നാദിര്‍ഷയുടെ ‘ഈശോ’ സിനിമ; ചിലര്‍ ബോധപൂര്‍വം വിവാദം സൃഷ്ടിക്കുന്നുവെന്ന് ഫെഫ്ക

നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന സിനിമയുമായി ബന്ധപ്പെട്ട് സമീപ ദിവസങ്ങളില്‍ ചില തല്‍പ്പര കക്ഷികള്‍ ബോധപൂര്‍വ്വം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വിവാദത്തില്‍ ഉത്കണ്ഠ രേഖപ്പെടുത്തി ഫെഫ്ക. ഈ വിഷയത്തില്‍ പ്രബുദ്ധമായ കേരളീയ പൊതുസമൂഹത്തിന്റെ സത്വര ശ്രദ്ധയും പിന്തുണയും അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്നും ഫെഫ്ക അറിയിച്ചു.

സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്ന ഇത്തരം കുത്സിത നീക്കങ്ങളെ ചെറുക്കണമെന്ന് വിവേകമതികളായ കേരളീയരോട് അഭ്യര്‍ത്ഥിക്കുന്നു . വിശ്വാസി സമൂഹത്തില്‍ നിന്നു തന്നെ ഈ നീക്കത്തിനെതിരെ സിനിമക്ക് അനുകൂലമായി ശബ്ദങ്ങള്‍ ഉയരുന്നുണ്ട് എന്നത് ഏറെ പ്രതീക്ഷ നല്‍കുന്ന കാര്യമാണ് .

സിനിമയുടെ ടൈറ്റില്‍ ആയി കേന്ദ്ര കഥാപാത്രത്തിന്റെ പേര് വരുന്നത് ആദ്യ സംഭവമല്ല. അന്തര്‍ദേശീയ പുരസ്‌കാരങ്ങളും മുഖ്യധാരാ വിജയങ്ങളും നേടിയ ഒട്ടേറെ ചിത്രങ്ങള്‍ പ്രേക്ഷക സ്വീകാര്യതയോടെ നമ്മുടെ മുമ്പിലുണ്ട് . ഈ മ യൗ ( ഈശോ മറിയം യൗസേപ്പ് ) , ജോസഫ് , നരസിംഹം തുടങ്ങിയ പേരുകളോടെ വന്ന ധാരാളം ചിത്രങ്ങള്‍ ഉദാഹരണങ്ങളാണ്. സിനിമ കാണുക പോലും ചെയ്യാതെ പ്രത്യേക അജണ്ടകള്‍ വെച്ച് മനുഷ്യരെ വിവിധ ചേരികളായി വിഭജിച്ചു നിര്‍ത്താനുള്ള ഗൂഢനീക്കങ്ങള്‍ അന്നൊന്നും ഉണ്ടായിട്ടില്ല .

ജാതി , മത , രാഷ്രീയ , പ്രാദേശിക വിഭജനങ്ങളില്ലാതെ, പൂര്‍ണ്ണമായും സാമുദായിക സൗഹാര്‍ദ്ദത്തോടെ പ്രവര്‍ത്തിക്കുന്ന തൊഴില്‍ ഇടമാണ് ചലച്ചിത്ര മേഖല. അത് തകര്‍ക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ പൊതുസമൂഹത്തിന്റെ പിന്തുണയോടെ പരസ്പരം കൈകോര്‍ത്ത് കൂടുതല്‍ കരുത്തോടെ സിനിമാരംഗം മുന്നേറുകയാണ് ചെയ്തിട്ടുള്ളത് എന്ന് സാന്ദര്‍ഭികമായി ഓര്‍മ്മപ്പെടുത്തട്ടെ .

ഈശോ എന്ന പേരുമായി മുന്നോട്ട് പോകാനുള്ള സംവിധായകന്‍ നാദിര്‍ഷയുടെ തീരുമാനത്തെ ഫെഫ്ക സ്വാഗതം ചെയ്യുകയും മലയാള ചലച്ചിത്ര പ്രവര്‍ത്തകരുടെ ഉറച്ച പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്നു . ഏതെങ്കിലുമൊരു മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന ഒന്നും ഈ ചിത്രത്തിന്റ ഉള്ളടക്കത്തില്‍ ഇല്ല എന്ന ബോധ്യം ഞങ്ങള്‍ക്കുണ്ട്. ആ ഉറപ്പ് പൊതുസമൂഹവുമായി പങ്കുവെയ്ക്കുകയും ചെയ്യുന്നു.

സിനിമയുടെ ഉള്ളടക്കം, പേര് തുടങ്ങിയ സുപ്രധാനമായ കാര്യങ്ങളില്‍ പുറത്തുനിന്നുള്ള നിയന്ത്രണം അങ്ങേയറ്റം ആപത്കരമാണ്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്മേലുള്ള ഈ കടന്നുകയറ്റത്തെ ഒറ്റക്കെട്ടായി ചെറുക്കാന്‍ പൊതുസമൂഹത്തിന്റെ കൂടി പിന്തുണ ഉണ്ടാകണമെന്ന് ഫെഫ്ക അഭ്യര്‍ത്ഥിച്ചു.

ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ എന്ന ചിത്രത്തിനെതിരെ ക്രിസ്ത്യന്‍ സംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ചിത്രത്തിനെതിരെ കേരള ജനപക്ഷം നേതാവും മുൻ എം.എൽ.എയുമായ പി.സി ജോർജും രംഗത്തെത്തിയിരുന്നു

മലയാള സിനിമയിലെ ഗുണ്ടാ കഥാപാത്രങ്ങളെ എടുത്തുനോക്കിയാൽ മിക്ക ഗുണ്ടകളും ക്രിസ്ത്യാനികള്‍ ആയിരിക്കും, അവരുടെയൊക്കെ കഴുത്തില്‍ ഒരു കുരിശും കാണും. ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ല ഇത്​. അത്തരം പരാതികള്‍ കിട്ടികൊണ്ടിരിക്കുന്നുണ്ട്​. ഞാന്‍ ഇപ്പോള്‍ സിനിമകള്‍ കാണാന്‍ തുടങ്ങിയിരിക്കുകയാണെന്നും പി സി ജോര്‍ജ് പറഞ്ഞിരുന്നു​.

അതേസയമം ക്രിസ്ത്യന്‍ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ‘ഈശോ’ എന്ന സിനിമയുടെ പേര് മാറ്റാന്‍ സംവിധായകന്‍ നാദിര്‍ഷ തീരുമാനിച്ചെന്ന് വിനയന്‍ അറി്യിച്ചിരുന്നു. നാദിര്‍ഷയുമായി ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും പുതിയ പേര് ഉടന്‍ പ്രഖ്യാപിക്കുമെന്നും സംവിധായകന്‍ വിനയന്‍ ഫേസ്ബുക്കില്‍വ്യക്തമാക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News