ഇന്ത്യൻ അത്ലറ്റിക്സിന്റെ ആകാശത്ത് സ്വർണ നക്ഷത്രമായി തിളങ്ങി നീരജ് ചോപ്ര

ഹരിയാനയിലെ സോനിപ്പത്തിൽ നിന്നുള്ള ചെറുപ്പക്കാരൻ ടോക്കിയോയിൽ ചരിത്രനേട്ടം സ്വന്തമാക്കിയതിന് പിന്നിൽ കഠിനാദ്ധ്വാനത്തിന്റെ വലിയ കഥയുണ്ട്. പതിനൊന്നാം വയസ് മുതൽ തുടങ്ങിയ ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും കഥ. പാനിപത്തിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള കാന്ദ്രയിലെ ഒരു കൂട്ടുകുടുംബത്തിൽ മുത്തശ്ശിയുടെ വാത്സല്യമേറ്റ് വളർന്നവനാണ് നീരജ് ചോപ്ര.

17 അംഗങ്ങളുള്ള ആ കുടുംബത്തിലെ കുട്ടികളിൽ ഏറ്റവും മുതിർന്നവൻ നീരജ് ആയിരുന്നു. ആദ്യത്തെ കൺമണി ആയതുകൊണ്ടുതന്നെ മുത്തശ്ശിയുടെ വാത്സല്യം ആവോളം ലഭിച്ചു. ഭക്ഷണത്തിന്റെ രൂപത്തിലായിരുന്നു മുത്തശ്ശി സ്നേഹം പ്രകടിപ്പിച്ചത്. ഇതോടെ 11 വയസ്സിലെത്തിയപ്പോഴേക്കും നീരജിന്റെ ഭാരം 80 കിലോയും കടന്നു.സ്കൂളിൽ വച്ച് കൂട്ടുകാരുടെ പരിഹാസം കൂടിയതോടെ എങ്ങനെയെങ്കിലും ഭാരം കുറയ്ക്കണമെന്ന ചിന്തയായി.

പാനിപത്തിലുള്ള ജിമ്മിലേക്കുള്ള യാത്രക്കിടയിൽ ശിവാജി സ്റ്റേഡിയത്തിൽ ജാവലിൻ ത്രോ പരിശീലനം നടത്തുന്ന അത്ലറ്റുകളെ നീരജ് ബസിലിരുന്ന് കണ്ടു. ആ ഒരൊറ്റ കാഴ്ച്ചയിൽ തന്നെ അവന് ജാവലിനോട് അഭിനിവേശമായി. ജിമ്മിലേക്കുള്ള യാത്ര കുറച്ചു ദിവസങ്ങൾക്കുള്ളിൽ ശിവാജി സ്റ്റേഡിയത്തിലേക്ക് വഴി തിരിച്ചുവിട്ടു. പിന്നീട് നീരജിന്റെ ജീവിതം തന്നെ ജാവലിൻ ത്രോ ആയി മാറി.

ബിഞ്ചോളിലെ ജാവലിൻ ത്രോ താരം ജയ് വീറിനെ കണ്ടുമുട്ടിയതാണ് നീരജിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ഹരിയാനയുടെ താരമായ ജയ് വീർ നീരജിന്റെ കഴിവ് തിരിച്ചറിഞ്ഞു അവന് പരിശീലനം നൽകാൻ തുടങ്ങി. 14-ാം വയസ്സിൽ പാഞ്ച്കുലയിലെ സ്പോർട്സ് നഴ്സറിയിൽ നിന്നാണ് സിന്തറ്റിക്ക് ട്രാക്കിലെ ജാവലിൻ പരിശീലനത്തുടക്കം. 2012-ൽ ലക്ക്നൗവിൽ ആദ്യ ദേശീയ ജൂനിയർ സ്വർണം നേടി. 68.46 മീറ്റർ എറിഞ്ഞ് ദേശീയ റെക്കോഡും തിരുത്തി. എന്നാൽ അന്താരാഷ്ട്ര തലത്തിൽ നിറം മങ്ങിയ തുടക്കമായിരുന്നു നീരജിൻറേത്.

2013-ൽ യുക്രെയ്നിൽ നടന്ന ലോക യൂത്ത് ചാമ്പ്യൻഷിപ്പിൽ ലഭിച്ചത് 19-ാം സ്ഥാനം മാത്രം. രണ്ടു വർഷങ്ങൾക്ക് ശേഷം ചൈനയിൽ നടന്ന ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഒമ്പതാം സ്ഥാനവുമായി മടങ്ങേണ്ടിവന്നു. ഇതോടെ വിദേശത്ത് പോയി പരിശീലനം നേടിയ നീരജ് ലോക റെക്കോഡുകാരനായ ഉവെ ഹോഹ്നയുടേയും വെർണർ ഡാനിയൽസിന്റേയും ഗാരി കാൽവേർട്ടിന്റേയും ക്ലൗസ് ബർട്ടോനിയെറ്റ്സിന്റേയും ശിഷ്യനായി.

നീരജിന്റെ കരിയറിൽ തന്നെ നിർണായകമായിരുന്നു ഈ വിദേശ കോച്ചുമാരുടെ സേവനം.2016-ന് ശേഷം നീരജിന്റെ ജൈത്രയാത്രയാണ് കണ്ടത്. ലോക അണ്ടർ -20 ചാമ്പ്യൻഷിപ്പിലെ സ്വർണ നേട്ടത്തിലൂടെ ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ താരമായി. 86.48 മീറ്റർ എറിഞ്ഞ് ലോക ജൂനിയർ റെക്കോഡും ഇന്ത്യൻ താരം സ്വന്തം പേരിൽ കുറിച്ചു. പിന്നീട് നീരജിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

2018-ൽ ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും സ്വർണത്തിലേക്ക് ജാവലിൻ എറിഞ്ഞു – പരിക്കേറ്റതിനാൽ 2019-ലെ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലും ദേശീയ ഓപ്പൺ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലും നീരജിന് പങ്കെടുക്കാനായില്ല. 2020-ൽ കൊവിഡിനെ തുടർന്ന് പരിശീലനവും മുടങ്ങി. എന്നാൽ 2021-ൽ സ്വപ്നതുല്യമായ തിരിച്ചുവരവ് കായിക ലോകം കണ്ടു.

ആ വർഷം നടന്ന അഞ്ച് മത്സരങ്ങളിൽ നാല് എണ്ണത്തിലും 83 മീറ്ററിന് മുകളിൽ ജാവലിൻ പായിച്ചു. പാട്യാലയിൽ നടന്ന ഇന്ത്യൻ ഗ്രാന്റ് പ്രീയിൽ 88.07 മീറ്റർ പിന്നിട്ട് പുതിയ ദേശീയ റെക്കോഡും സൃഷ്ടിച്ചു. ടോക്യോയിലും ഈ ആത്മവിശ്വാസം നീരജ് കൈവിട്ടില്ല. നീരജിലൂടെ ഒളിമ്പിക്സിൽ ഇന്ത്യക്ക് ചരിത്ര മെഡൽ. ഇതിഹാസ അത്ലറ്റുകളായ മിൽഖാ സിംഗ്, പിടി ഉഷ എന്നിവർക്ക് എത്തിപ്പിടിക്കാൻ കഴിയാതെ പോയ നേട്ടമാണ് നീരജ് കൈപ്പിടിയിലൊതുക്കിയത്. ഇന്ത്യൻ അത്ലറ്റിക്സിന്റെ ആകാശത്ത് നീരജ് ചോപ്ര ഇനി സ്വർണ നക്ഷത്രമായി തിളങ്ങും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here