ഗര്‍ഭിണിയായ യുവതിയുടെ ആത്മഹത്യ ഗാര്‍ഹികപീഡനം മൂലമെന്ന് കുടുംബം; ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍

പാലക്കാട് മണ്ണാര്‍ക്കാട് ഗര്‍ഭിണിയായ യുവതിയുടെ ആത്മഹത്യ ഗാര്‍ഹികപീഡനം മൂലമാണെന്ന പരാതിയുമായി ബന്ധുക്കള്‍.  തെക്കുംപാടത്ത് അബ്ബാസിന്റെ മകള്‍ റുസ്‌നിയ ജെബിനാണ് സ്ത്രീധനപീഡനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്. ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത പോലീസ് ഭര്‍ത്താവ് മുസ്തഫയെയും പിതാവ് ഹംസയെയും അറസ്റ്റ് ചെയ്തു.

ഞായറാഴ്ച വൈകീട്ട് നാല് മണിയോടെയാണ് ചങ്ങലീരിയിലെ വീട്ടിലെ മുറിയില്‍ മൂന്ന് മാസം ഗര്‍ഭിണിയായ റുസ്‌നിയ ജെബിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഗര്‍ഭിണിയായതിനാല്‍ സ്വന്തം വീട്ടിലെത്തിയതായിരുന്നു റുസ്‌നിയ. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും ഇതേ തുടര്‍ന്നാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നും റുസ്‌നിയയുടെ പിതാവ് അബ്ബാസ് പറഞ്ഞു.

തെങ്കര വെള്ളാരംകുന്ന് സ്വദേശി മുസ്തഫയുമായി 2017 ലാണ് റുസ്‌നിയുടെ വിവാഹം നടന്നത്. മുസ്തഫ കാണാനെത്തി മടങ്ങിയതിന് പിന്നാലെയാണ് റുസ്‌നിയ ആത്മഹത്യ ചെയ്തത്. സ്ത്രീധനത്തിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

ഇവര്‍ക്ക് മൂന്നു വയസ്സുള്ള ഒരു പെണ്‍കുട്ടിയുണ്ട്. റുസ്‌നിയയുടെ മാതാപിതാക്കളായ അബ്ബാസിന്റേയും ഉബൈസയുടേയും മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ മുസ്തഫക്കും വീട്ടുകാര്‍ക്കുമെതിരെ ഗാര്‍ഹിക പീഡനത്തിനാണ് മണ്ണാര്‍ക്കാട് പോലീസ് കേസെടുത്തത്. വിശദമായ അന്വേഷണത്തിനു ശേഷം സ്ത്രീധന നിരോധന നിയമപ്രകാരം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here