തുടർച്ചയായ പാർലമെന്‍റ് സ്തംഭനത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് ഇടതുപക്ഷ എം പിമാർ. സഭ സ്തംഭനം ഒഴിവാക്കാതെ പ്രതിഷേധങ്ങളുടെ മറവിൽ ബില്ലുകൾ പാസാക്കുകയാണ് കേന്ദ്രസർക്കാർ അജണ്ടയെന്നും ജനാധിപത്യത്തെ മോദി സർക്കാർ നോക്കുകുത്തിയാക്കുകയാണെന്നും എംപിമാർ വിമർശിച്ചു. ബില്ലിന്മേൽ ചർച്ചക്ക് പോലും പ്രതിപക്ഷ അംഗങ്ങൾക്ക് അനുമതി നൽകിയില്ലെന്നും പ്രതിഷേധം കൂടുതൽ ശക്തമാകണമെന്നും എംപിമാർ ചൂണ്ടിക്കാട്ടി.
13 ദിവസങ്ങളായി സഭ സ്തംഭിച്ചിട്ടും സ്തംഭനം ഒഴിവാക്കാനുള്ള ഒരു നീക്കവും കേന്ദ്രസർക്കാർ നടത്തുന്നില്ലെന്നും പ്രതിപക്ഷ കക്ഷി നേതാക്കളുമായി സഭയുടെ നടത്തിപ്പ് സംബന്ധിച്ചു ചർച്ച നടത്താൻ പോലും സഭ അധ്യക്ഷന്മാരോ പാർലമെന്‍ററികാര്യ മന്ത്രിയോ തയ്യാറാകുന്നില്ലെന്നും എംപിമാർ വിമർശിച്ചു. പ്രതിപക്ഷ പ്രതിഷേധം മറയാക്കി മോദി സർക്കാരിന് ആവശ്യമുള്ള ബില്ലുകൾ പാസാക്കുകയാണ് ചെയ്യുന്നത്. ബില്ലിന്മേൽ ചർച്ചക്ക് പോലും പ്രതിപക്ഷ അംഗങ്ങളെ അനുവദിക്കുന്നില്ലെന്നും സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരിം എം പി ചൂണ്ടിക്കാട്ടി.
ഓർഡിനൻസ് ഫാക്ടറികളെ സ്വകാര്യവല്‍ക്കരിക്കുന്നതിന്‍റെ ഭാഗമായി പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ പണിമുടക്ക് നിരോധിക്കുന്ന എസെൻഷ്യൽ ഡിഫൻസ് സർവീസ് ബില്ലാണ് ഇത്തരത്തിൽ പാസാക്കിയത്. ജനാധിപത്യത്തെ നോക്കുകുത്തിയാക്കുകയാണെന്നും എളമരം കരിം എംപി വിമർശിച്ചു.
സഭ സമ്മേളനം തുടങ്ങുന്നതിന് മുന്നേ ഏത് വിഷയവും ചർച്ച ചെയ്യാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞെങ്കിലും ഇതുവരെയും വാക്ക് പാലിക്കാൻ തയ്യാറായിട്ടില്ലെന്ന് ബിനോയ് വിശ്വം എംപിയും വ്യക്തമാക്കി.. എംപിമാരായ എം വി ശ്രേയാംസ്കുമാർ, കെ സോമപ്രസാദ്, ജോണ്‍ ബ്രിട്ടാസ്, വി ശിവദാസൻ, എ എം ആരീഫ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.