സ്വര്‍ണ്ണത്തിളക്കമുള്ള വെങ്കലം; ആശംസകള്‍ നേര്‍ന്ന് മന്ത്രിമാര്‍

41 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യന്‍ ഹോക്കി ടീം നേടിയ ചരിത്ര വിജയത്തെ ആഘോഷിക്കുകയാണ് കേരളവും. നാലു പതിറ്റാണ്ടിനുശേഷം ഒളിമ്പിക് മെഡലണിഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ ഹോക്കി. ടോക്യോ ഒളിമ്പിക്സില്‍ ജര്‍മനിയെ നാലിനെതിരേ അഞ്ച് ഗോളിന് തകര്‍ത്താണ് ഇന്ത്യന്‍ പുരുഷ ടീം വെങ്കലം നേടിയത്.

ഒരുവേള ഒന്നിനെതിരേ മൂന്ന് ഗോളിന് പിന്നിട്ടുനിന്നശേഷമാണ് ഇന്ത്യ മൂന്ന് ഗോള്‍ തിരിച്ചടിച്ച് തിരിച്ചുവന്നത്. ഈ നേട്ടത്തിന് ഇന്ത്യ ഏറെ കടപ്പെട്ടിരിക്കുന്നത് ഇന്ത്യന്‍ ഗോള്‍ കീപ്പറും മലയാളിയുമായ പി ആര്‍ ശ്രീജേഷിനോടാണ്. ശ്രീജേഷിലൂടെ കേരളത്തിലേക്ക് 2021 ല്‍ ഒളിമ്പിക് മെഡല്‍ ലഭിക്കുന്നതിന്റെ ആവേശത്തിലാണ് മലയാളികള്‍. ഒളിമ്പിക് ആവേശം ഉള്‍ക്കൊണ്ട് താരങ്ങള്‍ക്കു ആശംസകളുമായി മന്ത്രിമാരും രംഗത്തെത്തിയിരിക്കുകയാണ്.

എല്ലാ ഭാരതീയര്‍ക്കും അഭിമാന നിമിഷമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. അതോടൊപ്പം തന്നെ ഇന്ത്യന്‍ ഹോക്കി ടീമിനെയും വിശിഷ്യാ മലയാളി താരം ശ്രീജേഷിനെയും അഭിനന്ദിച്ചു.

ശ്രീജേഷിലൂടെ മലയാളിക്കാണ് മെഡല്‍ കിട്ടിയതെന്ന് കായികമന്ത്രി വി അബ്ദുറഹിമാന്‍ പ്രതികരിച്ചു. ഇന്ത്യന്‍ ഹോക്കി ടീമിന്റെ അതുല്യ നേട്ടത്തെ അഭിനന്ദിക്കാനും മറന്നില്ല അദ്ദേഹം.

‘ഇന്നത്തെ പ്രഭാതം ആവേശകരം. പതിറ്റാണ്ടുകള്‍ക്ക് ശേഷം ഹോക്കിയില്‍ ഇന്ത്യ മെഡല്‍ നേടിയിരിക്കുന്നു. മികച്ച മത്സരമാണ് ഇന്ത്യന്‍ താരങ്ങള്‍ നടത്തിയത്. പ്രത്യേകിച്ച് നമ്മുടെ കേരളത്തിന്റെ പ്രിയപ്പെട്ടവന്‍ ശ്രീജേഷ് ഒരു വന്‍ മതിലായി ഇന്ത്യയെ കാത്തു രക്ഷിച്ചു. അവസാന മിനിറ്റുകളില്‍ പെനാല്‍റ്റികള്‍ ഓരോന്നായി വന്നപ്പോഴും അതിനെ ചെറുത്ത ശ്രീജേഷ് ഇന്ത്യയുടെ അഭിമാനമാണ്. ടീ ഇന്ത്യക്ക് അഭിവാദ്യങ്ങള്‍ നേരുന്നു.’ റവന്യു മന്ത്രി കെ രാജന്‍ ഇങ്ങനെ ഫേസ്ബുക്കില്‍ കുറിച്ചു.

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് ഇങ്ങനെ കുറിച്ചു: ‘ഒളിമ്പിക്‌സ് പുരുഷ ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമിന് അഭിനന്ദനങ്ങള്‍.
1980 ന് ശേഷമാണ് ഇപ്പോള്‍ ഇന്ത്യയ്ക്ക് ഒരു ഒളിപിക്‌സ് മെഡല്‍ ഹോക്കിയില്‍ ലഭിക്കുന്നത്. അതില്‍ നിര്‍ണായകമായത് മലയാളി ഗോള്‍കീപ്പര്‍ ശ്രീജേഷിന്റെ മിന്നുന്ന പ്രകടനമായിരുന്നു. കളി തീരാന്‍ ആറ് സെക്കന്റ് മാത്രമുള്ളപ്പോള്‍ നടത്തിയ ആ സേവ് ഉള്‍പ്പെടെ പി ആര്‍ ശ്രീജേഷ് ഇന്ത്യന്‍ ടീമിന്റെ വന്‍മതിലാവുകയായിരുന്നു.
മലയാളത്തിന്റെ അഭിമാനം ശ്രീജേഷിനും മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിനും ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍..’

1980 മോസ്‌ക്കോ ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയശേഷം ഇതാദ്യമായാണ് ഹോക്കിയില്‍ ഇന്ത്യ ഒളിമ്പിക്സില്‍ ഒരു മെഡല്‍ നേടുന്നത്. ഇന്ത്യയ്ക്ക് വേണ്ടി സിമ്രാന്‍ജീത് സിങ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ രൂപീന്ദര്‍പാല്‍ സിങ്, ഹാര്‍ദിക് സിങ്, ഹര്‍മന്‍പ്രീത് സിങ് എന്നിവരും ലക്ഷ്യം കണ്ടു. ജര്‍മനിയ്ക്കായി ടിമര്‍ ഓറസ്, ബെനെഡിക്റ്റ് ഫര്‍ക്ക്, നിക്ലാസ് വെലെന്‍, ലൂക്കാസ് വിന്‍ഡ്ഫെഡര്‍ എന്നിവര്‍ സ്‌കോര്‍ ചെയ്തു. ഗോള്‍പോസ്റ്റിന് മുന്നില്‍ പാറപോലെ ഉറച്ച് നിന്ന ഗോള്‍കീപ്പറും മലയാളിയുമായ ശ്രീജേഷിന്റെ പ്രകടനങ്ങളും നിര്‍ണായകമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News