സ്ത്രീധനവുമായി ബന്ധപ്പെട്ട് നടക്കുന്ന കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും യാതൊരു ദാക്ഷിണ്യവുമുണ്ടാകില്ല; മുഖ്യമന്ത്രി

സ്ത്രീധനവുമായി ബന്ധപ്പെട്ട് നടക്കുന്ന കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും യാതൊരു ദാക്ഷിണ്യവും സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . 2021 ജൂണ്‍ 21- ന് ഭര്‍തൃഗൃഹത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട എസ് വി വിസ്മയയുടെ ഭര്‍ത്താവായ എസ്.കിരണ്‍ കുമാറിനെ സര്‍വ്വീസില്‍ നിന്ന് പിരിച്ചു വിട്ടു.

സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് കൊല്ലം റീജ്യണല്‍ ഓഫീസിലെ അസിസ്റ്റൻ്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്നു കിരൺ കുമാർ.സാമൂഹ്യവിരുദ്ധതയും ഗുരുതരമായ നിയമലംഘനവും പെരുമാറ്റ ദൂഷ്യവും വഴി പൊതുജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിൻ്റേയും മോട്ടോര്‍ വാഹന വകുപ്പിൻ്റേയും അന്തസ്സിനും സല്‍പ്പേരിനും കളങ്കം വരുത്തിയിട്ടുള്ളതിനാല്‍ 1960-ലെ കേരളാ സിവില്‍ സര്‍വ്വീസ് ചട്ടം പ്രകാരമാണ് നടപടി.

സര്‍ക്കാര്‍ ജീവനക്കാര്‍ സ്ത്രീധനം കൊടുക്കാനും വാങ്ങാനും പാടില്ല എന്ന 1960-ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ 93(C)-യുടെ ലംഘനവും ഈ കേസിൽ നടന്നിട്ടുണ്ട്. എസ്. കിരണ്‍ കുമാറിനെ ജൂണ്‍ 22ന് അന്വേഷണ വിധേയമായി സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയും 45 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

ലിംഗനീതിയും സമത്വവും ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയമാണ് എൽ.ഡി.എഫ് സർക്കാരിനുള്ളത്. സ്ത്രീധന സമ്പ്രദായത്തിനെതിരെ ശക്തമായ നിലപാടുകളുമായാണ് ഇപ്പോൾ കേരളം മുൻപോട്ടു പോകുന്നത്. കേരള സമൂഹത്തിൽ നിലനിൽക്കുന്ന ഈ പ്രവണതകൾ ഇല്ലാതാക്കാൻ ജനങ്ങളും സർക്കാരിനൊപ്പം നിലയുറപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീധന സമ്പ്രദായമുൾപ്പെടെയുള്ള അപരിഷ്കൃതവും നീതിശൂന്യവും ആയ അനാചാരങ്ങൾ ഉച്ഛാടനം ചെയ്ത് സമത്വപൂർണമായ നവകേരളം സൃഷ്ടിക്കാൻ ജനത ഒന്നടങ്കം ഒന്നിച്ച് പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel