കൊവിഡ് കാലത്ത് റെക്കോർഡ് വിജയശതമാനവുമായി സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം

കൊവിഡ് കാലത്ത് റെക്കോർഡ് വിജയശതമാനവുമായി സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. ഇരുപത് ലക്ഷത്തിലേറെ വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടിയ ഈ വര്‍ഷം തൊണ്ണൂറ്റി ഒമ്പതേ ദശാംശം പൂജ്യം നാല് ശതമാനമാണ് വിജയം.

ഏറ്റവും അധികം വിജയശതമാനം തിരുവനന്തപുരം മേഖലയിലാണ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രത്യേക മാനദണ്ഡം അനുസരിച്ചാണ് മൂല്യ നിർണയം നടത്തിയത്. കൊവിഡ് കാരണം പൊതു പരീക്ഷ ഇല്ലാതിരുന്ന ഈ വര്‍ഷം ക്ലാസ് ടെസ്റ്റുകളുടെയും ഇന്‍റേര്‍ണല്‍ മാർക്കിന്റെയും അടിസ്ഥാനത്തിൽ നടത്തിയ മൂല്യ നിർണയം വഴിയാണ് സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചത്.

ഇരുപത്തിയൊന്ന് ലക്ഷത്തോളം വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 20,76,997 പേര് വിജയിച്ചതോടെ 99.04 എന്ന റെക്കോർഡ് വിജയശതമാനമാണ് ഉണ്ടായത്. കേന്ദ്രീയ വിദ്യാലയങ്ങൾ നൂറു ശതമാനം വിജയം നേടിയ ഈ വര്‍ഷം 99.99 ശതമാനം വിജയത്തോടെ തിരുവനന്തപുരമാണ് മേഖലകളിൽ മുന്നിൽ. സ്‌കൂളുകൾ വിവരങ്ങൾ നല്കിയതില്‍ അപാകതയെ തുടർന്ന് 16,639 വിദ്യാർത്ഥികളുടെ ഫലം ഇനിയും പ്രസിദ്ധീകരിക്കാൻ ഉണ്ട്.

വിദേശത്ത് നിന്നുള്ള 24,439 വിദ്യാർത്ഥികളിൽ  24,420 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. വിജയ ശതമാനം 99.92 ശതമാനം. വിജയിച്ചവരുടെ എണ്ണത്തിൽ ആണ്കുട്ടികളേക്കാൾ കൂടുതലാണ് പെൺകുട്ടികളുടെ വിജയ ശതമാനം.

98.89 ,ശതമാനം ആൺകുട്ടികൾ വിജയിച്ചപ്പോൾ പെൺകുട്ടികളുടെ വിജയ ശതമാനം 99.24 ശതമാനം ആണ്. 57,284 വിദ്യാർത്ഥികൾ 95 ശതമാനത്തിന് മുകളിലും 2,00,962 വിദ്യാർത്ഥികൾ 90 ശതമാനത്തിനും 95 ശതമാനത്തിനു ഇടയിലും മാർക്ക് നേടി വിജയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News