ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ അത്ഭുത സിദ്ധി ഉറപ്പ്; ആള്‍ദൈവം പിടിയില്‍

ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ അത്ഭുത സിദ്ധി ഉറപ്പെന്ന് പറഞ്ഞ് സ്ത്രീകളെ ചൂഷണം ചെയ്ത സ്വയംപ്രഖ്യാപിത ആള്‍ദൈവം പിടിയില്‍.
തങ്ങളെ പറഞ്ഞ് പറ്റിച്ച് ലൈംഗികമായി ചൂഷണം ചെയ്‌തെന്ന നിരവധി സ്ത്രീകളുടെ പരാതിയിലാണ് കള്ള ആള്‍ ദൈവത്തെ പൊലീസ് പൊക്കിയത്.

പരാതിയേത്തുടര്‍ന്ന് തെലങ്കാനയിലെ പി എ പള്ളി മണ്ഡലില്‍ പ്രവര്‍ത്തിക്കുന്ന ശ്രീസായി മാനസി ചാരിറ്റബിള്‍ ട്രസ്റ്റ് ആശ്രമം പൊലീസ് കഴിഞ്ഞ ദിവസം റെയ്ഡ് ചെയ്തു. തൊട്ടുപിന്നാലെ കള്ളസ്വാമിയും കൂട്ടരും പിടിയിലായത്. നിരവധി സ്ത്രീകളാണ് തങ്ങളെ ഇയാള്‍ വഞ്ചിച്ചുവെന്നാരോപിച്ച് രംഗത്തെത്തിയത്.

സ്വയം പ്രഖ്യാപിത ആള്‍ദൈവമായ വിശ്വ ചൈതന്യ സ്വാമിക്കെതിരേ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയാണ് പോലീസിന് ലഭിച്ചത്. 11 സ്ത്രീകളെയാണ് ഇയാള്‍ ഇതിനോടകം ലൈംഗികമായി ചൂഷണം ചെയ്തതെന്നാണ് പ്രാഥമിക വിവരം. താനുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ അത്ഭുതസിദ്ധി ലഭിക്കുമെന്ന് സ്ത്രീകളെ പറഞ്ഞു പറ്റിച്ചായിരുന്നു ചൂഷണത്തിനിരയാക്കിയിരുന്നത്.

പൊലീസ് നടത്തിയ റെയ്ഡില്‍ ആശ്രമത്തില്‍നിന്ന് 26 ലക്ഷം രൂപയും 500 ഗ്രാം സ്വര്‍ണവും സ്ഥിരനിക്ഷേപങ്ങളുടെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇതിനുപുറമേ 17 ഏക്കറോളം വരുന്ന ഭൂമിയുടെ രേഖകളും ഏഴ് ലാപ്ടോപ്പുകളും നാല് മൊബൈല്‍ ഫോണുകളും ഒരു കാറും പൂജാസാധനങ്ങളും ചില വ്യാജ മരുന്നുകളും പൊലീസ് പിടിച്ചെടുത്തു. രണ്ടാം ഭാര്യയുടെ പേരില്‍ ഇയാള്‍ക്ക് 1.3 കോടി രൂപയുടെ സ്ഥിരനിക്ഷേപമുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഹൈദരാബാദില്‍ ജനിച്ചുവളര്‍ന്ന വിശ്വചൈതന്യ സ്വാമി ബി.ടെക്ക് ബിരുദധാരിയാണെന്നാണ് പോലീസ് പറയുന്നത്. പഠനത്തിന് ശേഷം ഹൈദരാബാദില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി ജോലിചെയ്തിരുന്നതായും വിവരമുണ്ട്. ഇതിനിടെ ഹൈദരാബാദിലെ നമ്പള്ളി പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരേ ഒരു കോടി രൂപയുടെ വഞ്ചനാക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ അറസ്റ്റിലായി 20 ദിവസം ജയിലില്‍ കഴിയുകയും ചെയ്തു.

സാമ്പത്തികമായി ഉയര്‍ന്നനിലയിലുള്ള കുടുംബങ്ങളെയാണ് പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ഇവരെ നിരന്തരമായി സന്ദര്‍ശിച്ച് തന്റെ അനുയായികളാക്കി മാറ്റി. ഉന്നത കുടുംബങ്ങളിലെ സ്ത്രീകളുമായും അടുപ്പം സ്ഥാപിച്ചു. ഇവരില്‍നിന്ന് സംഭാവനയെന്ന പേരില്‍ വന്‍തുകകളും കൈക്കലാക്കി. ഇതിനുപുറമേ വ്യാജ ഔഷധ വില്‍പ്പനയും ഇയാള്‍ക്കുണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News