മുസ്ലീംലീഗ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി എന്‍ സി പി നേതാവ് എന്‍ എ മുഹമ്മദ്കുട്ടി

മുസ്ലീംലീഗ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി എന്‍ സി പി നേതാവ് എന്‍ എ മുഹമ്മദ്കുട്ടി. മുസ്ലീംലീഗ്, ദേശീയ തലത്തില്‍ എന്‍ ഡി എയുമായി രഹസ്യബന്ധം സ്ഥാപിച്ചിരുന്നതായി എന്‍ എ മുഹമ്മദ്കുട്ടി.ഇതിന്റെ ഭാഗമായി ലീഗ് ഓഫീസ് സെക്രട്ടറിയുടെ ഭാര്യയായ നുസ്രത്ത് ജഹാനെ എന്‍ ഡി എ ഘടകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയാക്കി. കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവെച്ച ജമാഅത്തെ ഇസ്ലാമിയുടെ വിദേശ ഫണ്ട്, റിലീസ് ചെയ്യിക്കുക എന്ന ദൗത്യം നുസ്രത്ത് ജഹാനിലൂടെ നിറവേറ്റിയെന്നും എന്‍ എ മുഹമ്മദ്കുട്ടി ആരോപിച്ചു.

മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറികൂടിയായ പി കെ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റിലെത്തിയിരുന്നെങ്കിലും മോദി സര്‍ക്കാരിനെതിരെ ഒന്നും ചെയ്യാന്‍ കഴിയാതെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ അന്ന് കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടുന്ന ലീഗ് നേതൃത്വം വെറും കയ്യോടെയല്ല മടങ്ങിയതെന്നും എന്‍ ഡി എ യുമായി രഹസ്യ ബന്ധം സ്ഥാപിച്ചിരുന്നു എന്ന ഗുരുതര ആരോപണവുമായാണ് എന്‍സിപി ദേശീയ സെക്രട്ടറി എന്‍ എ മുഹമ്മദ് കുട്ടി രംഗത്തെത്തിയിരിക്കുന്നത്.

എന്‍ ഡി എ ഘടകകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ വഴിയാണ് ബി ജെ പി നേതാക്കളുമായി ലീഗ് നേതൃത്വം ബന്ധം സ്ഥാപിച്ചതെന്ന് മുഹമ്മദ് കുട്ടി ആരോപിച്ചു. മുസ്ലീം ലീഗിന്റെ ഓഫീസ് സെക്രട്ടറിയുടെ ഭാര്യയും ജമാഅത്ത് കുടുംബ പശ്ചാത്തലവുമുള്ള നുസ്രത്ത് ജഹാനെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാക്കിയത് ലീഗ്, ജമാ അത്ത് നേതാക്കളുടെ അറിവോടെയായിരുന്നുവെന്നാണ് ആരോപണം.

നുസ്രത്ത് ജഹാന്റെ എന്‍ ഡി എ പ്രവേശനത്തെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവെച്ച ജമാഅത്തിന്റെ വിദേശ ഫണ്ട് റിലീസ് ചെയ്തതെന്ന് മുഹമ്മദ് കുട്ടി പറഞ്ഞു. പിന്നീടൊരിക്കല്‍ ആര്‍ പി ഐ നേതാവും കേന്ദ്ര മന്ത്രിയുമായ രാംദാസ് അത്താവ് ലെ കോഴിക്കോട്ട് എത്തിയപ്പോള്‍ ജമാഅത്ത് നിയന്ത്രണത്തിലുള്ള മാധ്യമ സ്ഥാപനത്തിലും സന്ദര്‍ശനം നടത്തിയിരുന്നതായും എന്‍ എ മുഹമ്മദ് കുട്ടി ചൂണ്ടിക്കാട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here