മുംബൈ ലോക്കൽ ട്രെയിൻ; തീരുമാനം ഉടനെയില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി

മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിലും ലോക്കൽ ട്രെയിൻ വിഷയത്തിൽ തീരുമാനം ഉടനെയില്ലെന്ന നിലപാടിലാണ് സർക്കാർ.  ഇന്ന് മുഖ്യമന്ത്രി  ഉദ്ധവ് താക്കറെ   നടത്തിയ പ്രസ്താവന നിരാശയിലാക്കുന്നത് ലക്ഷക്കണക്കിന് യാത്രക്കാരെയാണ്.

മുംബൈ ലോക്കൽ ട്രെയിൻ സേവനം പൊതുജനങ്ങൾക്കായി ഉടനെ ആരംഭിക്കിനാകില്ലെന്നാണ് മാധ്യമങ്ങളോട്  സംസാരിക്കവെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്ന് വ്യക്തമാക്കിയത്.  കോവിഡ് മൂന്നാം തരംഗത്തിന്റെ ഭീഷണിയാണ് ഇതിന് കാരണമായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്.

കൊവിഡ് -19  മൂന്നാം തരംഗത്തിന് സാധ്യതയുള്ളതിനാൽ തൽക്കാലം ലോക്കൽ ട്രെയിനുകളിൽ പൊതുജനങ്ങളെ യാത്ര ചെയ്യാൻ അനുവദിക്കില്ല. ഇന്ന്  പ്രളയബാധിത പ്രദേശമായ സാംഗ്ലി സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു  മുഖ്യമന്ത്രി  നിലപാട് വ്യക്തമാക്കിയത്.

രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചവരെ  മുംബൈ ലോക്കൽ ട്രെയിനുകളിൽ യാത്ര ചെയ്യാൻ അനുവദിക്കണമെന്ന ആവശ്യം ശക്തമായിരിക്കെ ഇതിനായി  സമഗ്രമായ ഒരു പദ്ധതി തയ്യാറാക്കാൻ ബോംബെ ഹൈക്കോടതി മഹാരാഷ്ട്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ബസുകളിൽ യാത്ര ചെയ്യാൻ എല്ലാവരെയും അനുവദിക്കുമ്പോൾ എന്തുകൊണ്ടാണ്  ട്രെയിനിൽ യാത്ര ചെയ്യാൻ അനുവദിക്കാത്തതെന്നും കോടതി ചോദിച്ചിരുന്നു.

മുംബൈയിൽ ലോക്കൽ ട്രെയിനുകളിൽ യാത്രാനുമതി നൽകുന്ന  തീരുമാനം മാറ്റി വച്ചിരിക്കയാണെന്നും  ഇക്കാര്യത്തിൽ മറ്റു പല വശങ്ങളും പരിഗണിക്കേണ്ടതുണ്ടെന്നുമാണ്  ആരോഗ്യമന്ത്രി രാജേഷ് ടോപ്പേയും  പറയുന്നത്.

എന്നാൽ  വാക്‌സിൻ എടുത്തവർക്ക് ലോക്കൽ ട്രെയിനുകളിൽ യാത്ര ചെയ്യുവാനുള്ള തീരുമാനം ഉടനെ എടുക്കുമെന്നാണ് കഴിഞ്ഞ ദിവസം  മഹാരാഷ്ട്ര സംസ്ഥാന കാബിനറ്റ് മന്ത്രി അസ്ലം ഷെയ്ക്ക് സൂചിപ്പിച്ചത്.

മുംബൈ നഗരത്തിന്റെ ജീവനാഡിയായ ലോക്കൽ ട്രെയിൻ സേവനം നിലച്ചതോടെ അനശ്ചിതാവസ്ഥയിലായത് ലക്ഷക്കണക്കിന് യാത്രക്കാരുടെ ഉപജീവനമാർഗ്ഗമാണ്. കഴിഞ്ഞ ഒന്നര വർഷമായി വലിയൊരു വിഭാഗത്തിന്റെ വരുമാന മാർഗ്ഗമാണ് ഇതോടെ നിലച്ചത്. നിരവധി പേരാണ് തൊഴിൽ നഷ്ടപ്പെട്ടതോടെ നഗരം വിട്ട് ജന്മനാടുകളിലേക്ക് മടങ്ങിയതും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News