പെഗാസസ് വിഷയത്തില്‍ ജോണ്‍ ബ്രിട്ടാസ് എം പിക്ക് വേണ്ടി ഹാജരായി മുതിര്‍ന്ന അഭിഭാഷക മീനാക്ഷി അറോറ

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ ശരിയായ അന്വേഷണം അനിവാര്യമാണെന്ന് ജോണ്‍ ബ്രിട്ടാസ് എം പിക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷക മീനാക്ഷി അറോറ. രാജ്യത്ത് പെഗാസസ് ഉപയോഗം നടന്നിട്ടുണ്ടെന്ന് സര്‍ക്കാര്‍ തന്നെ പാര്‍ലമെന്റില്‍ സമ്മതിച്ചിട്ടും ഇതുവരെ ഇതു സംബന്ധിച്ച ഒരു അന്വേഷണത്തിനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇത് ദുരൂഹതയുണ്ടാക്കുന്നതാണെന്ന് മീനാക്ഷി അറോറ വാദിച്ചു.

2019 നവംബര്‍ 28ന് പാര്‍ലമെന്റില്‍ അന്നത്തെ ഐ ടി മന്ത്രി ശ്രീ രവിശങ്കര്‍ പ്രസാദ് പറഞ്ഞത് രാജ്യത്ത് ആരുടേയും ഫോണ്‍ ചോര്‍ത്തപ്പെട്ടിട്ടില്ലെന്നും നിയമലംഘനം തെളിഞ്ഞാല്‍ നടപടിയുണ്ടാകുമെന്നുമാണ്. സുപ്രീം കോടതിയില്‍ വാദത്തിനിടെ ഐ ടി മന്ത്രിയുടെ ഈ പ്രസ്താവനയും അറോറ ചൂണ്ടിക്കാട്ടുകയുണ്ടായി.

അതോടൊപ്പം തന്നെ ചോദ്യങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള ഐ ടി മന്ത്രിയുടെ ഒളിച്ചുകളിയും അറോറ കോടതിയില്‍ പറഞ്ഞു. അനധികൃത നുഴഞ്ഞു കയറ്റം ഇല്ലെന്നു വാദിച്ച് അതിനെ അംഗീകൃതമാക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും അവര്‍ പറഞ്ഞു. ഒരു എം പിയെന്ന നിലയിലും കൈരളി ചാനലിന്റെ ഡയറക്ടര്‍ എന്ന നിലയിലും ഹര്‍ജിക്കാരന്റെ ആശങ്കകള്‍ വസ്തുതാപരമാണെന്നും ശ്രീമതി അറോറ വാദിച്ചു.

ഇസ്രയേല്‍ നിര്‍മ്മിത സ്‌പൈവെയറായ പെഗാസസ് ഉപയോഗിച്ചുള്ള ചാരവൃത്തിയില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ ഗുരുതര സ്വഭാവമുള്ളതും ആശങ്കപ്പെടുത്തുന്നതുമാണെന്ന് സുപ്രീം കോടതി. വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ അടുത്ത ചൊവ്വാഴ്ച മുതല്‍ വാദം കേള്‍ക്കും. ഹര്‍ജികളുടെ പകര്‍പ്പ് കേന്ദ്രസര്‍ക്കാറിന് കൈമാറണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

മാധ്യമവാര്‍ത്തകള്‍ക്ക് പുറമെ കൂടുതല്‍ രേഖകള്‍ ആവശ്യമാണ്. രണ്ട് രാജ്യങ്ങള്‍ അന്വേഷണം നടത്തുന്നതിനാല്‍ ആരോപണത്തിന് വിശ്വാസ്യതയുണ്ടെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ രണ്ടംഗ ബഞ്ച് നിരീക്ഷിച്ചു. ഹര്‍ജിയുടെ പകര്‍പ്പ് കേന്ദ്രസര്‍ക്കാരിന് കൈമാറണമെന്ന് നിര്‍ദ്ദേശിച്ച കോടതി ചൊവ്വാഴ്ച മുതല്‍ വാദം കേള്‍ക്കാമെന്ന് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News