ഒളിമ്പിക്‌സിലെ പുരുഷന്മാരുടെ ജാവലിന്‍ ത്രോ ഫൈനല്‍ വേദിയാവുക ഒരു ഇന്ത്യ-പാക് പോരാട്ടത്തിന് കൂടി

ഒളിമ്പിക്‌സിലെ പുരുഷന്മാരുടെ ജാവലിന്‍ ത്രോ ഫൈനല്‍ വേദിയാവുക ഒരു ഇന്ത്യ-പാക് പോരാട്ടത്തിന് കൂടിയാണ്. ശനിയാഴ്ച നടക്കുന്ന മെഡല്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ വണ്ടര്‍ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയ്ക്ക് എതിരാളിയായി പാകിസ്ഥാന്‍കാരന്‍ അര്‍ഷദ് നദീമും ഉണ്ട്. 2018 ഏഷ്യന്‍ ഗെയിംസിലാണ് ഇതിന് മുമ്പ് ഇരുവരും മത്സരിച്ച ജാവലിന്‍ ത്രോ ഫൈനല്‍ അരങ്ങേറിയത്.

അന്ന് ഇന്ത്യയുടെ നീരജ് ചോപ്ര സ്വര്‍ണം നേടിയപ്പോള്‍ പാകിസ്താന്‍കാരന്‍ അര്‍ഷദ് നദീമിനായിരുന്നു വെങ്കലം.ഇരു രാജ്യങ്ങളും അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പേരില്‍ ശത്രുതയില്‍ നില്‍ക്കുമ്പോള്‍, മെഡല്‍ ദാന ചടങ്ങില്‍ നീരജ് ചോപ്രയും അര്‍ഷദ് നദീമും ഹസ്തദാനം ചെയ്ത് സ്‌നേഹോഷ്മളത പങ്കു വെക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു.

ടെന്നീസ് താരം സാനിയ മിര്‍സ ഉള്‍പ്പടെ ഉള്ളവര്‍ ചിത്രം പങ്കുവച്ചതോടെ ഇതിന് വന്‍ സ്വീകാര്യതയാണ് കൈവന്നത്. തനിക്ക് നീരജാണ് പ്രചോദനമെന്നും നീരജിനെ അനുകരിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നുമായിരുന്നു മെഡല്‍ ഏറ്റുവാങ്ങിയ ശേഷമുള്ള നദീമിന്റെ പ്രതികരണം. 3 വര്‍ഷത്തിന് ഇപ്പുറം ടോക്കിയോ ഒളിമ്പിക്‌സിലെ ജാവലിന്‍ ത്രോ മെഡല്‍പ്പോരാട്ടത്തിലും ഇന്ത്യ – പാക്‌പോരാട്ടം ആവര്‍ത്തിക്കുകയാണ്.

യോഗ്യതാ റൗണ്ടില്‍ 86: 65 മീറ്റര്‍ എറിഞ്ഞ് നീരജ് ചോപ്ര നമ്പര്‍ വണ്ണായപ്പോള്‍ 85:16 മീറ്റര്‍ എറിഞ്ഞ് പാകിസ്താന്‍ താരവും യോഗ്യത ഉറപ്പാക്കി.ഓഗസ്ത് 7 ന് വൈകീട്ട് 4.30നാണ് ജാവലിന്‍ ത്രോയിലെ മെഡല്‍പ്പോരാട്ടം.ആകെ 6 പേരാണ് ഫൈനലില്‍ മത്സരിക്കുക.വിശ്വ കായിക മാമാങ്ക വേദിയിലെ ഇന്ത്യ-പാക് പോരാട്ടം, കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് നാടെങ്ങുമുള്ള കായിക പ്രേമികള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News