പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയഉത്തരവ് റദ്ദാക്കി ഹൈക്കോടതി. നാളെ കാലാവധി അവസാനിക്കാനിരുന്ന ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക കാലാവധി നീട്ടിയ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.

കെഎറ്റി ഉത്തരവിനെതിരെ പബ്ലിക് സര്‍വീസ് കമ്മിഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. റാങ്ക് ലിസ്റ്റ് നീട്ടാന്‍ ട്രിബ്യൂണലിന് അധികാരമില്ലെന്ന് ജസ്റ്റിസുമാരായ അലക്‌സാണ്ടര്‍ തോമസ്, എ ബദറുദ്ദീന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

ട്രിബ്യൂണലിന്റെ ഉത്തരവ് ചോദ്യം ചെയ്ത് പി.എസ്.സി നല്‍കിയ അപ്പീലിലാണ് കോടതി നടപടി. ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യുന്നതില്‍ കാലതാമസമുണ്ടാകരുതെന്ന് ഹൈക്കോടതി പി.എസ്.സിക്ക് നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസമാണ് ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടാന്‍ അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണല്‍ ഉത്തരവിട്ടത്.

ആഗസ്റ്റ് മൂന്നിന് കാലാവധി അവസാനിക്കാനിരിക്കെ സെപ്തംബര്‍ 20 വരെയാണ് നീട്ടിയത്. ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ പുറത്തുനില്‍ക്കുമ്പോള്‍ ലിസ്റ്റുകളുടെ കാലാവധി എന്തിനാണ് നീട്ടുന്നതെന്നായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമര്‍ശം.

എല്‍എസ്ജി പട്ടികയിലുള്ള റാങ്ക് ഹോള്‍ഡറുടെ ഹര്‍ജിയില്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ പിഎസ്സി റാങ്ക് പട്ടികയുടെ കാലാവധി സെപ്റ്റംബര്‍ വരെ ദീര്‍ഘിപ്പിച്ച് ഇറക്കിയ ഇടക്കാല ഉത്തരവിനെതിരെ പിഎസ്സി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ നല്‍കിയ പരാതിയിലാണ് അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണലിന്റെ നടപടി. ഇതിനെതിരെയാണ് പി.എസ്.സി കോടതിയെ സമീപിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here