സുപ്രീംകോടതിയിലെ പല ഉദ്യോഗസ്ഥരും പെഗാസസിന്റെ പട്ടികയില്‍; വിവരങ്ങള്‍ പുറത്തുവിട്ട് ‘ദി വയര്‍’

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. സുപ്രീംകോടതിയിലെ പല ഉദ്യോഗസ്ഥരും പെഗാസസിന്റെ പട്ടികയില്‍ എന്ന പുതിയ വെളിപ്പെടുത്തലാണ് പുറത്തുവന്നിരിക്കുന്നത്. സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ഫോണ്‍ നമ്പറും ഫോണ്‍ ചോര്‍ത്തിയവരുടെ പുതുതായി പുറത്തുവിട്ട പട്ടികയിലുണ്ട്. സുപ്രീംകോടതി ജസ്റ്റീസായിരിക്കെയാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ഫോണ്‍ ചോര്‍ന്നതെന്നാണ് വാര്‍ത്ത പുറത്തുവിട്ട ദേശീയമാധ്യമമായ ദി വയര്‍ വെളിപ്പെടുത്തിയത്.

സുപ്രീംകോടതി രജിസ്ട്രറിയിലെ ഉദ്യോഗസ്ഥരുടെ നമ്പറും പട്ടികയിലുണ്ടെന്നാണ് വിവരം. നിലവില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനാണ് ജസ്റ്റിസ് അരുണ്‍ മിശ്ര.

2010 സെപ്റ്റംബര്‍ 18 മുതല്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ പേരിലുണ്ടായിരുന്ന നമ്പറാണ് ഇപ്പോള്‍ വിവരങ്ങള്‍ ചോര്‍ന്ന ഫോണുകളുടെ പട്ടികയിലുള്ളത്. എന്നാല്‍ ഈ നമ്പര്‍ താന്‍ 2014-ല്‍ സറണ്ടര്‍ ചെയ്തിരുന്നു എന്നാണ് ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കിയത്. അതിനു ശേഷം ആരാണ് ഈ നമ്പര്‍ ഉപയോഗിച്ചത് എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതിയിലെ ഏറ്റവും തന്ത്രപ്രധാമായ റിട്ട് സെക്ഷനിലെ രണ്ട് രജിസ്ട്രാര്‍മാരുടെ നമ്പറുകള്‍ ഇപ്പോള്‍ പുറത്തുവന്ന പട്ടികയിലുണ്ട്. എന്‍.കെ. ഗാന്ധി, ടി.ഐ. രാജ്പുത് എന്നിവരുടെ നമ്പറുകളാണ് പട്ടികയിലുള്ളത്. ഇതില്‍ എന്‍.കെ. ഗാന്ധി സര്‍വീസില്‍നിന്ന് വിരമിച്ചു. രാജ്പുത് ഇപ്പോഴും സര്‍വീസിലുണ്ട് എന്നാണ് വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel