ജാമ്യവ്യവസ്ഥയില്‍ ഇളവ്: കാരായി രാജനും കാരായി ചന്ദ്രശേഖരനും ഇനി ജന്മനാട്ടിലേയ്ക്ക് മടങ്ങാം

കാരായി രാജനും കാരായി ചന്ദ്രശേഖരനും ഹൈക്കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചു. എറണാകുളം ജില്ല വിടരുത് എന്ന വ്യവസ്ഥ കോടതി എടുത്തു കളഞ്ഞു. എന്നാല്‍ മൂന്ന് മാസത്തിന് ശേഷം മാത്രമേ ഇളവ് നിലവില്‍ വരൂ. അതുവരെ ഇരുവരും എറണാകുളം ജില്ലയില്‍ തുടരണം. ഇളവ് അനുവദിക്കുന്നതിലുള്ള സി ബി ഐ യുടെ എതിര്‍പ്പ് കോടതി തള്ളി.

എറണാകുളം ജില്ല വിട്ടു പോവരുതെന്ന ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയാണ് ഇരുവരും കോടതിയെ സമീപിച്ചത്.

ഇളവ് അനുവദിക്കരുതെന്ന സിബിഐയുടെ ആവശ്യം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് അശോക് മേനോന്റെ ഉത്തരവ്. എറണാകുളം ജില്ല വിട്ടു പോവരുതെന്ന വ്യവസ്ഥയിലാണ് കോടതി 2013 ല്‍ ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. കേസില്‍ ഹൈക്കോടതി തുടരന്വേഷണം നിര്‍ദേശിച്ചതിനാല്‍ വിചാരണ നീട്ടിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ടന്നും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നത് തടയേണ്ടതില്ലന്നും ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു.

പ്രതികള്‍ വിചാരണ നീട്ടണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും ഇളവ് നല്‍കരുതെന്നുമായിരുന്നു സി ബി ഐയുടെ വാദം.

ഒന്‍പതു വര്‍ഷമായി രാഷ്ടീയ വൈരാഗ്യത്തിന്റെ ഇരകളായി ജന്മനാട്ടില്‍ പോകാന്‍ പോലും കഴിയാതെ രാജനും ചന്ദ്രശേഖരനും തുടരുകയായിരുന്നു. നീണ്ട കാലത്തെ നിയമപോരാട്ടത്തിനൊടുവില്‍ ലഭിച്ച ആശ്വാസമായി കാണാം ഈ ഹൈക്കോടതി വിധിയെ. കടുത്ത മനുഷ്യാവകാശ ലംഘനത്തിന്റെ നേര്‍സാക്ഷ്യങ്ങളായി കേരളമാണസഖിയുടെ മുന്‍പില്‍ ചോദ്യചിഹ്നമാണ് ഇവര്‍. നീതി നിഷേധിക്കപ്പെട്ടവരുടെ രാഷ്ട്രീയ വിജയം കൂടിയാണിത്.

എന്‍ ഡി എഫ് പ്രവര്‍ത്തകന്‍ ഫസല്‍ 2006 ഒക്ടോബര്‍ 22നാണ് തലശേരി സെയ്ദാര്‍ പള്ളിക്ക് സമീപം കൊല്ലപ്പെട്ടത്. ദൃക്സാക്ഷികളില്ലാത്ത കൊലപാതകം. പ്രദേശത്ത് ആര്‍ എസ് എസ് – എന്‍ ഡി എഫ് സംഘര്‍ഷം നിലനിന്നിരുന്നു. കൊലപാതകത്തെ തുടര്‍ന്ന് സമാധാനയോഗത്തില്‍ കൊലപാതകികളായ ആര്‍ എസ് എസുകാര്‍ക്കൊപ്പം ഇരിക്കില്ലെന്ന് പറഞ്ഞ് എന്‍ ഡി എഫ് നേതാക്കള്‍ ഇറങ്ങിപ്പോയി. ആര്‍ എസ് എസാണ് കൊല നടത്തിയതെന്ന് എന്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍ എ സി ജലാലുദ്ദീന്‍ പരസ്യമായി പറഞ്ഞു. എന്നിട്ടും സി പി ഐ എം നേതാക്കളുടെ മേല്‍ കേസ് കെട്ടിവച്ചു.

ഫസല്‍ വധം നടന്ന് മൂന്നു മാസത്തിനുശേഷം തലശേരി മാടപ്പീടികയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ജിജേഷിനെ ആര്‍ എസ് എസുകാര്‍ കൊലപ്പെടുത്തി. എന്‍ ഡി എഫാണ് കൊലയ്ക്ക് പിന്നിലെന്ന് ആര്‍ എസ് എസ് തുടക്കംമുതല്‍ പ്രചരിപ്പിച്ചു. സി പി ഐ എം- എന്‍ ഡി എഫ് സംഘര്‍ഷമില്ലാത്ത പ്രദേശത്ത് എന്‍ ഡി എഫുകാരനെ കൊന്ന് സി പി ഐ എമ്മാണ് കൊല നടത്തിയതെന്നും സി പി ഐ എമ്മുകാരനെ കൊന്ന് എന്‍ ഡി എഫാണ് കൊല നടത്തിയതെന്നും പ്രചരിപ്പിക്കുന്ന പദ്ധതിയാണ് ആര്‍ എസ് എസ് നടപ്പാക്കിയത്.

ആര്‍ എസ് എസുകാര്‍ ഫസലിനെ ഭീഷണിപ്പെടുത്തിയതായി ഫസലിന്റെ ഭാര്യാസഹോദരിയുടെ മകന്‍ നല്‍കിയ മൊഴിയും സി ബി ഐയുടെ കേസ് ഡയറിയില്‍ ഉണ്ടായിരുന്നു. കല്ലില്‍ കത്തിയുരച്ചുകൊണ്ട് പെരുന്നാളിനുമുമ്പ് നിന്നെ വെള്ള പുതപ്പിച്ച് കിടത്തുമെന്ന് ഫസലിനോട് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പറഞ്ഞുവെന്നാണ് മൊഴി. ഇതും മൂടിവയ്ക്കപ്പെട്ടു.2012 ജൂണ്‍ 12ന് സി ബി ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി തലശേരി ഏരിയ സെക്രട്ടറി കാരായി രാജനെയും തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറി കാരായി ചന്ദ്രശേഖരനെയും പ്രതിയാക്കി. എപ്പോള്‍, എവിടെ, ആരുമായി ഗൂഢാലോചന നടത്തിയെന്നതിന് തെളിവുകളൊന്നും നല്‍കാതെയായിരുന്നു കുറ്റം ചാര്‍ത്തല്‍.

2012 ജൂണ്‍ 22ന് ഇരുവരും കോടതിയില്‍ ഹാജരായി. തുടര്‍ന്ന് ഒന്നരവര്‍ഷം ജയില്‍വാസം. 2013 നവംബറില്‍ ജാമ്യം അനുവദിച്ചെങ്കിലും കേട്ടുകേള്‍വി പോലുമില്ലാത്ത വ്യവസ്ഥകളില്‍ ജീവിതം തളയ്ക്കപ്പെട്ടു. പിന്നീട് നല്‍കിയ വിടുതല്‍ ഹര്‍ജിയിലും ജാമ്യവ്യവസ്ഥ റദ്ദാക്കണമെന്നുള്ള ഹര്‍ജിയിലും നടപടിയുണ്ടായില്ല.

കൊല നടത്തിയത് ആര്‍ എസ് എസാണെന്ന് കൃത്യത്തില്‍ പങ്കെടുത്ത ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സുബീഷ് (കുപ്പി സുബീഷ്) പൊലീസിനു മുമ്പില്‍ നടത്തിയ വെളിപ്പെടുത്തലും എവിടെയും പരിഗണിക്കപ്പെടാതെ പോയി. ഒന്നും രണ്ടും ദിവസങ്ങളല്ല ഒമ്പത് വര്‍ഷമാണ് കടന്നുപോയത്. വൈകിക്കിട്ടുന്ന നീതി നിഷേധിക്കപ്പെടുന്ന നീതിയാണെന്ന വാചകം ഈ മനുഷ്യരുടെ അനുഭവത്തിലും സത്യമാകുകയാണ്.

വിചാരണ നടക്കാതെ അനന്തമായി നീളുന്ന കേസ്, ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍നിന്ന് നീക്കം ചെയ്യപ്പെട്ട നാടുകടത്തലിന് സമാനമായ ജാമ്യവ്യവസ്ഥ, കേരളം രൂപീകരിച്ചശേഷം സമാനമായ മറ്റൊരു സംഭവമില്ല. ജാമ്യം എന്നത് കേവലം സാങ്കേതികമായ ഒരു പദം മാത്രമാകുകയാണിവിടെ. ജാമ്യം അനുവദിക്കാതിരിക്കാന്‍ മറ്റ് കാരണങ്ങളൊന്നും കാണാത്തതിനാല്‍ ജാമ്യം അനുവദിച്ചപ്പോഴും അത്യപൂര്‍വ വ്യവസ്ഥകളില്‍ കുരുക്കുകള്‍ മുറുക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News