ഹർജിക്കാരൻ, എം പി, മാധ്യമപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പെഗാസസ് വിഷയം സുപ്രീം കോടതി പരിഗണിക്കുന്നത് സ്വാഗതാര്‍ഹം; ജോണ്‍ ബ്രിട്ടാസ് എം പി

ഒരു ഹര്‍ജിക്കാരനും എംപിയും മാധ്യമപ്രവര്‍ത്തകനും എന്ന നിലയില്‍ പെഗാസസ് വിഷയത്തെ സംബന്ധിച്ച കേസ് തൊട്ടടുത്ത ദിവസം തന്നെ സുപ്രീം കോടതി പരിഗണിക്കുന്നത് ഏറെ സ്വാഗതാര്‍ഹമായ കാര്യമാണെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. ഇന്നേക്ക് മൂന്നാം പ്രവര്‍ത്തി ദിനത്തില്‍ തന്നെ കേസ് പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായ നിലപാടിനെയാണ് താന്‍ സ്വാഗതം ചെയ്യുന്നത്.

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ വ്യാഴാഴ്ച കേന്ദ്രത്തിന്‍റെ വിശദീകരണം കേള്‍ക്കാനിരിക്കെയാണ് സുപ്രീം കോടതിയുടെ നടപടിയെ സ്വാഗതം ചെയ്ത് ജോണ്‍ ബ്രിട്ടാസ് എം പി രംഗത്തെത്തിയിരിക്കുന്നത്. ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് നിരീക്ഷണം നടന്നിട്ടുണ്ട് എങ്കില്‍ ആരോപണങ്ങള്‍ അതീവ ഗുരുതരമാണ് എന്ന് കേസ് പരിഗണിച്ചപ്പോള്‍ ആമുഖമായി തന്നെ സുപ്രീം കോടതി നിരീക്ഷിച്ചു.

കേന്ദ്രസര്‍ക്കാര്‍ പെഗാസസ് സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന്  ഒഴിഞ്ഞുമാറിക്കൊണ്ടിരിക്കുമ്പോള്‍ ഒരു രാജ്യസഭ അംഗമെന്ന നിലയില്‍ സുപ്രീംകോടതിയുടെ മുന്നില്‍ വിഷയം കൊണ്ടുവരികയും വിശദീകരിക്കുകയും ചെയ്യേണ്ടതുണ്ടെന്നും ജോണ്‍ ബ്രിട്ടാസ് എംപി പ്രതികരിച്ചു. വിഷയം ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ പരിഗണനയിലേക്ക് എത്തിയതോടെ മറുപടി പറയാന്‍ കേന്ദ്ര സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പെഗാസസ് വിഷയത്തില്‍ ജോണ്‍ബ്രിട്ടാസ് എം പി സമര്‍പ്പിച്ച ഹര്‍ജിയില്‍ മുതിര്‍ന്ന അഭിഭാഷക മീനാക്ഷി അറോറ സുപ്രീംകോടതിയില്‍ ഇന്ന് ഹാജരായിരുന്നു. വിശദമായ വാദം കേട്ടശേഷം കേസ് ഇന്നേക്ക് മൂന്നാം പ്രവര്‍ത്തി ദിനത്തിലേക്ക് മാറ്റിവെച്ചു.

രാജ്യത്ത് പെഗാസസ് ഉപയോഗം നടന്നിട്ടുണ്ടെന്ന് സര്‍ക്കാര്‍ തന്നെ പാര്‍ലമെന്റില്‍ സമ്മതിച്ചിട്ടും ഇതുവരെ ഇതു സംബന്ധിച്ച ഒരു അന്വേഷണത്തിനും സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും ഇത് ദുരൂഹതയുണ്ടാക്കുന്നതാണെന്നും മീനാക്ഷി അറോറ സുപ്രീം കോടതിയില്‍ വാദിച്ചു.

2019 നവംബര്‍ 28ന് പാര്‍ലമെന്റില്‍ അന്നത്തെ ഐ ടി മന്ത്രി ശ്രീ രവിശങ്കര്‍ പ്രസാദ് പറഞ്ഞത് രാജ്യത്ത് ആരുടേയും ഫോണ്‍ ചോര്‍ത്തപ്പെട്ടിട്ടില്ലെന്നും നിയമലംഘനം തെളിഞ്ഞാല്‍ നടപടിയുണ്ടാകുമെന്നുമാണ്. സുപ്രീം കോടതിയില്‍ വാദത്തിനിടെ ഐ ടി മന്ത്രിയുടെ ഈ പ്രസ്താവനയും അറോറ ചൂണ്ടിക്കാട്ടുകയുണ്ടായി.

അതോടൊപ്പം തന്നെ ചോദ്യങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള ഐ ടി മന്ത്രിയുടെ ഒളിച്ചുകളിയും അറോറ കോടതിയില്‍ പറഞ്ഞു. അനധികൃത നുഴഞ്ഞു കയറ്റം ഇല്ലെന്നു വാദിച്ച് അതിനെ അംഗീകൃതമാക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും അവര്‍ പറഞ്ഞു. ഒരു എം പിയെന്ന നിലയിലും കൈരളി ചാനലിന്‍റെ ഡയറക്ടര്‍ എന്ന നിലയിലും ഹര്‍ജിക്കാരന്‍റെ ആശങ്കകള്‍ വസ്തുതാപരമാണെന്നും ശ്രീമതി അറോറ വാദിച്ചു.

ഇസ്രയേല്‍ നിര്‍മ്മിത സ്പൈവെയറായ പെഗാസസ് ഉപയോഗിച്ചുള്ള ചാരവൃത്തിയില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ ഗുരുതര സ്വഭാവമുള്ളതും ആശങ്കപ്പെടുത്തുന്നതുമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ അടുത്ത ചൊവ്വാഴ്ച മുതല്‍ വാദം കേള്‍ക്കും. ഹര്‍ജികളുടെ പകര്‍പ്പ് കേന്ദ്രസര്‍ക്കാറിന് കൈമാറണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

മാധ്യമ വാര്‍ത്തകള്‍ക്ക് പുറമെ കൂടുതല്‍ രേഖകള്‍ ആവശ്യമാണ്. രണ്ട് രാജ്യങ്ങള്‍ അന്വേഷണം നടത്തുന്നതിനാല്‍ ആരോപണത്തിന് വിശ്വാസ്യതയുണ്ടെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ രണ്ടംഗ ബഞ്ച് നിരീക്ഷിച്ചു. ഹര്‍ജിയുടെ പകര്‍പ്പ് കേന്ദ്രസര്‍ക്കാരിന് കൈമാറണമെന്ന് നിര്‍ദ്ദേശിച്ച കോടതി ചൊവ്വാഴ്ച മുതല്‍ വാദം കേള്‍ക്കാമെന്ന് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here