ഞങ്ങള്‍ ഡിജിറ്റലായി ഫണ്ട് കൈമാറുന്നവരാണേ… കെ സുരേന്ദ്രനെ വിമര്‍ശിച്ച യുവമോര്‍ച്ച നേതാവ് പാര്‍ട്ടിയില്‍ നിന്നും പുറത്ത്

സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ വിമര്‍ശിച്ച യുവമോര്‍ച്ച സംസ്ഥാന കൗണ്‍സില്‍ അംഗത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. കുഴല്‍പ്പണ ഇടപാടില്‍ സുരേന്ദ്രനെ വിമര്‍ശിച്ച യുവമോര്‍ച്ച സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍ അരവിന്ദനെയും ആറ് മണ്ഡലം നേതാക്കളെയുമാണ് ബിജെപിയില്‍നിന്ന് പുറത്താക്കിയത്.

”ഞങ്ങള്‍ ഡിജിറ്റലായി ഫണ്ട് കൈമാറുന്നവരാണേ” എന്ന അടിക്കുറിപ്പോടെ കെ സുരേന്ദ്രന്‍ ചാക്കുമായി പോകുന്ന ചിത്രമടങ്ങിയ എഫ്ബി പോസ്റ്റ് പങ്കുവെച്ചതാണ് അരവിന്ദനെ പുറത്താക്കാന്‍ കാരണമായി സുരേന്ദ്രന്‍ ജില്ലാ കമ്മിറ്റിക്ക് അയച്ച സര്‍ക്കുലറില്‍ പറയുന്നത്.

തെരഞ്ഞെടുപ്പ് ഫണ്ട് സുതാര്യമായി കൈമാറണമായിരുന്നു എന്ന് തെരഞ്ഞെടുപ്പ് അവലോകനങ്ങളില്‍ അരവിന്ദന്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ പുതിയ സംസ്ഥാന കൗണ്‍സില്‍ പ്രഖ്യാപിക്കാത്തിടത്തോളം താന്‍ ഇപ്പോഴും അംഗമാണെന്ന് അരവിന്ദന്‍ പറഞ്ഞു.

എറണാകുളം ജില്ലാ മുന്‍ വൈസ്പ്രസിഡന്റ് എം എന്‍ ഗംഗാധരനും കോതമംഗലം മണ്ഡലം മുന്‍ പ്രസിഡന്റ് പി കെ ബാബുവും അടക്കമുള്ളവരെയാണ് പുറത്താക്കിയത്. ഗംഗാധരനും ബാബുവും കോതമംഗലം മണ്ഡലത്തിലെ വോട്ടുകച്ചവടത്തില്‍ പ്രതിഷേധിച്ച് വികസന സമിതി എന്നപേരില്‍ സംഘടന രൂപീകരിച്ചിരുന്നു.

എന്നാല്‍ പൊട്ടിത്തെറി ഒഴിവാക്കാന്‍, ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണനെതിരെ രഹസ്യയോഗം ചേര്‍ന്ന 10 മണ്ഡലം പ്രസിഡന്റുമാര്‍ക്കെതിരായ നടപടി മാറ്റിവച്ചിരുന്നു. ഇതിനിടെ വാരപ്പെട്ടി പഞ്ചായത്ത് കോഴിപ്പിള്ളി സൗത്ത് വാര്‍ഡ് ഉപതെരഞ്ഞെടുപ്പിലും ബിജെപി പേയ്മെന്റ് സീറ്റ് നടപ്പാക്കി എന്നാരോപിച്ച് പോസ്റ്ററുകള്‍ വന്നു.

ഇതുന്നയിച്ചാണ് ഇവരെ പുറത്താക്കിയത്. മുന്‍ നിയോജകമണ്ഡലം കണ്‍വീനര്‍ സന്തോഷ് പദ്മനാഭന്‍, മണ്ഡലം ഭാരവാഹികളായ മനോജ് കാനാട്ട്, ജയശങ്കര്‍, അനില്‍ മഞ്ചപ്പിള്ളി എന്നിവരെയും പുറത്താക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News