മെഡലുറപ്പിച്ച് രവികുമാർ; ഒളിമ്പിക്സ് ഗുസ്തിയിൽ ഇന്ത്യ ഫൈനലിൽ

ടോക്യോ ഒളിമ്പിക്സ് പുരുഷന്മാരുടെ 57 കിലോഗ്രാം ഗുസ്തി സെമിഫൈനലിൽ ഇന്ത്യയുടെ രവി കുമാർ ദഹിയയ്ക്ക് ജയം. കസാക്കിസ്ഥാൻ താരം നൂരിസ്ലാം സനയേവിനെ കീഴടക്കിയാണ് രവി കുമാർ ഫൈനലിൽ പ്രവേശിച്ചത്. 9-1 എന്ന നിലയിൽ പിന്നിലായിരുന്ന രവി കുമാർ തിരികെ വന്ന് സ്കോർ 9-7 എന്ന നിലയിലെത്തിച്ചു. അവസാന മിനിട്ടിൽ എതിരാളിലെ പിൻ ചെയ്താണ് ഇന്ത്യൻ താരം അവിസ്മരണീയ ജയം സ്വന്തമാക്കിയത്. ഇതോടെ ഈയിനത്തിൽ ഇന്ത്യ മെഡൽ ഉറപ്പിച്ചു. ക്വാർട്ടർ ഫൈനലിൽ ബൾഗേറിയൻ താരം ജോർജി വാംഗെലോവിനെ കീഴടക്കിയാണ് രവി കുമാർ സെമിയിലെത്തിയത്.

നേരത്തെ, വനിതകളുടെ 64-69 കിലോഗ്രാം ബോക്സിംഗ് സെമിഫൈനലിൽ ഇന്ത്യയുടെ ലോവ്‌ലിന ബോർഗൊഹൈൻ പൊരുതിത്തോറ്റു. തുർക്കിയുടെ ബുസാനസ് സുർമെനെല്ലിയോട് കീഴടങ്ങിയെങ്കിലും ലോവ്‌ലിന വെങ്കല മെഡലിന് അർഹയായി. ലോകചാമ്പ്യനായ സുർമെനെല്ലി കൃത്യമായി മത്സരത്തിൽ ആധിപത്യം പുലർത്തിയിരുന്നെങ്കിലും സേഫ് ഓപ്ഷൻ പരിഗണിക്കാതെ പൊരുതിത്തന്നെയാണ് അസം സ്വദേശി കീഴടങ്ങിയത്.

ആദ്യ റൗണ്ടിലെ അവസാന 30 സെക്കൻഡുകളിലാണ് ലോവ്‌ലിനക്കെതിരെ ഒന്നാം സീഡ് താരം ആഥിപത്യം സ്ഥാപിക്കാൻ തുടങ്ങിയത്. രണ്ടാം റൗണ്ടിൽ ചില കരുത്തുറ്റ പഞ്ചുകളിലൂടെ ലോവ്‌ലിന തിരികെവരാൻ ശ്രമിച്ചെങ്കിലും സുർമെനെല്ലി അവസാന സെക്കൻഡുകളിൽ വീണ്ടും തുടരാക്രമണങ്ങളിലൂടെ റൗണ്ട് പിടിച്ചു. മൂന്നാം റൗണ്ടിലെ ഒരു പഞ്ചോടെ പകച്ചുപോയ ഇന്ത്യൻ താരത്തെ നിഷ്പ്രഭയാക്കിയ സുർമെനെല്ലി ആധികാരിക ജയത്തോടെ ഫൈനലിലേക്ക്.

അതേസമയം, വനിതാ ​ഗുസ്തിയിൽ അൻഷു മാലിക്കിന് ആദ്യ റൗണ്ടിൽ തോൽവി നേരിട്ടു. ബെലാറസ് താരം ഇറൈന 8-2 നാണ് ഇന്ത്യയെ തോൽപ്പിച്ചത്. വനിതകളുടെ ഫ്രീസ്റ്റൈൽ 57 കിലോ​ഗ്രാം ഇനത്തിലായിരുന്നു മത്സരം.

പുരുഷ വിഭാ​ഗം ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനൽ റൗണ്ടിൽ പ്രവേശിച്ചു. യോ​ഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തിൽ 86.65 മീറ്റർ താണ്ടിയാണ് ഫൈനൽ ഉറപ്പിച്ചത്. നീരജ് ചോപ്രയ്ക്ക് പുറമെ, ജർമനിയുടെ വെറ്ററും ഫിൻലൻഡിന്റെ ലസ്സിയും ഫൈനലിലേക്ക് യോ​ഗ്യത നേടി. 85.64 മീറ്റർ മൂന്നാം ശ്രമത്തിലെറിഞ്ഞാണ് ലോക നമ്പർ വൺ താരമായ വെറ്റർ യോ​ഗ്യത നേടിയത്. ലസ്സി ആദ്യ ശ്രമത്തിൽ 84.50 മീറ്ററാണ് താണ്ടിയത്.

വനിതകളുടെ ഗോൾഫ് ആദ്യ റൗണ്ട് അവസാനിക്കുമ്പോൾ അർജുന പുരസ്കാര ജേതാവായ ഇന്ത്യയുടെ അദിതി അശോക് രണ്ടാം സ്ഥാനത്താണ്. അമേരിക്കയുടെ നെല്ലി കോർഡയ്ക്കൊപ്പം അദിതി രണ്ടാം സ്ഥാനം പങ്കിടുകയാണ്. സ്വീഡൻ്റെ മാഡ്ലിൻ സാഗ്സ്ട്രോം ആണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യയുടെ മറ്റൊരു താരം ദിക്ഷ സാഗർ 56ആം സ്ഥാനത്താണ്. ഇനി മൂന്ന് റൗണ്ട് മത്സരങ്ങൾ കൂടിയാണ് അവശേഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News