പച്ച പുതച്ച് പാടശേഖരങ്ങള്‍; വിളവിന്‍റെ സമൃദ്ധിക്കായി ഒരുങ്ങുന്നത് 4193 ഹെക്ടര്‍

പ്രതിസന്ധിയുടെ നാളുകളില്‍ കര്‍ഷകര്‍ക്ക് പ്രതീക്ഷ പകര്‍ന്ന് കോട്ടയം ജില്ലയില്‍ 4193 ഹെക്ടർ പാടശേഖരങ്ങള്‍ കതിരണിയാനൊരുങ്ങുന്നു. വിരുപ്പു കൃഷിയുടെ ഭാഗമായി എല്ലാ പാടശേഖരങ്ങളിലും ഉമ നെല്‍വിത്താണ് വിതച്ചിരുന്നത്.

ഏറ്റവും കൂടുതൽ സ്ഥലത്ത് കൃഷി ഇറക്കിയിട്ടുള്ളത് ഏറ്റുമാനൂർ ബ്ലോക്കിലാണ്. 2081.6 ഹെക്ടറിലാണ് ഇവിടെ നെല്ലു വളരുന്നത്. വൈക്കം ബ്ലോക്കില്‍ 1608 ഹെക്ടറിലും കടുത്തുരുത്തിയില്‍ 294 ഹെക്ടറിലും ഉഴവൂരില്‍ 10 ഹെക്ടറിലും കൃഷിയുണ്ട്.

കേരള സീഡ് ഡെവലപ്മെന്‍റ് അതോറിറ്റിയും നാഷണൽ സീഡ് കോർപ്പറേഷനും മുഖേനയാണ് കൃഷിക്കാവശ്യമായ വിത്ത് ലഭ്യമാക്കിയത്. അത്യുത്പ്പാദനശേഷിയുള്ള സങ്കരയിനമായ ഉമ വിത്ത് ഈ മേഖലകള്‍ക്ക് ഏറെ അനുയോജ്യമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

കാറ്റടിച്ച് നെല്‍ച്ചെടി പെട്ടെന്ന് വീഴാത്തതും മുഞ്ഞ, ഗ്വാളീച്ച എന്നിവയെ ചെറുക്കാനുള്ള കഴിവും വിളയുന്ന നെല്ല് മൂന്ന് ആഴ്ച്ച വരെ മുളയ്ക്കാതിരിക്കുന്നതും ഇതിന്‍റെ പ്രത്യേകതയാണ്. മറ്റ് നെല്ലിനങ്ങളെ അപേക്ഷിച്ച് തൂക്കവും കൂടുതലാണ്.

മൂന്ന് പൂവും കൃഷി ചെയ്യാവുന്ന ഈ നെല്ലിന്‍റെ മൂപ്പ് 120 ദിവസം മുതല്‍ 135 ദിവസം വരെയാണ്. അരിക്ക് ചുവപ്പ് നിറമാണ്. ഹെക്ടറില്‍നിന്ന് ശരാശരി ആറര ടണ്‍ മുതല്‍ ഏഴു ടണ്‍ വരെ വിളവ് ലഭിക്കുന്ന ഈ വിത്തിന് കര്‍ഷകര്‍ക്കിടയില്‍ പ്രിയമേറുന്നതിന് കാരണമാണ്.

മഴ മൂലം കൃഷിറക്കാൻ താമസമുണ്ടായെങ്കിലും പല മേഖലകളിലും നെല്‍ച്ചെടികളുടെ വളര്‍ച്ച ശരാശരി 55 ദിവസം പിന്നിട്ടു. കളകൾ നീക്കം ചെയ്യുന്നതും വളപ്രയോഗവുമാണ് ഇപ്പോള്‍ പ്രധാനമായും നടക്കുന്നത്.

സുസ്ഥിര നെൽകൃഷി വികസന പദ്ധതിക്കായി ജില്ലക്കനുവദിച്ച 545.25 ലക്ഷം രൂപയിൽ 177.266 ലക്ഷം കാർഷിക വികസന- കർഷക ക്ഷേമ വകുപ്പ് ആദ്യ ഗഡുവായി ലഭ്യമാക്കിയിട്ടുണ്ട്. ഹെക്ടറിന് 5500 രൂപ വീതമാണ് കർഷകർക്ക് സബ്സിഡിയായി നൽകുന്നത്.

കർഷകരുടെ അക്കൗണ്ടിലേക്കാണ് തുക ലഭിക്കുക. വിരിപ്പു കൃഷിക്കു ശേഷമുള്ള രണ്ടു ഘട്ടങ്ങളിലെ കൃഷിക്കായി 615 ലക്ഷം രൂപയും സർക്കാർ അനുവദിച്ചിട്ടുണ്ട്.

മടവീഴ്ച്ചയുണ്ടാകാന്‍ സാധ്യതയുള്ള മേഖലകളില്‍ പുറം ബണ്ടുകളുടെ ഉറപ്പ് വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു. കാലം തെറ്റി എത്തിയേക്കാവുന്ന മഴയെക്കുറിച്ചുള്ള ആശങ്കകളുണ്ടെങ്കിലും മികച്ച വിളവ് പ്രതീക്ഷിച്ചുള്ള അധ്വാനത്തിലാണ് കര്‍ഷകര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News