സ്ത്രീധനക്കയറില്‍ തൂങ്ങിയാടുന്ന പെണ്‍കാലുകള്‍

ഇന്ന് കേരളം നേരിടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് സ്ത്രീധനം മൂലം മരണപ്പെടുന്ന പെണ്‍കുട്ടികള്‍. സ്ത്രീധനത്തിന്റെ പേരില്‍ ക്രൂര പീഡനം ഏറ്റുവാങ്ങി ഒടുവില്‍ ഒരു മുഴം കയറില്‍ അഭയം തേടുന്ന പെണ്‍കുട്ടികള്‍ ഇന്ന് കേരളത്തിന്റെ നേര്‍ക്കാഴ്ചകളായി മാറാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി.

ഉത്രമുതല്‍ വിസ്മയ വരെ എത്തി നില്‍ക്കുമ്പോഴും മലയാളികള്‍ ഇന്നും പഠിക്കാത്ത ചില പാഠങ്ങളുണ്ട്. പൊന്നില്‍ കുളിച്ചുനില്‍ക്കുന്ന മകളെ കാണുമ്പോഴല്ല അച്ഛന്റെ മനസ് നിറയേണ്ടതും ജീവിതം പൂര്‍ണമാകേണ്ടതും. മകളെ കെട്ടിച്ചയച്ച് അടുത്ത് മാസം അവള്‍ ഗര്‍ഭിണിയാണ് എന്ന് അറയുമ്പോഴല്ല, അമ്മ ദൈവങ്ങളെ വിളിച്ച് നന്ദി പറയേണ്ടത്. മറിച്ച് അതിനുമപ്പുറത്തേക്ക് ചിന്താക്കാനുള്ള ഒരു സാമാന്യ ബോധം മലയാളി മാതാപിതാക്കളില്‍ ഇനിയും ഉരുത്തിരിയണ്ടേതുണ്ട്.

വിവാഹമല്ല മറിച്ച് സ്വന്തം കാലില്‍ നില്‍ക്കാനുള്ള ഒരു ജോലിയാണ് തന്റെ മകള്‍ക്ക് വേണ്ടത് എന്ന സത്യത്തെ വെള്ളം തൊടാതെ വിഴുങ്ങാന്‍ മലയാളികള്‍ ഇനിയും പഠിക്കേണ്ടതുണ്ട് എന്നതാണ് സത്യാവസ്ഥ. തനിക്ക് പെണ്‍കുട്ടിയാണ് ജനിച്ചത് എന്നറിയുമ്പോള്‍ എങ്ങനെ അവളെ കെട്ടിച്ചുവിടുമെന്ന് ആലോചിക്കുന്ന മാതാപിതാക്കളില്‍ നിന്നും ഇനിയും നാം മാറേണ്ടതുണ്ട്.

ഒന്നും രണ്ടുമൊന്നുമല്ല, നമുക്ക് മുന്നില്‍ തൂങ്ങിയാടിയിട്ടുള്ളത് നിരവധി പെണ്‍കുട്ടികളാണ്… അതും സ്ത്രീധനത്തിന്റെ പേരില്‍ മാത്രം നാം ബലിനല്‍കിയത് ഇനിയും ജീവിച്ച് കൊതിതീരാത്ത നിരവധി പെണ്‍ജീവനുകളാണ്. ഒരോ വാര്‍ത്തകള്‍ അറിയുമ്പോഴും കേരളത്തിലെ മാതാപിതാക്കള്‍ ഇനിയുമെങ്കിലും മനസിലാക്കുമെന്ന് വിചാരിക്കുമെങ്കിലും ആരും അതിനെ ഉള്‍ക്കള്ളാറില്ല.

ഓരോ പെണ്‍കുട്ടിയുടെ മരണ വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴും തങ്ങളുടെ മകള്‍ക്ക് ഈ അവസ്ഥ വരില്ലെന്ന മിഥ്യാ ധാരണ ഓരോ മാതാപിതാക്കളെയും വരിഞ്ഞുമുറിക്കാറുണ്ട്. അവളെ എത്രത്തോളം പഠിപ്പിച്ചു എന്നല്ല മറിച്ച് അവളുടെ വിവാഹം എത്രമാത്രം ആര്‍ഭാടപൂര്‍വം നടത്തി എന്നതാണ് നമ്മുടെ സ്റ്റാറ്റസ് എന്ന് കരുതുന്ന മാതാപിതാക്കള്‍ക്ക് ഒരോ പെണ്‍കുട്ടിയുടെയും മരണവാര്‍ത്ത വെറും നേരംപോക്ക് മാത്രമാണ്.

എന്റെ മകള്‍ക്ക് ഞാന്‍ 100 പവന്‍ സ്വര്‍ണം കൊടുത്തതുകൊണ്ട് എന്റെ മകന്‍ കല്ല്യാണം കഴിക്കുമ്പോള്‍ അവന് 200 പവന്‍ വേണമെന്ന് വാശിപിടിക്കുന്ന അമ്മമാരെ പറഞ്ഞുമനസിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ ഓരോ പുരുഷന്മാരും അവരുടെ വാക്കിനെ അവഗണിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുകയാണ്. എന്നാല്‍ പല പുരുഷന്മാരും അമ്മമാരുടെ ആവശ്യങ്ങള്‍ക്ക് മുമ്പില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുകയാണ്.

പെണ്‍കുട്ടികളുടെ കാര്യവും മറിച്ചൊന്നുമല്ല, എന്റെ മകളെ ഞാന്‍ ഈ വീടും സ്ഥലവും വിറ്റിട്ടാണെങ്കിലും നാട്ടുകാര്‍ അമ്പരക്കുന്ന രീതിയില്‍ കെട്ടിച്ചയക്കുമെന്നും അവര്‍ ചോദിച്ചില്ലെങ്കിലും പയ്യന്മാര്‍ക്ക് കുറഞ്ഞത് 100 പവന്‍ സ്വര്‍ണമെങ്കിലും കൊടുക്കണം എന്നും വാശിപിടിക്കുന്ന പെണ്‍കുട്ടികളുടെ മാതാപിതാക്കളെയും പറഞ്ഞുമനസിലാക്കണം. അല്ലാത്തപക്ഷം മണ്ഡപത്തിലേക്ക് താന്‍ വരില്ലെന്ന ഉറച്ച തീരുമാനത്തിലൂടെ സ്ത്രീധനമെന്ന മഹാമാരിയെ പിഴുതെറിയാന്‍ സാധിക്കും.

2005 മുതല്‍ 2009 വരെ രാജ്യത്ത് 85,609 സ്ത്രീധന മരണങ്ങള്‍ നടന്നുവെന്ന് നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളത്തിലെ സ്ഥിതിയും ഒട്ടും പിറകിലല്ല. 2019 ഏപ്രില്‍ മുതല്‍ 2021 ഏപ്രില്‍ വരെ സംസ്ഥാന പൊലീസിന്റെ കണക്കുപ്രകാരം സ്ത്രീധനത്തിന്റെ പേരില്‍ 212 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്തൃവീട്ടില്‍ 15,141 പെണ്‍കുട്ടികള്‍ ക്രൂരതയ്ക്കിരയായി.

സംസ്ഥാനത്ത് കഴിഞ്ഞ 5 വര്‍ഷത്തിനിടെ നടന്ന സ്ത്രീധന മരണങ്ങള്‍ 66 എണ്ണമാണ്. ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും ഉപദ്രവത്തെ തുടര്‍ന്നുള്ള കേസുകളുടെ എണ്ണം 2016 മുതല്‍ ഈ ഏപ്രില്‍ വരെ 15,143. സ്ത്രീകള്‍ക്ക് നേരെയുള്ള മറ്റ് അതിക്രമങ്ങളുടെ കണക്കുകള്‍ക്ക് പുറമെയാണിത്. 60 വര്‍ഷം മുന്‍പ് 1961ലാണ് സ്ത്രീധനനിരോധന നിയമം പ്രാബല്യത്തില്‍ വരുന്നത്. സ്ത്രീസംരക്ഷണത്തിനു വേണ്ടി പിന്നെയും പല നിയമങ്ങളും നടപ്പാക്കപ്പെട്ടു. എന്നിട്ടും അതിക്രമങ്ങള്‍ക്ക് കുറവു വന്നിട്ടില്ല.

ഇന്ത്യയില്‍ സ്ത്രീധനവുമായി ബന്ധപ്പെട്ട് ദിവസേന നിരവധി മരണങ്ങള്‍ നടക്കുന്നു എന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതെല്ലാം രജിസ്റ്റര്‍ ചെയ്ത കണക്കുകള്‍. പൊലീസിന് മുന്നില്‍ പരാതികൊടുക്കാതെ വീടുകളില്‍ എല്ലാം സഹിച്ചും പൊറുത്തും കഴിയുന്ന പെണ്‍കുട്ടികള്‍ ഇതിലും ഇരട്ടിവരും.

സ്ത്രീധനം കൊടുക്കില്ല എന്ന് ഓരോ പെണ്‍വീട്ടുകാരും സ്ത്രീധനം വാങ്ങില്ലെന്ന് ഓരോ പുരുഷന്മാരും തീരുമാനിച്ചാല്‍ നമുക്കെല്ലാവര്‍ക്കും വെറും ചുരുങ്ങിയ നാളുകള്‍കൊണ്ട് സ്ത്രീധനം എന്ന കാഴ്ചപ്പാടിനെ ഈ സമൂഹത്തില്‍ നിന്നും തുടച്ചുമാറ്റാന്‍ കഴിയും. സ്ത്രീധനത്തിന്റെ പേരില്‍ ഒരു പെണ്‍കുട്ടിയ്ക്കും മരണം സംഭവിക്കാത്ത കേരളത്തെ കണികണ്ടുണരാനാണ് മനസില്‍ നന്മയുള്ള ഓരോ മലയാളികളും മനസുകൊണ്ട് ആഗ്രഹിക്കുന്നത്. അതിന് നാം ദീര്‍ഘദൂരം സഞ്ചരിക്കേണ്ടതുണ്ടോ എന്ന് ഇനിയും നാം കണ്ടറിയേണ്ടതുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News