ഹോക്കിയിലെ വെങ്കല നേട്ടത്തെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനോടും രാമക്ഷേത്ര നിര്‍മാണത്തോടും ബന്ധപ്പെടുത്തി മോദി; സോഷ്യല്‍ മീഡിയയയില്‍ വന്‍ പ്രതിഷേധം

ഹോക്കിയിലെ വെങ്കല നേട്ടത്തെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനോടും രാമക്ഷേത്ര നിര്‍മാണത്തോടും ബന്ധപ്പെടുത്തി മോദി. ഈ വര്‍ഷം ആഗസ്റ്റ് അഞ്ചിനാണ് ഇന്ത്യ ഒളിംപിക്സ് പുരുഷ ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയത്.

ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കവെയായിരുന്നു ഒളിംപിക്സ് പുരുഷ ഹോക്കിയിലെ ഇന്ത്യന്‍ വെങ്കല മെഡല്‍ നേട്ടത്തെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനോടും രാമക്ഷേത്ര നിര്‍മാണത്തോടും ബന്ധപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി വിവാദം സൃഷ്ടിച്ചത്.

അതേസമയം മോദിയുടെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയ രംഗത്തെത്തി. ഹോക്കി ടീമിലെ ആരെങ്കിലും ഇതിനെതിരെ പ്രതികരിക്കുമെന്ന് കരുതുന്നുവെന്നും രാജ്യത്തിന്റെ അഭിമാന നിമിഷത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും പ്രതിഷേധമുയരുന്നുണ്ട്.

മോദിയുടെ വാക്കുകള്‍:

ഇന്ത്യയുടെ വിജയത്തിന്റെ പ്രക്രിയ ആരംഭിച്ചതായി തോന്നുന്നു. ഇതില്‍, ഓഗസ്റ്റ് 5 എന്ന തിയതി വളരെ സവിശേഷവും പ്രാധാന്യവും അര്‍ഹിക്കുന്നതായി മാറിയിരിക്കുന്നു.ഈ തീയതി വരും വര്‍ഷങ്ങളില്‍ ചരിത്രത്തില്‍ രേഖപ്പെടുത്തും.

രണ്ട് വര്‍ഷം മുമ്പ് ആഗസ്റ്റ് 5 നാണ് ഒറ്റ രാജ്യം എന്ന സ്വപ്നം ശക്തിപ്പെടുത്തിയത്. ഏകദേശം ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞത് ജമ്മു കശ്മീരിലെ ഓരോ പൗരനും എല്ലാ അവകാശങ്ങളിലും എല്ലാ ആനുകൂല്യങ്ങളിലും പൂര്‍ണ്ണ പങ്കാളിത്തം നല്‍കി.

കഴിഞ്ഞ ആഗസ്റ്റ് 5 -നാണ് നൂറ്റാണ്ടുകള്‍ക്ക് ശേഷം ഒരു മഹത്തായ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള ആദ്യപടി സ്വീകരിച്ചത്. ഇന്ന്, അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.

ആഗസ്റ്റ് 5 വീണ്ടും ആവേശവും ഉത്സാഹവും നല്‍കുന്നു. ഇന്ന്, ഒളിംപിക്സില്‍, രാജ്യത്തെ യുവാക്കള്‍ ഹോക്കിയില്‍ ഇന്ത്യയുടെ അഭിമാനം പുനസ്ഥാപിക്കുന്നതിലേക്ക് ഒരു വലിയ കുതിച്ചുചാട്ടം നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News