50 വര്‍ഷങ്ങള്‍, 400 ലേറെ ചിത്രങ്ങള്‍; നടനവിസ്മയത്തിന്റെ അരനൂറ്റാണ്ട്

മലയാളിയുടെ കാഴ്ചയുടെ ശീലമായി മാറിയ മമ്മൂട്ടിക്ക് വെള്ളിത്തിരയില്‍ പ്രായം 50. തീരാമോഹത്തോടെ സിനിമയെ പ്രണയിച്ച ഒരു കൗമാരക്കാരനില്‍ നിന്നും മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായി മാറിയ കഥയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് പറയാനുള്ളത്. മൂന്നു ദേശീയ അവാര്‍ഡുകളും പത്മശ്രീയും നേടി ‘മഹാനടന്‍’ എന്ന ഖ്യാതി നേടിയെടുത്ത വ്യക്തിത്വമാണ് മമ്മൂട്ടിയുടേത്. ഇപ്പോഴിതാ, അഭിനയത്തില്‍ അഞ്ച് പതിറ്റാണ്ട് പിന്നിടുകയാണ് മമ്മൂട്ടിയെന്ന പകരക്കാരനില്ലാത്ത ഇതിഹാസം.

പേരോ സംഭാഷണമോ ഇല്ലാതെ ആള്‍ക്കൂട്ടത്തിലൊരാളായി വെള്ളിത്തിരയില്‍നിന്ന് പി എ മുഹമ്മദ് കുട്ടി എത്തിനോക്കിയത് 1971 ആഗസ്ത് ആറിന്. ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ അന്നാണ് റിലീസ് ചെയ്തത്. ഫാക്ടറി ഗുണ്ടകള്‍ പെട്ടിക്കട തല്ലിത്തകര്‍ത്തത് കണ്ട് നെഞ്ചുപൊട്ടിനില്‍ക്കുന്ന ഹംസയുടെ (ബഹദൂര്‍) പുറകില്‍ അന്തിച്ചുനില്‍ക്കുന്ന മീശ പൊടിച്ചുതുടങ്ങിയ ചെറുപ്പക്കാരനായ തൊഴിലാളി. സെക്കന്‍ഡുകള്‍മാത്രമുള്ള ഒറ്റ ഷോട്ട്.

അഭിനയചക്രവര്‍ത്തി സത്യന്റെ വിടവാങ്ങല്‍ ചിത്രം മമ്മൂട്ടിയുടെ അരങ്ങേറ്റ ചിത്രമായി. ഉറങ്ങിക്കിടന്ന സത്യന്റെ കാല്‍ ആരും കാണാതെ തൊട്ട് വന്ദിച്ചാണ് കെ എസ് സേതുമാധവനും മെല്ലി ഇറാനിയും ഒരുക്കിവച്ച ഫ്രെയിമിലേക്ക് ഓടിക്കിതച്ച് എത്തിയതെന്ന് വെളിപ്പെടുത്തിയിട്ടുണ്ട് താരം. സത്യനും പ്രേം നസീറും ഷീലയുമെല്ലാം പ്രധാനവേഷങ്ങളെ അവതരിപ്പിച്ച ആ ചിത്രത്തില്‍ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്.

വെള്ളിത്തിരയിലെ ആദ്യമായി ഞാന്‍ പ്രത്യക്ഷപ്പെട്ടതിന്റെ ഒരോര്‍മ്മയും അടുത്തിടെ മമ്മൂട്ടി ആരാധകരുമായി പങ്കിട്ടിരുന്നു. ആദ്യചിത്രത്തില്‍ തന്നെ സത്യന്‍ മാസ്റ്റര്‍ക്കൊപ്പം അഭിനയിക്കാനായത് അപൂര്‍വ്വഭാഗ്യമായി താന്‍ കരുതുന്നു എന്നാണ് മമ്മൂട്ടി കുറിച്ചത്. ഷോട്ടിന്റെ ഇടവേളയില്‍ മയങ്ങുന്ന സത്യന്‍ മാസ്റ്ററുടെ കാല്‍ തൊട്ട് വണങ്ങിയാണ് മമ്മൂട്ടി എന്ന നടന്‍ സിനിമയുടെ വിസ്മയലോകത്തേക്ക് കാലെടുത്തുവയ്ക്കുന്നത്.

രണ്ടാംചിത്രം നസീറിനൊപ്പം കടത്തുകാരനായി, കാലചക്രം(1973). പ്രവചനാത്മകമായ ചോദ്യമാണ് നസീര്‍ ചെറുപ്പക്കാരനായ വള്ളക്കാരനോട് ചോദിക്കുന്നത്. ‘എനിക്കു പകരം വന്ന ആളാണല്ലേ… ‘ഒരുപക്ഷേ, നസീര്‍ കഴിഞ്ഞാല്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ നായകവേഷം ചെയ്തത് മമ്മൂട്ടിയാകും. എം ടിയുടെ ദേവലോകം (1979) നയകനായ ആദ്യചിത്രം. പക്ഷേ, സിനിമ മുടങ്ങി. എം ടി എഴുതി ആസാദ് സംവിധാനം ചെയ്ത വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ (1980) ആണ് ഒരു നടന്റെ വരവറിയിച്ചത്. വൈവിധ്യപൂര്‍ണമായ അഭിനയസഞ്ചാരത്തിന്റെ യഥാര്‍ഥ തുടക്കം അവിടെനിന്ന്. പിന്നീടിങ്ങോട്ട് തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി നാനൂറോളം ചിത്രം.

പത്മശ്രീ, മികച്ച നടനുള്ള ദേശീയ – സംസ്ഥാന പുരസ്‌കാരങ്ങള്‍ (മൂന്ന് ദേശീയ അവാര്‍ഡുകളും ഏഴ് സംസ്ഥാന പുരസ്‌കാരവും), ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍, കേരള – കാലിക്കറ്റ് സര്‍വകലാശാലകളില്‍ നിന്നും ഡോക്ടറേറ്റ് എന്നിങ്ങനെ നിരവധിയേറെ പുരസ്‌കാരങ്ങള്‍.

സിനിമാസ്വാദകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി വേഷപ്പകര്‍ച്ചകള്‍. കുടുംബനാഥനായും രാഷ്ട്രീയക്കാരനായും പൊലീസുകാരനായും കള്ളക്കടത്തുകാരനായും ജേര്‍ണലിസ്റ്റായും മാഷായും സാഹിത്യകാരനായും അടിയാനായും ഭൂതമായും ചരിത്രപുരുഷനായും അങ്ങനെ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍. ഒരേ സിനിമയില്‍ മൂന്നു കഥാപാത്രങ്ങളായി വരെ വേഷപ്പകര്‍ച്ച നടത്തി അത്ഭുതപ്പെടുത്തിയിട്ടുണ്ട് മമ്മൂട്ടിയിലെ നടന്‍. മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പെടെയുള്ള യുവതലമുറയുടെ കാലത്തും മമ്മൂട്ടിക്കായുള്ള കഥകള്‍ അണിയറയില്‍ ഒരുങ്ങുകയാണ്.

സിനിമയുടെ മുഖ്യധാരയില്‍ സൂപ്പര്‍താര പരിവേഷം ഏറ്റുവാങ്ങുമ്പോള്‍ത്തന്നെ സമാന്തരധാരയിലും സജീവം. കരിയറിന്റെ എല്ലാ ഘട്ടത്തിലും നവാഗത സംവിധായകരെ പ്രോത്സാഹിപ്പിച്ചു. ശൈലീകൃത അഭിനയത്തിന്റെ സൗന്ദര്യസാധ്യത ഇത്രയേറെ പ്രയോജനപ്പെടുത്തിയ ഇന്ത്യന്‍താരമില്ല. കഥാപാത്രത്തിന്റെ സംഭാഷണശൈലിയും ശരീരഭാഷയും പ്രായാവസ്ഥയുമെല്ലാം അസൂയപ്പെടുത്തുന്ന കൃത്യതയോടെ പകര്‍ത്തിവച്ചു. ആഭിജാത രൂപങ്ങള്‍ മാത്രമല്ല, സമൂഹത്തിന്റെ പുറമ്പോക്ക് ജന്മങ്ങളും അഭിനയശരീരത്തിന് വഴങ്ങി. അംബേദ്കറായുള്ള പരകായപ്രവേശനത്തിനാണ് ഒടുവില്‍ ദേശീയ പുരസ്‌കാരം ലഭിച്ചത്. മൂന്ന് ദേശീയപുരസ്‌കാരം, മികച്ച നടന് അഞ്ചുതവണ അടക്കം ഏഴ് സംസ്ഥാന പുരസ്‌കാരം. കേരള, കലിക്കറ്റ് സര്‍വകലാശാലകളുടെ ഡിലിറ്റ്, പത്മശ്രീ അങ്ങനെ എണ്ണമറ്റ അംഗീകാരങ്ങള്‍.

പക്ഷേ, കടന്നുവന്ന അഞ്ചു പതിറ്റാണ്ടുകളോ കഥാപാത്രങ്ങളോ ഒന്നും മമ്മൂട്ടി എന്ന നടന് അഭിനയത്തോടുള്ള അഭിനിവേശം കെടുത്തുന്നില്ല. ഇപ്പോഴും സിനിമയെന്നാല്‍ മമ്മൂട്ടിയ്ക്ക് ഒരു വികാരമാണ്. തീരാമോഹത്തോടെ, താരജാഢയില്ലാതെ കഥാപാത്രങ്ങളെ തേടി അങ്ങോട്ട് ചെല്ലാന്‍ പോലും മടികാണിക്കാത്ത നടനാണ് മമ്മൂട്ടിയെന്ന് അദ്ദേഹത്തിന്റെ സമകാലികരായ സംവിധായകര്‍ പലയാവര്‍ത്തി സാക്ഷ്യം പറഞ്ഞിട്ടുള്ള കാര്യമാണ്.

മലയാളത്തില്‍ ഏറ്റവുമധികം പുതുമുഖ സംവിധായകര്‍ക്ക് അവസരം നല്‍കിയ മറ്റൊരു സൂപ്പര്‍സ്റ്റാര്‍ ഉണ്ടാവില്ല. ലാല്‍ജോസും അമല്‍ നീരദും ആഷിക് അബുവും അന്‍വര്‍ റഷീദുമൊക്കെയായി പല കാലങ്ങളിലായി എഴുപതിലേറെ പുതുമുഖസംവിധായകരാണ് മമ്മൂട്ടി ചിത്രങ്ങളിലൂടെ സംവിധാനരംഗത്തെത്തിയത്. സിനിമയുടെ വലിയ കോട്ടവാതിലുകള്‍ക്കപ്പുറത്ത് പകച്ച് നിന്നിരുന്ന ഈ നവാഗതര്‍ക്കൊക്കെ മമ്മൂട്ടിയെന്ന നടന്‍ നല്‍കിയ ആത്മവിശ്വാസം ചെറുതല്ല.

എന്തുകൊണ്ട് ഇത്രയേറെ നവാഗതരെ പിന്തുണച്ചു എന്നു ചോദ്യത്തിന് ഒരിക്കല്‍ മമ്മൂട്ടി തന്നെ പറഞ്ഞൊരു ഉത്തരമുണ്ട്. ”നവാഗത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് എനിക്കെപ്പോഴും താല്‍പര്യമുള്ള കാര്യമാണ്. കാരണം രസകരമായതെന്തെങ്കിലും അവര്‍ക്ക് തങ്ങളുടെ കഥകളിലൂടെ പറയാനുണ്ടാവുമെന്ന് ഞാന്‍ കരുതുന്നു. എന്നെ സംബന്ധിച്ച് കഥയും തിരക്കഥയുമാണ് പ്രധാനം.” നല്ല കഥകള്‍ തേടി, കഥാപാത്രങ്ങളെ തേടി യാത്ര ചെയ്യാന്‍ ഒട്ടും മടിയില്ലാത്ത മമ്മൂട്ടിയെന്ന നടന്റെ മനസ്സ് തന്നെയാണ് ഈ വാക്കുകളില്‍ പ്രതിഫലിക്കുന്നത്.

കഠിനാധ്വാനം കൊണ്ടും നിരന്തരപരിശ്രമം കൊണ്ടുമാണ് നാല് പതിറ്റാണ്ടായി ഒരേ ഇരിപ്പിടത്തില്‍ മമ്മൂട്ടിയെന്ന മഹാനടന്‍ സ്വസ്ഥമായിരിക്കുന്നത്. ഏറ്റെടുക്കുന്ന വേഷങ്ങളോട് ഈ നടന്‍ കാണിക്കുന്ന ആത്മാര്‍ത്ഥത, ഏത് മേഖലയിലുള്ളവര്‍ക്കും കണ്ട് പഠിക്കാവുന്നതാണ്. കലാപാരമ്പര്യത്തിന്റെ തഴമ്പുകളില്ലാതെയെത്തിയ പി എ മുഹമ്മദ് കുട്ടിയെ മമ്മൂട്ടിയാക്കി പിന്നെ മമ്മൂക്കയാക്കി മനസ്സില്‍ ഫ്രെയിം ചെയ്ത് വയ്ക്കുന്നതില്‍ നിന്നറിയാം മലയാളികള്‍ക്ക് അദ്ദേഹത്തോടുള്ള സ്‌നേഹം.

1951ന് സെപ്റ്റംബര്‍ 7ന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്ത്, ഒരു സാധാരണ കുടുംബത്തില്‍ ഇസ്മയിലിന്റെയും ഫാത്തിമയുടെയും മൂത്ത മകനായിട്ടാണ് മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയുടെ ജനനം. കുടുംബത്തോടൊപ്പം എറണാകുളത്തേക്ക് മാറിയ അദ്ദേഹം, സെന്റ് ആല്‍ബര്‍ട്ട് സ്‌കൂള്‍, ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, മഹാരാജാസ് കോളജ്, എറണാകുളം ഗവ. ലോ കോളേജ് എന്നിവിടങ്ങിളില്‍ നിന്നായി പഠനം പൂര്‍ത്തിയാക്കി. നിയമപഠനത്തിന് ശേഷം രണ്ട് വര്‍ഷം മഞ്ചേരിയില്‍ അഭിഭാഷകനായി ജോലി നോക്കി. 1980ലായിരുന്നു സുല്‍ഫത്തുമായുളള വിവാഹം.

‘അനുഭവങ്ങള്‍ പാളിച്ചകളില്‍’ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാനായെങ്കിലും സംഭാഷണമുള്ള വേഷം ലഭിച്ചത്, 1973ല്‍ പുറത്തിറങ്ങിയ ‘കാലചക്രം’ എന്ന സിനിമയിലാണ്. 1980ല്‍ ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍’ എന്ന ചിത്രത്തിലാണ് ഒരു പ്രധാന വേഷം ചെയ്യുന്നത്. എം ടി വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി ആസാദ് സംവിധാനം ചെയ്ത ഈ സിനിമയില്‍ അഭിനയിക്കുമ്പോഴാണ്, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, മുഹമ്മദ് കുട്ടിയ്ക്ക് മമ്മൂട്ടിയെന്ന പേര് നിര്‍ദ്ദേശിച്ചത്. ഈ സിനിമയില്‍ മമ്മൂട്ടിയ്ക്ക് ശബ്ദം നല്‍കിയത് ശ്രീനിവാസനാണ്. 1980ല്‍ ഇറങ്ങിയ കെ ജി ജോര്‍ജ്ജിന്റെ ‘മേള ‘എന്ന സിനിമയിലാണ് ഒരു മുഴുനീള വേഷം ലഭിക്കുന്നത്. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

എണ്‍പതുകളിലെ സംവിധായകര്‍ തുടങ്ങി ന്യൂജെന്‍ സംവിധായകര്‍ വരെ ഏല്‍പ്പിക്കുന്ന കഥാപാത്രങ്ങളെ ഏറ്റവും ഭംഗിയാക്കാന്‍ ശ്രമിക്കുന്ന ആളാണ് മമ്മൂട്ടി. മമ്മൂട്ടിയെന്ന നടന്റെ ഏറ്റവും വലിയ കരുത്ത് എന്നു പറയാവുന്ന? ഒന്ന് അദ്ദേഹത്തിന്റെ സൗണ്ട് മോഡുലേഷന്‍ തന്നെയാണ്. ഓരോ സന്ദര്‍ഭങ്ങളിലും ആവശ്യമായ ഇമോഷന്‍സ് നൂറുശതമാനം കൊടുക്കുന്നതിലും അതിന് അനുസരിച്ച് ശബ്ദത്തില്‍ മാറ്റം കൊണ്ടുവരാനും മമ്മൂട്ടിയോളം പോന്ന പ്രതിഭകള്‍ കുറവാണ്. തീപ്പൊരി സംഭാഷണങ്ങള്‍ മുതല്‍ അതിദയനീയമായ മനുഷ്യാവസ്ഥകളെ വരെ മമ്മൂട്ടി സംഭാഷണങ്ങളിലൂടെ അവതരിപ്പിക്കുമ്പോള്‍ അത് പെര്‍ഫെക്റ്റായിരിക്കും.

സൗണ്ട് മോഡുലേഷന്‍ മാത്രമല്ല, പ്രാദേശിക ഭാഷകളെ അതിന്റെ തനിമയോടെ അവതരിപ്പിക്കുന്നതിലും പുതിയകാലത്തിന്റെ അഭിനേതാക്കള്‍ക്ക് മമ്മൂട്ടി ഒരു ടെക്സ്റ്റ് ബുക്കാണ്. അതാത് ദേശങ്ങളുടെ, ഭാഷയുടെ മര്‍മ്മം ഉള്‍കൊണ്ടാണ് മമ്മൂട്ടി തന്റെ ചിത്രങ്ങളില്‍ പ്രാദേശിക ഭാഷകള്‍ അവതരിപ്പിക്കുക. കേരളത്തിലെ പതിനാലു ജില്ലകളിലെ ഭാഷകളും ഭാഷാശൈലിയും തന്റെ കയ്യില്‍ ഭദ്രമാണെന്ന് മമ്മൂട്ടി തന്റെ കഥാപാത്രങ്ങളിലൂടെ പലയാവര്‍ത്തി തെളിയിച്ചിട്ടുണ്ട്.

തൃശൂര്‍ക്കാരന്‍ പ്രാഞ്ചിയേട്ടന്‍, കോട്ടയത്തുകാരന്‍ കുഞ്ഞച്ചന്‍, വടക്കന്‍ വീരഗാഥയിലെ ചന്തു, ‘തിരോന്തരം’ മലയാളം പറയുന്ന രാജമാണിക്യം, ലൗഡ് സ്പീക്കറിലെ തോപ്രാംകുടിക്കാരന്‍ ഫിലിപ്പോസ്, ചട്ടമ്പിനാടിലെ പാതി മലയാളിയും പാതി കന്നടക്കാരനുമായ മല്ലയ്യ, പാലേരിമാണിക്യത്തിലെ മുരിക്കന്‍കുന്നത്ത് അഹമ്മദ് ഹാജി, വിധേയനിലെ ഭാസ്‌കരപട്ടേലര്‍, അമരത്തിലെ അച്ചൂട്ടി, കമ്മത്ത് & കമ്മത്തിലെ രാജ രാജ കമ്മത്ത്, പുത്തന്‍ പണത്തിലെ നിത്യാനന്ദ ഷേണായി എന്നിങ്ങനെ നീളുകയാണ് ആ ലിസ്റ്റ്. തന്നെ തേടിയെത്തുന്ന കഥാപാത്രങ്ങളുടെ ജീവിതപരിസരവും ഭൂമിശാസ്ത്രവും മനശാസ്ത്രവും ഭാഷയുമെല്ലാം തേടി നിരന്തരം അന്വേഷണങ്ങളില്‍ മുഴുകുന്ന, പൂര്‍ണതയ്ക്കായി എത്ര കഠിനാധ്വാനം ചെയ്യാനും മടിയില്ലാത്ത ഈ നടനു മുന്നില്‍ ഭാഷയുടെയും ദേശങ്ങളുടെയും അതിരുകളില്ല. അതുകൊണ്ടുതന്നെയാവാം, മലയാളികള്‍ക്കൊപ്പം തെന്നിന്ത്യ മുഴുവനും ഈ നടനെ ആരാധിക്കുന്നത്, ബഹുമാനം കൊണ്ട് മൂടുന്നത്.

അഭിനയവര്‍ഷങ്ങളുടെ എണ്ണമെടുത്തുള്ള ആഘോഷങ്ങളില്‍നിന്ന് എല്ലായ്പോഴും ഒഴിഞ്ഞുനിന്ന താരം ജീവകാരുണ്യ പ്രവര്‍ത്തനരം?ഗത്ത് സജീവമെങ്കിലും ഒന്നിനും കൊട്ടിഘോഷങ്ങളില്ല. അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണ് മുന്നോട്ട് നയിക്കുന്നത്. അടുത്തിടെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയപ്പോള്‍ ‘ഇനി സംവിധാനത്തിലേക്ക് കടന്നുകൂടേ’ എന്ന ചോദ്യമുയര്‍ന്നു. എഴുപതിലെത്തിനില്‍ക്കുന്ന മലയാളത്തിന്റെ ‘നിത്യഹരിത യൗവനം’ ഇങ്ങനെ മറുപടി നല്‍കി, ”എന്റെ അഭിനയം ഇതുവരെ ശരിയായിട്ടില്ല, ആദ്യം അത് നേരെയാകട്ടെ എന്നിട്ടാകാം സംവിധാനവും മറ്റും.”

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here