വന്തമായി മൊബൈല്‍ ആപ്പ് സജ്ജമാക്കുന്നതും.
2020 ജൂണില്‍ ഫസ്റ്റ്‌ബെല്‍ ക്ലാസുകള്‍ തുടങ്ങുമ്പോഴാണ് കൈറ്റ് വിക്ടേഴ്‌സ് ഡിടിഎച്ച് ശൃംഖലയിലുള്‍പ്പെടെ സമ്പൂര്‍ണമായി ലഭ്യമായിത്തുടങ്ങിയത്.

പതിനായിരത്തിലധികം ക്ലാസുകളാണ് ഫസ്റ്റ്‌ബെല്ലിന്റെ ഭാഗമായി 2020-21 അധ്യയനവര്‍ഷം സംപ്രേഷണം ചെയ്തത്. ഇതെല്ലാം ‘ഫസ്റ്റ്‌ബെല്‍’ എന്ന പ്രത്യേക പോര്‍ട്ടലില്‍ എളുപ്പം ലഭിക്കുന്ന തരത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. യൂട്യൂബ് വരിക്കാര്‍ 31 ലക്ഷം കവിഞ്ഞു. തുടക്കത്തിലുണ്ടായിരുന്ന യൂട്യൂബിന്റെ മോണിറ്റൈസേഷനും ഇപ്പോള്‍ നിര്‍ത്തി.

പാഠഭാഗങ്ങള്‍ ഒരു ട്യൂഷന്‍പോലെ അതേപോലെ അവതരിപ്പിക്കല്‍ വിക്ടേഴ്‌സിന്റെ ലക്ഷ്യമല്ലാതിരുന്നിട്ടും കോവിഡ്കാലത്ത് ക്ലാസുകള്‍ അതേ രൂപത്തില്‍ നല്‍കേണ്ട സാഹചര്യം ഉണ്ടായി. ഇനിയും കോവിഡാനന്തരകാലത്തും പാഠങ്ങള്‍ക്കപ്പുറമുള്ള വിവിധ പ്രോഗ്രാമുകള്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. അതോടൊപ്പം കൈറ്റ് വിക്ടേഴ്‌സിന്റെ രണ്ടാം ചാനലിനും സര്‍ക്കാര്‍ അനുമതി ലഭിച്ചുകഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here