കൂടുതല്‍ തെളിവുകള്‍ ആവശ്യം; പെഗാസസ് കേസ് സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും

പെഗാസസ് കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി.  അതിന് മുൻപായി ഹർജികളുടെ പക൪പ്പ് കേന്ദ്രസ൪ക്കാറിന് കൈമാറണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. മാധ്യമ പ്രവര്‍ത്തകരായ ശശികുമാര്‍, എന്‍ റാം, ജോണ്‍ ബ്രിട്ടാസ്, ഫോണ്‍ ചോര്‍ത്തലിന് ഇരകളായ അഞ്ച് മാധ്യമ പ്രവര്‍ത്തകര്‍, എഡിറ്റര്‍മാരുടെ സംഘടനയായ എഡിറ്റേഴ്‌സ് ഗില്‍ഡ് എന്നിവരുടേയൊക്കെ ഹര്‍ജികളാണ് ഇന്ന് കോടതിയിലെത്തിയത്.

അതേ സമയം ഫോൺ ചോർത്തലിൽ ജുഡീഷ്യൽ ഇടപെടൽ ഉണ്ടാകണമെന്ന് ജോൺ ബ്രിട്ടാസ് എംപിക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ അഭിഭാഷ മീനാക്ഷി അറോറ ആവശ്യപ്പെട്ടു.

ഇപ്പോൾ മാത്രമല്ല നേരത്തെയും സമാന ആരോപണങ്ങൾ ഉയ൪ന്നിട്ടുണ്ട്. 2019ൽ ആരോപണം ഉയ൪ന്നിട്ട് ആരും ഹർജി നൽകാതിരുന്നത് അദ്ഭുതപ്പെടുത്തുന്നതാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. മാധ്യമവാ൪ത്തകൾക്ക് പുറമെ കൂടുതൽ രേഖകൾ ആവശ്യമാണ്. രണ്ട് രാജ്യങ്ങൾ അന്വേഷണം നടത്തുന്നതിനാൽ ആരോപണത്തിന് വിശ്വാസ്യതയുണ്ടെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ രണ്ടംഗ ബഞ്ച് നിരീക്ഷിച്ചു.

രാജ്യത്ത് പെഗസസ് ഉപയോഗം നടന്നിട്ടുണ്ടെന്ന് സ൪ക്കാ൪ തന്നെ പാ൪ലമെന്റിൽ സമ്മതിച്ചിട്ടും ഇതുവരെ ഇതു സംബന്ധിച്ച ഒരു അന്വേഷണത്തിനും സ൪ക്കാ൪ തയ്യാറായിട്ടില്ല. ഇത് ദുരൂഹതയുണ്ടാക്കുന്നതാണെന്ന് മുതി൪ന്ന അഭിഭാഷകരായ കപിൽ സിബൽ, ശ്യാം ദിവാൻ, മീനാക്ഷി അറോറ എന്നിവ൪ വാദിച്ചു.

അതേസമയം 2 വർഷമായിട്ടും ആരും പരാതി നൽകാത്തത് എന്തുകൊണ്ടെന്ന ചീഫ് ജസ്റ്റിസിന്റെ ആവർത്തിച്ചുള്ള ചോദ്യത്തിന്  2019ന് ശേഷം രണ്ട് വർഷം ഉറങ്ങുകയായിരുന്നില്ലെന്നും ഫോൺ ചോർത്തൽ സംബന്ധിച്ച് 2019 നവംബറിൽ പാർലമെന്റിൽ ചോദ്യം ഉയർന്നിരുന്നുവെന്നും ജോൺ ബ്രിട്ടാസ് എംപിക്ക്  വേണ്ടി അഡ്വ മീനാക്ഷി അറോറ വ്യക്തമാക്കി.

മാധ്യമ വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഗൗരവമുള്ള വിഷയമാണെന്ന് നിരീക്ഷിച്ച കോടതി അതേ സമയം കൂടുതല്‍ തെളിവുകള്‍ ആവശ്യമാണെന്നും നിരീക്ഷിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ് നടന്നതെന്നും ഇത് ഭരണഘടന അവകാശങ്ങളുടെ ലംഘനമാണെന്നുമായിരുന്നു ഹര്‍ജികളിലെ പ്രധാന വാദം.

ഒരു റിപ്പബ്ലിക്ക് എന്ന നിലയില്‍ രാജ്യത്തിന്റെ അസ്ഥിത്വത്തിന് തന്നെ ഭീഷണിയാണ് പെഗാസസെന്ന് എന്‍ റാമിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ വാദിച്ചു. വലിയ സാമ്പത്തിക വിനിയോഗം ഇതിന് വേണ്ടി നടന്നിട്ടുണ്ടെന്നും സിബല്‍ കോടതിയില്‍ ആരോപിച്ചു.

എന്‍എസ്ഒ പെഗാസസ് ചാരസോഫ്റ്റ്‌വെയര്‍ വില്‍ക്കുന്നത് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമാണെന്നും സിബല്‍ വാദിച്ചു. റിപ്പോര്‍ടുകളുടെ ആധികാരികത എന്താണെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രധാനപ്പെട്ട ചോദ്യം. ചോര്‍ത്തല്‍ നടന്നെങ്കില്‍ ക്രിമിനല്‍ കേസ് എന്ത് കൊണ്ട് നല്‍കിയില്ലെന്ന് കോടതി ചോദിച്ചപ്പോള്‍ പെഗാസസ് വാങ്ങിയോ ഇല്ലയോ എന്ന ചോദ്യത്തിന് കേന്ദ്ര സര്‍ക്കാരിന് മാത്രമേ ഉത്തരം പറയാനാവൂ എന്നായിരുന്നു മുതിര്‍ന്ന അഭിഭാഷകന്റെ മറുപടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News