ഇച്ചാക്കയ്ക്ക് ആശംസയേകി മോഹന്‍ലാല്‍; നന്ദി പറഞ്ഞ് മമ്മൂട്ടി

ഇച്ചാക്കയ്ക്ക് ആശംസയേകി മോഹന്‍ലാല്‍; നന്ദി പറഞ്ഞ് മമ്മൂട്ടി

അഭിനയജീവിതത്തിന്റെ അമ്പതാം വര്‍ഷം പിന്നിട്ട മമ്മൂട്ടിക്ക് ഹൃദയം തൊടുന്ന ആശംസകളുമായി ചലച്ചിത്രലോകം.ഏറ്റവും ശ്രദ്ധ നേടുന്നത് നടൻ മോഹൻലാലിൻറെ കുറിപ്പും ചിത്രവുമാണ്.തന്റെ സഹോദരന്‍ അഭിനയത്തില്‍ 50 വര്‍ഷം പിന്നിട്ടിരിക്കുന്നുവെന്നായിരുന്നു മോഹന്‍ലാല്‍ ഫേസ്ബുക്കിലെഴുതിയത്.

‘ഇന്ന്, എന്റെ സഹോദരന്‍ സിനിമാലോകത്ത് അത്യുജ്വലമായ 50 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. അദ്ദേഹത്തോടൊപ്പം 55 സിനിമകളില്‍ അഭിനയിക്കാന്‍ സാധിച്ചതില്‍ എനിക്കേറെ അഭിമാനമുണ്ട്. കൂടുതല്‍ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ്. അഭിനന്ദനങ്ങള്‍, ഇച്ചാക്ക,’ എന്നായിരുന്നു മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘താങ്ക്യു ഡിയര്‍ ലാല്‍’ എന്നായിരുന്നു ഒരു ചിരിക്കുന്ന ഇമോജിക്കൊപ്പം മമ്മൂട്ടിയുടെ കമന്റ്.

മമ്മൂട്ടി അഭിനയ മികവോടെ അമ്പതാണ്ട് പിന്നിടുമ്പോള്‍ ആശംസകളുമായി നിറയുകയാണ് സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ.മമ്മൂട്ടിയുടെ രണ്ടാമത്തെ ചിത്രത്തില്‍ നസീറിനൊപ്പമുള്ള സീനിലെ ഡയലോഗ് വിവരിച്ചാണ് മുകേഷിന്റെ കുറിപ്പ്.

1971 ആഗസ്റ്റ് 6 നാണ് അനുഭവങ്ങൾ പാളിച്ചകൾ റിലീസ് ചെയ്തത്… ഗുണ്ടകൾ തല്ലിപ്പൊളിച്ച കടയുടെ സമീപത്തു ബഹദൂർ ഇക്കായുടെ പുറകിൽ നിന്ന പൊടിമീശക്കാരൻ ആയി സെക്കൻഡുകൾ മാത്രം ഉള്ള അഭിനയത്തിലൂടെ തുടക്കം…. രണ്ടാമത്തെ ചിത്രം കാലചക്രത്തിൽ (1973) കടത്തുകാരൻ ആയി… അതിൽ കടത്തു കാരനായ മമ്മൂക്കയോട് നസീർ സാർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്

“എനിക്ക് പകരം വന്ന ആളാണ് അല്ലേ “

അതെ നസീർ സാർ കഴിഞ്ഞാൽ മലയാളത്തിൽ ഏറ്റവും കൂടുതൽ നായക വേഷം ചെയ്ത നടൻ മമ്മൂക്കയാണ്…. മലയാളത്തിന്റെ നിത്യഹരിത യുവത്വത്തിന് ആശംസകൾ….

‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയിലൂടെയാണ് മമ്മൂട്ടി ആദ്യമായി ക്യാമറക്ക് മുന്നിലെത്തിയത്. പ്രേംനസീര്‍ നായകനായ കാലചക്രം എന്ന സിനിമയിലും മമ്മൂട്ടി അഭിനയിച്ചു. എം.ടിയുടെ രചനയില്‍ ആസാദ് സംവിധാനം ചെയ്ത വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ ആണ് നായക പദവിയിലെത്തിച്ച ആദ്യ സിനിമ .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News