സിറ്റി ഗ്യാസ് പദ്ധതി: അടുത്ത മാർച്ചോടെ 54,000 ഗ്യാസ് കണക്ഷനുകള്‍

സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി ഗെയ്ൽ പ്രകൃതി വാതക പൈപ്പ് ലൈനിലൂടെ 11 ജില്ലകളിൽ 2022 മാർച്ചോടെ ഗാർഹിക‐വ്യാവസായിക ആവശ്യങ്ങൾക്കുള്ള 54,000 ഗ്യാസ് കണക്ഷനുകൾ നൽകാൻ കഴിയുമെ‌ന്ന്‌ പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‌ വേണ്ടി മന്ത്രി എം വി ഗോവിന്ദൻ നിയമസഭയിൽ പറഞ്ഞു.

നിലവിൽ 3,761 ഗാർഹിക കണക്ഷനുകൾ നൽകാനായി. കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്ത് ഗെയ്ൽ പ്രകൃതി വാതക പൈപ്പ് ലൈൻ പദ്ധതിയുടെ 450 കിലോ മീറ്റർ ദൈർഘ്യമുള്ള രണ്ടാംഘട്ടം യാഥാർത്ഥ്യമാക്കാനായി. ഇത്‌ സംസ്ഥാനത്തിന്റെ വ്യാവസായിക കുതിപ്പിന് ഉത്തേജനമായതായും കെ എൻ ഉണ്ണികൃഷ്ണന്റെ സബ്‌മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.

ചെറുകിട വൻകിട വ്യവസായങ്ങൾക്ക് പ്രകൃതി വാതകം ലഭ്യമാകുന്നതോടെ ഇന്ധന ചെലവ് വളരെയധികം ലാഭിക്കാനാകും. ഇത്‌ വ്യവസായ വികസനത്തിന് മുതൽക്കൂട്ടാകും. പ്രകൃതിവാതക പൈപ്പ് ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിൽ ചെറുകിട വ്യവസായങ്ങൾ, വാഹനങ്ങൾ എന്നിവയ്ക്കുള്ള ഇന്ധനം വിതരണം ചെയ്യാനാകും.

എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പ്രകൃതിവാതകം വിതരണം ചെയ്യുന്നതിന് ഇന്ത്യൻ ഓയിൽ‐അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ്‌ എന്നി കമ്പനികളെയാണ്‌ പെട്രോളിയം ആൻഡ്‌ നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് ചുമതലപ്പെടുത്തിയിട്ടുള്ളത്.

പ്രസ്തുത കമ്പനിക്ക് പ്രകൃതിവാതകം നൽകുവാനായി എല്ലാ ജില്ലകളിലും സംവിധാനം ഗെയ്ൽ ഒരുക്കിയിട്ടുണ്ട്. വിതരണത്തിനായുള്ള പൈപ്പ് ലൈൻ ശൃംഖല സ്ഥാപിക്കേണ്ട ചുമതല ഇന്ത്യൻ ഓയിൽ‐അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിനാണ്. നിലവിൽ എറണാകുളം, തൃശ്ശൂർ ജില്ലകളിൽ 10 വീതവും മലപ്പുറത്ത് മൂന്നും കോഴിക്കോട് നാലും പാലക്കാടും കണ്ണൂരും ഒന്ന് വീതവും സിഎൻജി സ്റ്റേഷനുകൾ പ്രവർത്തിക്കുന്നുണ്ട്.

2026ഓടെ വിവിധ ജില്ലകളിലായി 615 സിഎൻജി സ്റ്റേഷനുകൾ സ്ഥാപിക്കുവാനാണ്‌ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് ലക്ഷ്യമിടുന്നത്‌.

ഗെയ്ൽ പൈപ്പ് ലൈൻ കടന്നുപോകാത്ത തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ വാതക വിതരണ ഏജൻസിയായി അറ്റ്‌ലാന്റിക് ഗൾഫ് ആൻഡ്‌ പസഫിക് എന്ന കമ്പനിയെയാണ് പെട്രോളിയം ആൻഡ്‌ നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് നിശ്ചയിച്ചിട്ടുള്ളത്. കമ്പനി പദ്ധതി നടപ്പിലാക്കുവാനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

ഈ സാമ്പത്തിക വർഷം പെരുമ്പാവൂർ, നോർത്ത് പറവൂർ, വെല്ലിങ്ടൺ ഐലൻഡ്, മറൈൻ ഡ്രൈവ് തുടങ്ങിയ പ്രദേശങ്ങളിൽ സിഎൻജി സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ലക്ഷ്യം. പെട്രോനെറ്റ് എൽഎൻജി സ്ഥിതി ചെയ്യുന്ന പ്രദേശമെന്ന പരിഗണന നൽകി പുതുവൈപ്പിൻ പ്രദേശത്ത് സർവ്വേ നടത്തി സിഎൻജി പമ്പുകൾ സ്ഥാപിക്കുന്നതും പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here