തൃശൂർ ജില്ലയിലെ ആദ്യ സൈക്ലോണ്‍ ഷെല്‍ട്ടര്‍ അഴീക്കോട്

പ്രകൃതിക്ഷോഭങ്ങളില്‍ നിന്ന് രക്ഷനേടാന്‍ തീരദേശവാസികള്‍ക്ക് തുണയായി ജില്ലയിലെ ആദ്യത്തെ മള്‍ട്ടിപര്‍പ്പസ് സൈക്ലോണ്‍ ദുരിതാശ്വാസ അഭയകേന്ദ്രം അഴീക്കോട് തുറക്കുന്നു. മൂന്നരക്കോടി രൂപ ചെലവഴിച്ച് എറിയാട് പഞ്ചായത്തില്‍ അഴീക്കോട് വില്ലേജ് ഓഫീസിന്റെ 20 സെന്റ് സ്ഥലത്താണ് സൈക്ലോണ്‍ ഷെല്‍ട്ടര്‍ ഹോം നിര്‍മിച്ചത്.

പ്രകൃതി ദുരന്തങ്ങളില്‍ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് താമസിക്കാനുള്ള താല്‍ക്കാലിക സംവിധാനമാണിത്. ലോകബാങ്കിന്റെ സഹായത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കെട്ടിടം പണിതത്. തീരദേശത്തെ നിരവധി കുടുംബങ്ങള്‍ക്ക് അത്താണിയാവുന്ന ദുരിതാശ്വാസ കേന്ദ്രം മുഖ്യമന്ത്രിയുടെ നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്.

അടിക്കടിയുണ്ടാകുന്ന ചുഴലിക്കാറ്റ്, കടലേറ്റം, പ്രളയം എന്നിവയില്‍നിന്ന് തീരദേശവാസികളെ എത്രയും വേഗം സുരക്ഷിത സ്ഥാനത്ത് എത്തിക്കുന്നതിനായാണ് ജില്ലയിലെ ആദ്യ സൈക്ലോണ്‍ ദുരിതാശ്വാസ കേന്ദ്രം ഉയര്‍ന്നത്. അടിയന്തര ഘട്ടങ്ങളില്‍ 700 മുതല്‍ 1000 പേര്‍ക്കുവരെ താമസിക്കാം. ദേശീയ ചുഴലിക്കാറ്റ് അപകട സാധ്യതാ ലഘൂകരണ പദ്ധതി പ്രകാരം സംസ്ഥാന ചുഴലിക്കാറ്റ് പ്രതിരോധ നടത്തിപ്പ് കേന്ദ്രത്തിന്റെ കീഴിലാണ് കേന്ദ്രം സ്ഥാപിച്ചത്.

7500 ചതുരശ്ര അടിയില്‍ മൂന്ന് നിലകളിലായുള്ള കെട്ടിടത്തിന്റെ എല്ലാ നിലയിലും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക താമസ സൗകര്യങ്ങള്‍, ശുചിമുറികള്‍, കുട്ടികള്‍ക്കുള്ള പ്രത്യേക സൗകര്യം, വിശാലമായ പൊതു അടുക്കള, ജനറേറ്ററുകള്‍ എന്നിവയുണ്ട്.

ശുദ്ധജലം ശേഖരിക്കാന്‍ 2000 ലിറ്റര്‍ ശേഷിയുള്ള ടാങ്കും മറ്റ് ആവശ്യങ്ങള്‍ക്കുള്ള ജലം ശേഖരിക്കാന്‍ 8000 ലിറ്ററിന്റെ ടാങ്കും പൂര്‍ത്തിയായി. ഫര്‍ണിച്ചറുകളും അടുക്കള ഉപകരണങ്ങളും സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി ഉടന്‍ ലഭ്യമാക്കും. 20 ലക്ഷം രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിട വിഭാഗത്തിനാണ് രൂപകല്‍പ്പനയും നിര്‍മാണച്ചുമതലയും. ഒമ്പത് ജില്ലകളിലായി 14 ഇടങ്ങളിലാണ് അഭയകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള ഷെല്‍റ്റര്‍ മാനേജ്‌മെന്റ് കമ്മിറ്റിക്കാണ് നിയന്ത്രണം. പ്രകൃതിക്ഷോഭമില്ലാത്ത സമയത്ത് കേന്ദ്രങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതും ഈ സമിതികള്‍ക്ക് തീരുമാനിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News