മുഈനലി തങ്ങൾക്കെതിരെ ഇപ്പോൾ നടപടിയില്ല; റാഫിക്ക് സസ്‌പെൻഷൻ

പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനമുന്നയിച്ച പാണക്കാട് മുഈനലി തങ്ങൾക്കെതിരെ ഇപ്പോൾ നടപടി എടുക്കേണ്ടെന്ന് ലീഗ് ഉന്നതാധികാര സമിതി യോഗത്തിൽ തീരുമാനം. മുഈനലി ചെയ്ത കാര്യങ്ങൾ തെറ്റാണ്. അത് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

ഹൈദരലി ശിഹാബ് തങ്ങളുടെ അനുമതിയോടെ മാത്രമേ അന്തിമ തീരുമാനമെടുക്കുകയൂള്ളൂ. വാർത്താസമ്മേളനത്തിൽ മുഈനലി തങ്ങളെ അധിക്ഷേപിച്ച റാഫി പുതിയകടവിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യാനും യോഗം തീരുമാനിച്ചു.

മുഈനലി വാർത്താസമ്മേളനത്തിൽ പങ്കെടുത്തത് ഉചിതമായില്ലെന്ന് സ്വാദിഖലി തങ്ങൾ പറഞ്ഞു. ഇങ്ങനെയല്ല അഭിപ്രായം പറയേണ്ടത്. കുടുംബത്തിലെ മുതിർന്ന ആളുകളാണ് അഭിപ്രായം പറയുക. കൂടിയാലോചനക്ക് ശേഷമാണ് അഭിപ്രായം പറയേണ്ടതെന്നും സ്വാദിഖലി തങ്ങൾ പറഞ്ഞു.

ഇപ്പോൾ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു. മുസ്‌ലിം ലീഗ് സംഘടനാ തല മാറ്റങ്ങളിലേക്ക് കടക്കുകയാണ്. അതിന്റെ ചർച്ചകൾ നടക്കുകയായിരുന്നു. കർമ്മ പരിപാടികൾ തയ്യാറാക്കും.

ആരോഗ്യപരമായ ചർച്ചകൾ പാർട്ടിയിൽ നടക്കാറുണ്ട്. വിഭാഗീയത ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനെ അതിജീവിച്ചു മുന്നോട്ടുപോവുമെന്നും ഇ.ടി പറഞ്ഞു. മുഈനലിക്കെതിരെ നടപടി എടുക്കരുതെന്ന നിലപാടാണ് പാണക്കാട് കുടുംബം സ്വീകരിച്ചത്. പാണക്കാട് റഷീദലി തങ്ങളാണ് യോഗത്തിൽ പാണക്കാട് കുടുംബത്തിന്റെ നിലപാട് അറിയിച്ചത്. അബ്ബാസലി ശിഹാബ് തങ്ങളും ഉന്നതാധികാര സമിതിയോഗത്തിൽ നിലപാട് അറിയിക്കാനെത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News