ലോക്ഡൗൺ ഇളവുകൾ; സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

ലോക്ഡൗൺ ഇളവുകൾ സംബന്ധിച്ച് സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. ചട്ടം 300 പ്രകാരം ആരോഗ്യ മന്ത്രി നിയമസഭയിൽ പ്രഖ്യാപനം നടത്തും. അതേസമയം, കൊവിഡ് മൂലം ജനങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയായിരിക്കും പ്രതിപക്ഷത്തിൻറെ അടിയന്തിര പ്രമേയം. സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ കഴിഞ്ഞ ദിവസം ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായിരുന്നു.

ടി പി ആർ അടിസ്ഥാനത്തിലുള്ള ലോക്ഡൗണിന് പകരം വാർഡുകളിൽ രോഗികളുടെ എണ്ണം കണക്കാക്കിയായിരിക്കും ഇനി നിയന്ത്രണങ്ങൾ. വാരാന്ത്യ ലോക്ഡൗൺ ഞായറാഴ്ച മാത്രമാക്കാനും, ബാക്കി എല്ലാ ദിവസവും കടകൾ തുറക്കാനും തീരുമാനമായി. കടകൾ രാത്രി ഒമ്പതുവരെ തുറക്കാനാണ് അനുമതിയുണ്ടാവുക.

ടി പി ആർ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനം മുഴുവനായി അടച്ചിടുന്ന രീതിക്കെതിരെ വലിയ വിമർശനം ഉയർന്നതോടെയാണ് സർക്കാർ അതിൽ മാറ്റം വരുത്തുന്നത്. ഒരു തദ്ദേശ വാർഡിൽ എത്ര രോഗികളെന്നത് കണക്കാക്കി, നിശ്ചിത ശതമാനത്തിന് മുകളിലാണെങ്കിലാകും ഇനിയുള്ള അടച്ചിടൽ. മൈക്രോ കണ്ടെയിന്മെന്റ് രീതിയിലായിരിക്കും നിയന്ത്രണങ്ങൾ. ഒരു വാർഡിൽ ആയിരം പേരിലെത്ര രോഗികൾ എന്ന രീതിയിൽ കണക്കാക്കാനാണ് ആലോചന.

അതേസമയം, സ്വാതന്ത്യദിനവും മൂന്നാം ഓണവും ഞായറാഴ്ചയാണെന്നതിനാൽ ഈ ദിവസങ്ങളിൽ വാരാന്ത്യ ലോക്ഡൗണില്ല. രോഗികൾ കൂടുതലുള്ള സ്ഥലങ്ങളിൽ നിലവിൽ ഡി കാറ്റഗറി മേഖലകളിലുള്ളത് പോലെ ട്രിപ്പിൾ ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടർന്നേക്കും. സംസ്ഥാനത്ത് നിലവിൽ 323 തദ്ദേശ സ്ഥാപനങ്ങൾ ട്രിപ്പിൾ ലോക്കിലാണ്. പുതിയ രീതി വരുന്നതോടെ ട്രിപ്പിൾ ലോക്ഡൗണിലുള്ള സ്ഥലങ്ങളുടെ എണ്ണം നന്നേ കുറയും. പൊതുസ്ഥലങ്ങളിലും, കടകളിലും വാക്സിനെടുത്തവർക്കായിരിക്കും മുൻഗണന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News