അവനുള്ള ഡിസ്മിസല്‍ ഉത്തരവ് അടിച്ചിട്ടേ, ഞാന്‍ നിങ്ങളുടെ വീട്ടില്‍ വരൂ; നാളെ അഭിമാനത്തോടെ മന്ത്രി ആന്റണി രാജു വിസ്മയയുടെ വീട്ടിലെത്തും

കേരളത്തെ നടുക്കിയ വിസ്മയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട്, കൊല്ലത്തെ മോട്ടോര്‍ വാഹനവകുപ്പ് റീജ്യണല്‍ ഓഫീസില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്പെക്ടറായിരുന്ന ഭര്‍ത്താവ് കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ഗതാഗതമന്ത്രി ആന്റണി രാജുവാണ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തി തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. ഭാര്യയുടെ മരണത്തെത്തുടര്‍ന്ന് ഭര്‍ത്താവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത് ഇതാദ്യമാണ്.

ഇവിടെ കിരണിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിലൂടെ പറഞ്ഞ വാക്ക് പാലിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് മന്ത്രി ആന്റണി രാജു. ‘അവനുള്ള ഡിസ്മിസല്‍ ഉത്തരവ് അടിച്ചിട്ടേ, ഞാന്‍ നിങ്ങളുടെ വീട്ടില്‍ വരൂ..’ തന്നെ അന്ന് കാണാനെത്തിയ വിസ്മയയുടെ അച്ഛനോട് മന്ത്രി ആന്റണി രാജു പറഞ്ഞ വാക്കുകളാണിത്. ആ വാക്കാണ് ഇന്ന് പാലിക്കപ്പെട്ടിരിക്കുന്നത്.  ചരിത്രപരമായ നടപടി എന്നാണ് മന്ത്രി കിരണിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട ഈ നീക്കത്തെ വിശേഷിപ്പിച്ചത്.

തന്നെയുമല്ല നാളെ മന്ത്രി വിസ്മയയുടെ വീട് സന്ദര്‍ശിക്കുകയും ചെയ്യും. ഈ വാക്കും പ്രവര്‍ത്തിയും നമുക്ക് തരുന്നതൊരു വാഗ്ദാനമാണ്. സാധാരണക്കാരോടൊപ്പം ഇടതുപക്ഷം എന്നുമുണ്ടാകുമെന്ന വാഗ്ദാനം. മന്ത്രിയുടെ ഈ നടപടി ഒരു മുന്നറിയിപ്പ് കൂടിയാണ്. ഒരു കുറ്റവാളിയും രക്ഷപെടില്ല എന്ന മുന്നറിയിപ്പ്.

വിസ്മയയുടെ മരണത്തെ തുടര്‍ന്ന് ഗവര്‍ണര്‍ അടക്കം വിസ്മയയുടെ വീട് സന്ദര്‍ശിച്ചിട്ടും മന്ത്രി ആന്റണി രാജു മാത്രം എത്തിയിരുന്നില്ല. അദ്ദേഹത്തിന്റെ വകുപ്പിന് കീഴിലുള്ള ഉദ്യോഗസ്ഥന്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് കൊണ്ടാണ് അദ്ദേഹം വീട്ടില്‍ എത്താതിരുന്നതെന്നും അവനെതിരെ നടപടി എടുത്തിട്ടേ ഇനി നേരില്‍ കാണൂ എന്നും അദ്ദേഹം വാക്ക് നല്‍കിയിരുന്നതായും വിസ്മയയുടെ കുടുംബം ഒന്നടങ്കം പറയുമ്പോള്‍ ആ വാക്കുകളില്‍ നിറയുന്നത് തന്റെ മകള്‍ക്ക് നീതി കിട്ടിയെന്നുള്ള ആശ്വാസം മാത്രമല്ല. മറിച്ച് കൈത്താങ്ങായി എന്നും ഇടതുപക്ഷവും ഇടത് ജനപ്രതിനിധികളും ഉണ്ടാകുമെന്ന ആത്മവിശ്വാസം കൂടിയാണ്.

2021 ജൂണ്‍ 21ന് ഭര്‍തൃഗൃഹത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട എസ്. വി. വിസ്മയയുടെ (24) ഭര്‍ത്താവ് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് കൊല്ലം റീജണല്‍ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. കിരണ്‍ കുമാറിനെ (30) സര്‍വ്വീസില്‍ നിന്ന് പിരിച്ചു വിടുവാന്‍ തീരുമാനിച്ചുവെന്നാണ് മന്ത്രി ആന്റണി രാജു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

സ്ത്രീ വിരുദ്ധ പ്രവര്‍ത്തിയും, സാമൂഹ്യ വിരുദ്ധവും ലിംഗ നീതിയ്ക്ക് നിരക്കാത്ത നടപടിയും ഗുരുതരമായ നിയമലംഘനവും പെരുമാറ്റ ദൂഷ്യവും വഴി പൊതുജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും അന്തസ്സിനും സല്‍പ്പേരിനും കളങ്കം വരുത്തിയിട്ടുള്ളതിനാല്‍ 1960-ലെ കേരളാ സിവില്‍ സര്‍വ്വീസ് ചട്ടം പ്രകാരമാണ് നടപടി.

കൊല്ലം ശൂരനാട് പോലീസ് ജൂണ്‍ 21ന് രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസില്‍ ഭര്‍ത്താവായ എസ്. കിരണ്‍ കുമാറിന്റെ സ്ത്രീധനത്തെച്ചൊല്ലിയുള്ള നിരന്തരമായ കലഹത്താലും ശാരീരികവും മാനസികവുമായ ഉപദ്രവത്താലുമാണ് വിസ്മയ മരണപ്പെടാനിടയായതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ സ്ത്രീധനം കൊടുക്കുവാനും വാങ്ങുവാനും പാടില്ല എന്ന 1960ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ 93(C)യുടെ ലംഘനമാണിത്. ഇതേത്തുടര്‍ന്ന് എസ്. കിരണ്‍ കുമാറിനെ ജൂണ്‍ 22ന് അന്വേഷണ വിധേയമായി സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും 45 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.

1960-ലെ കേരളാ സിവില്‍ സര്‍വ്വീസ് ചട്ടം 15 പ്രകാരം എസ്. കിരണ്‍ കുമാറിന് നിയമാനുസൃതമായ കുറ്റാരോപണ മെമ്മോ നല്‍കിയിരുന്നു. തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെ വകുപ്പുതല അന്വേഷണത്തിന് നിയോഗിച്ചു. നിയമാനുസൃതമായി നടത്തിയ അന്വേഷണത്തിന്റെയും എസ്. കിരണ്‍ കുമാറിനെ നേരിട്ട് കേട്ടതിന്റെയും, സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ കുറ്റാരോപിതന്റെ മേല്‍ ചുമത്തപ്പെട്ടിട്ടുള്ള കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കപ്പെട്ടതിനാല്‍ 1960ലെ കേരള സിവില്‍ സര്‍വ്വീസ് ചട്ടം 11(1)(viii) പ്രകാരമാണ് എ എം വി ഐ എസ്. കിരണ്‍ കുമാറിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടുവാന്‍ തീരുമാനിച്ചത്.

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനത്തെത്തുടര്‍ന്ന് ഭാര്യ മരണപ്പെട്ട കാരണത്താല്‍ ഭര്‍ത്താവിനെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടുന്നത്. സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനത്തിനെതിരെ ശക്തമായ നടപടി എടുക്കുമെന്നും സ്ത്രീ സുരക്ഷയും ലിംഗ നീതിയും ഉയര്‍ത്തിപ്പിടിക്കുമെന്നും ബഹു. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിലും പൊതുസമൂഹത്തിനും നല്‍കിയ ഉറപ്പ് പാലിക്കുന്ന നടപടിയാണ് കൈക്കൊണ്ടിട്ടുള്ളത്.

കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേരളത്തിന്റെ സാമൂഹിക മനസ്സാക്ഷിയെ പിടിച്ചുലച്ച വിസ്മയയുടേതു പോലുള്ള മരണങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കരുതെന്ന സന്ദേശമാണ് എ എം വി ഐ എസ്. കിരണ്‍ കുമാറിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടാനുള്ള തീരുമാനം. ആഗസ്റ്റ് 7 രാവിലെ 11 മണിയ്ക്ക് കൊല്ലത്തെ നിലമേലുള്ള വിസ്മയയുടെ വീട്ടിലെത്തി കുടുംബാഗങ്ങളെ സന്ദര്‍ശിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here