ഹിന്ദുസ്ഥാൻ ഇൻസ്‌ക്ടിസൈഡ്സ് ലിമിറ്റഡ് കൊച്ചി ഉദ്യോഗമണ്ഡൽ യൂണിറ്റ് അടച്ചുപൂട്ടാനുള്ള തീരുമാനം പിൻവലിക്കണം: എളമരം കരീം എംപി

ഹിന്ദുസ്ഥാൻ ഇൻസ്‌ക്ടിസൈഡ്സ് ലിമിറ്റഡ് കൊച്ചി ഉദ്യോഗമണ്ഡൽ യൂണിറ്റ് അടച്ചുപൂട്ടാനുള്ള തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം കേന്ദ്ര മന്ത്രി മൻസുഖ് മാണ്ഡവ്യക്ക്‌ കത്ത് നൽകി. കമ്പനി അടച്ചുപൂട്ടലിനായി നീതി ആയോഗ് പട്ടികപ്പെടുത്തിയിരിക്കുകയാണ്.

ഈ യൂണിറ്റ് അടച്ചുപൂട്ടാൻ എച്ച്ഐഎൽ മാനേജ്മെന്റും സന്നദ്ധത അറിയിച്ചിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് ഹിന്ദുസ്ഥാൻ ഇൻസ്‌ക്ടിസൈഡ്സ് ലിമിറ്റഡിന്റെ കൊച്ചി ഉദ്യോഗമണ്ഡൽ യൂണിറ്റ്. കേന്ദ്ര പൊതുമേഖലയിലെ ഏക കീടനാശിനി നിർമാണ കമ്പനിയാണ് എച്ച്ഐഎൽ. മാനേജ്മെന്റിന്റെ നിരുത്തരവാദപരമായ നിലപാടാണ് കേരളത്തിലെ യൂണിറ്റിനെ ഇന്നത്തെ അവസ്ഥയിലേക്ക് നയിച്ചത്.

2012 ൽ സുപ്രീം കോടതി എൻഡോസൾഫാൻ നിരോധിക്കുന്നതുവരെ എച്ച്ഐഎല്ലിന്റെ ഏറ്റവും പ്രധാനപ്പെട്ട യൂണിറ്റായിരുന്നു കേരളത്തിലെത്. കുറച്ച് വർഷങ്ങളായി കമ്പനിയുടെ എല്ലാ അധികാരങ്ങളും ന്യൂഡൽഹിയിലെ ഹെഡ് ഓഫീസിൽ നിക്ഷിപ്തമാക്കി. ഇത്തിനുശേഷമാണ് അസംസ്കൃത വസ്തുക്കൾ പോലും ആവശ്യാനുസരണം വിതരണം ചെയ്യാതെ ഉദ്യോഗമണ്ഡൽ യൂണിറ്റിനെ ഇന്നത്തെ അവസ്ഥയിൽ എത്തിച്ചത്.

അസംസ്കൃത വസ്തുക്കളുടെ തടസ്സമില്ലാത്ത വിതരണത്തിനും അസംസ്കൃത വസ്തുക്കൾ വാങ്ങുന്നതിനും ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനും ശരിയായ ആസൂത്രണമില്ലാതെ യൂണിറ്റ് വർഷം തോറും വലിയ നഷ്ടത്തിലേക്ക് നീങ്ങുകയാണ്. പ്രവർത്തന മൂലധനത്തിന്റെ കുറവ് എച്ച്ഐഎല്ലിന്റെ നിലനിൽപ്പിനെ ദുർബലപ്പെടുത്തുന്നു. ട്രേഡ് യൂണിയനുകളുടെ ഭാഗം കേൾക്കാതെ മാനേജ്മെന്റ് എടുത്ത ഏകപക്ഷീയമായ നടപടിയാണ് ഈ അടച്ചുപൂട്ടൽ തീരുമാനം.

എച്ച്ഐഎൽ ഉദ്യോഗമണ്ഡൽ യൂണിറ്റിന്റെ പുനരുജ്ജീവനത്തിനുള്ള സാധ്യതകൾ സർക്കാർ എത്രയും വേഗം തേടേണ്ടതാണ്. അല്ലെങ്കിൽ കേന്ദ്ര സർക്കാരിനു കീഴിലുള്ള ഫാക്ടിന്റെ സബ്സിഡിയറി യൂണിറ്റായി എച്ച്ഐഎൽ ഉദ്യോഗമണ്ഡലിനെ മാറ്റിക്കൊണ്ട് തൊഴിലാളികളെ സംരക്ഷിക്കണം. ഈ യൂണിറ്റിനെ മാത്രം ആശ്രയിക്കുന്ന 250 ജീവനക്കാരെയും (101 സ്ഥിരം ജീവനക്കാരും 149 കരാർ ജീവനക്കാരും) അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ഒരു നടപടി കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതുണ്ട്.

കെമിക്കൽ പ്ലാന്റിലും അനുബന്ധ പ്രവർത്തനങ്ങളിലും നല്ല പരിചയമുള്ളവരാണ് എച്ച്ഐഎല്ലിലെ ജീവനക്കാർ. ഫാക്ടിന് സമാന്തരമായി കിടക്കുന്ന വല്ലാർപാടം ടെർമിനലിനടുത്തുള്ള കണ്ടെയ്നർ റോഡിന് സമീപം സ്ഥിതിചെയ്യുന്ന എച്ച്ഐഎല്ലിന്റെ ഭൂമി ഫാക്ടിന് ഏറ്റവും ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കഴിയും.

അധിക ചിലവ് കൂടാതെ ചില പരിഷ്ക്കരണങ്ങളോടെ മെഷീനുകളും ഉപയോഗിക്കാം. ഈ വശങ്ങളെല്ലാം പരിഗണിച്ച് ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നും എച്ച്ഐഎൽ ഉദ്യോഗമണ്ഡൽ യൂണിറ്റ് അടച്ചുപൂട്ടാനുള്ള തീരുമാനം പിൻവലിച്ച് ജീവനക്കാരെ സംരക്ഷിക്കുന്നതിനുതകുന്ന തീരുമാനം കൈക്കൊള്ളണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News