അമ്മ ഇന്നും അംഗനവാടിയില്‍ തന്നെയാണ്; 37 വര്‍ഷമായി തുടരുന്ന ദിനചര്യ; വൈറലായി വിജിലേഷിന്റെ കുറിപ്പ്

സ്വന്തം അമ്മയെ കുറിച്ച് നടന്‍ വിജിലേഷ് ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. അമ്മ ഇന്നും അംഗനവാടിയില്‍ പോകാനുള്ള ഒരുക്കത്തിലാണെന്നും മുപ്പത്തി ഏഴ് വര്‍ഷമായി തുടരുന്ന അമ്മയുടെ ദിനചര്യയാണിതെന്നും താരം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

അന്‍പത് രൂപ ശമ്പളത്തില്‍ തുടങ്ങിയ ജോലിയാണെന്നും അതിന്നും മുടക്കമില്ലാതെ തുടരുന്നുവെന്നും എത്രയോ തലമുറയ്ക്ക് ഭക്ഷണം വച്ചുവിളമ്പി ഊട്ടിയ ശീലത്തിന്റെ ചാരിതാര്‍ഥ്യം ഉണ്ട് ആ മുഖത്തെന്നും നടന്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

അമ്മ…

അമ്മ ഇന്നും അംഗനവാടിയിൽ പോകാനുള്ള ഒരുക്കത്തിലാണ്, മുപ്പത്തിഏഴ് വർഷമായി തുടരുന്ന അമ്മയുടെ ദിനചര്യ. അൻപത് രൂപ ശമ്പളത്തിൽ തുടങ്ങിയ ജോലിയാണ്, അതിന്നും മുടക്കമില്ലാതെ തുടരുന്നു. എത്രയോ തലമുറയ്ക്ക് ഭക്ഷണം വച്ചുവിളമ്പി ഊട്ടിയ ശീലത്തിന്റെ ചാരിതാർഥ്യം ഉണ്ട് ആ മുഖത്ത്.

അന്നാരും അൻപത് രൂപ ശമ്പളത്തിന് ഏറ്റെടുക്കാൻ മടിച്ച,കുഞ്ഞുങ്ങളെ നോക്കാൻ മടിച്ച ജോലിയെ ഏറ്റവും സന്തോഷത്തോടെയാണ് അമ്മ സ്വീകരിച്ചത്, അതുതന്നെയാണ് അമ്മയുടെ സന്തോഷവും, ഊർജ്ജവും. പുലർച്ചെ നാലെ മുപ്പതിനെഴുന്നേറ്റ് വീട്ടുജോലികളൊക്കെ തീർത്ത് തിരക്ക് പിടിച്ച് അംഗനവാടിയിലേക്കോടുന്ന അമ്മയെയാണ് ഞാൻ കണ്ടു വളർന്നത്.

എന്റെ ഡിഗ്രികാലഘട്ടത്തിൽ ഞാൻ തിരഞ്ഞെടുത്തത് സംസ്കൃതമായിരുന്നു, തുടർന്ന് പി.ജിയ്ക്ക് തിയറ്റർ പഠനമായിരുന്നു, തിയറ്റർ പഠിച്ചിട്ട് എന്തുചെയ്യാനാണെന്ന് എല്ലാവരും ചോദിച്ചപ്പോഴും എന്റെ ഇഷ്ടം അതാണെന്ന് മനസ്സിലാക്കി എല്ലാ പിന്തുണയും നൽകി അമ്മ ഇന്നും കൂടെയുണ്ട്.

വളരെ തുച്ഛമായ വരുമാനത്തിനാണിന്നും അംഗനവാടി ജീവനക്കാർ ജോലി ചെയ്യുന്നത്. സർക്കാറിന്റെ ഭാഗത്തുനിന്നും വേണ്ടത്ര പരിഗണനയോ, ആനുകൂല്യങ്ങളോ ലഭിക്കാത്ത മേഖലയാണിത്, എന്നാൽ അവരുടെ ജോലി ഉത്തരവാദിത്വം നിറഞ്ഞതും, ഭാരിച്ചതുമാണ്.

എന്നിരുന്നാലും ഇന്നും ഒരു മടുപ്പും കൂടാതെ അംഗനവാടിയിലേക്കു പോകുന്ന അമ്മ എനിക്കെന്നും പ്രചോദനവും, ആശ്ചര്യവുമാണ്..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News