കാലിടറി കുഞ്ഞാലിക്കുട്ടി; മുസ്ലീം ലീഗില്‍ നടക്കുന്നത് കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്വം ഇല്ലാതാകുന്ന സംഭവങ്ങള്‍

പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്വം ഇല്ലാതാകുന്ന തരത്തിലുള്ള സംഭവങ്ങളാണ് മുസ്ലീം ലീഗില്‍ നടക്കുന്നത്. പരസ്യമായി തന്നെ അഴിമതിക്കാരനെന്ന് ആക്ഷേപിച്ച മുഈനലി തങ്ങള്‍ക്കെതിരെ ചെറിയ നടപടി പോലും സ്വീകരിക്കാനാകാത്തത് കുഞ്ഞാലികുട്ടിയുടെ രാഷ്ട്രീയ പരാജയമായാണ് വിലയിരുത്തപ്പെടുന്നത്.

മൂന്നര പതിറ്റാണ്ടായി മുസ്ലീംലീഗിനകത്ത് പാണ്ടിക്കടവത്ത് കുഞ്ഞാലിക്കുട്ടിയുടെ വാക്കുകള്‍ക്ക് എതിര്‍വാക്കുണ്ടായിരുന്നില്ല. പി.കെ. കുഞ്ഞാലിക്കുട്ടി ആഗ്രഹിക്കുന്നത് പാര്‍ട്ടി തീരുമാനമാകും. അതാത് കാലത്തെ തങ്ങള്‍മാരും മറ്റ് നേതാക്കളും അതനുസരിക്കും. എന്നാല്‍ ഇത്തവണ ആ പതിവ് തെറ്റി. പാണക്കാട് തങ്ങളുടെ മകന്‍ തന്നെ അഴിച്ച് വിട്ട ആരോപണക്കൊടുങ്കാറ്റിന് മുന്നില്‍ കുഞ്ഞാലിക്കുട്ടിക്ക് കാലിടറി.

തനിക്കെതിരെ പരസ്യമായി അഴിമതി ആരോപണം ഉന്നയിച്ച മുഈനലി തങ്ങള്‍ക്കെതിരെ ചെറിയൊരു നടപടി പോലും എടുപ്പിക്കാന്‍ കുഞ്ഞാലികുട്ടിക്കായില്ല. യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷ സ്ഥാനത്ത് നിന്ന് മുഈനലിയെ പുറത്താക്കാന്‍ കുഞ്ഞാലിക്കുട്ടിയും അനുയായികളും കൊണ്ട് പിടിച്ച് ശ്രമിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല.

മാത്രമല്ല മുഈനലിയെ അപമാനിച്ച, കുഞ്ഞാലിക്കുട്ടിയുടെ വലം കൈ ആയ റാഫി പുതിയകടവിനെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്തു. മലപ്പുറത്ത് നടന്ന നേതൃയോഗം അക്ഷരാര്‍ത്ഥത്തില്‍ പാര്‍ട്ടിചരിത്രത്തിലെ നിര്‍ണായക വഴിത്തിരിവെന്നാണ് വിലയിരുത്തപ്പെടുന്നത്. യോഗത്തില്‍ കൂടെയുണ്ടാകുമെന്ന് കരുതിയ പലരും കുഞ്ഞാലിക്കുട്ടിക്കെതിരെ തിരിഞ്ഞതായാണ് വിവരം.

സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമും കെ പിഎ മജീദും മാത്രമാണ് കുഞ്ഞാലിക്കുട്ടിക്കൊപ്പം നിന്നത്. ഇ.ടി. മുഹമ്മദ് ബഷീറും സമദാനിയും തന്ത്രപരമായ അകലം പാലിച്ചു.യോഗത്തിലേക്ക് വിളിപ്പിച്ച പാണക്കാട് കുടുംബത്തിലെ മൂന്നംഗങ്ങളും മുഇനലിക്കൊപ്പം ഉറച്ചു നിന്നു.

പി.വി. അബ്ദുള്‍ വഹാബും, എം.കെ.മുനീറും തങ്ങള്‍ കുടുംബത്തിന് ശക്തമായ പിന്തുണ നല്‍കി. ഇതോടെ കുഞ്ഞാലിക്കുട്ടി കൂടുതല്‍ പ്രതിസന്ധിയിലായി. സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിലും കുഞ്ഞാലിക്കുട്ടിക്കെതിരെ ശക്തമായ പടയൊരുക്കം നടത്താനാണ് മറുപക്ഷത്തിന്റെ നീക്കം.എം.പി. സ്ഥാനം രാജി വെച്ച് കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ച് വന്ന കുഞ്ഞാലികുട്ടിയുടെ മുന്നിലുള്ളത് സുഖകരമായ രാഷ്ട്രീയസാഹചര്യമല്ലെന്നുറപ്പ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News