കെ മുരളീധരന്‍ കെ പി സി സിയുടെ പ്രചാരണ സമിതി ചെയര്‍മാന്‍

കെ മുരളീധരനെ കെ പി സി സിയുടെ പ്രചാരണ സമിതി ചെയര്‍മാനായി ഹൈക്കമാന്‍ഡ് നിയമിച്ചു. ഇത് രണ്ടാം തവണയാണ് മുരളീധരന്‍ കെ പി സി സിയുടെ പ്രചാരണ സമിതി ചെയര്‍മാനായി നിയമിതനാകുന്നത്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പും മുരളീധരനായിരുന്നു പ്രചാരണസമിതി ചെയര്‍മാന്‍. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് അദ്ദേഹം സ്ഥാനം ഒഴിഞ്ഞു. അന്നത്തെ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ വിമര്‍ശിച്ചു കൊണ്ടായിരുന്നു അദ്ദേഹം സ്ഥാനം ഒഴിഞ്ഞത്.

പാര്‍ട്ടിയില്‍ കൃത്യമായ കൂടിയാലോചനകള്‍ നടക്കുന്നില്ല എന്നതടക്കമുള്ള വിമര്‍ശനം ഉന്നയിച്ചായിരുന്നു പദവി ഒഴിഞ്ഞത്. പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുരളീധരന്‍ നേമത്ത് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. ഇതിനു ശേഷം നടന്ന പുനഃസംഘടനയില്‍ മുരളീധരന്റെ പേര് പലവട്ടം ഉയര്‍ന്നുവന്നെങ്കിലും ഹൈക്കമാന്‍ഡ് അദ്ദേഹത്തെ പരിഗണിച്ചിരുന്നില്ല.

യു ഡി എഫ് കണ്‍വീനര്‍ സ്ഥാനത്തേക്കും ഒരുഘട്ടത്തില്‍ മുരളീധരനെ പരിഗണിച്ചിരുന്നു. എന്നാല്‍ എ, ഐ ഗ്രൂപ്പുകളും സംസ്ഥാനത്തെ പി സി സി നേതൃത്വവും മുരളീധരന്‍ വരുന്നതിനോട് യോജിച്ചിരുന്നില്ല. ഈ ഘട്ടത്തിലാണ് ഇപ്പോള്‍ മറ്റൊരു പ്രധാന പദവിയിലേക്ക് അദ്ദേഹത്തെ ഹൈക്കമാന്‍ഡ് നിയമിച്ചിരിക്കുന്നത്. 2024-ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പാണ് മുരളീധരന് മുന്നിലുള്ള കടമ്പ. നേതൃത്വവുമായി കുറച്ചുകാലമായി അകന്നുനിന്ന മുരളീധരനെ അനുനയിപ്പിക്കുന്ന നീക്കം കൂടിയാണ് ഹൈക്കമാന്‍ഡ് നടത്തിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here