വിശ്വ കായിക മേളയ്ക്ക് ഇന്ന് കൊടിയിറക്കം; ടോക്യോ ഒളിമ്പിക്സിന്‍റെ സമാപന ചടങ്ങുകള്‍ ഇന്ന് വൈകിട്ട് 4:30ന്

ടോക്യോ ഒളിമ്പിക്സിന് ഇന്ന് കൊടിയിറക്കം.  ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് 4:30 മുതലാണ് സമാപന ചടങ്ങുകൾ. ഗുസ്തി താരം ബജ്റംഗ് പൂനിയ സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തും. പ്രകൃതിദുരന്തങ്ങള്‍ക്ക് മേൽ മാനവരാശിയുടെ വിജയം കൂടിയായിരുന്നു കൊവിഡ് കാലത്തെ ഈ ഒളിമ്പിക്സ്

കൊവിഡ് മഹാമാരിക്കാലത്തും ലോകം ആഘോഷമാക്കിയ വിശ്വ കായിക മേളയുടെ ഉത്സവരാവുകൾക്ക് ഇനി കൊടിയിറക്കം.

കരുത്തും പോരാട്ട വീര്യവും മാറ്റുരച്ച 17 നാളുകൾ. 204 രാജ്യങ്ങളും 11,000 അത് ലറ്റുകളും ഒരേ ആവേശത്തിലൂടെ മാറ്റുരച്ച കായിക പോരാട്ടത്തിന് ടോക്കിയോവിലെ നാഷണൽ ഒളിമ്പിക്സ്റ്റേഡിയം വിടചൊല്ലും.
റിയോയിൽ അമേരിക്ക വെട്ടിപ്പിടിച്ച ചാമ്പ്യൻ പട്ടം തിരിച്ചുപിടിച്ച് ഒരിക്കൽക്കൂടി ചൈനീസ് ആധിപത്യം. ഭാരോദ്വഹനം, ഡൈവിംഗ്, ടേബിൾ ടെന്നീസ്, ഷൂട്ടിംഗ് എന്നീ ഇനങ്ങളിലെല്ലാം കണ്ടത്  ചൈനീസ് മേധാവിത്വമാണ്. ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ്, നീന്തൽ തുടങ്ങിയ ഇനങ്ങളിലും മികവ് കാട്ടിയ ചൈന മെഡൽ പട്ടികയിൽ അമേരിക്കയെ പിന്തള്ളി ഒന്നാമന്മാരായി ഇരിപ്പുറപ്പിച്ചു.

റിയോ ഒളിമ്പിക്സിൽ 46 സ്വർണവും 37 വെള്ളിയും 38 വെങ്കലവും ഉൾപ്പടെ ആകെ 121 മെഡലുകളുമായി അമേരിക്കയായിരുന്നു ഒന്നാം സ്ഥാനത്ത്.27 സ്വർണം ഉൾപ്പെടെ 67 മെഡലുകളുമായി ബ്രിട്ടൻ രണ്ടാം സ്ഥാനത്തും 26 സ്വർണം അടക്കം 71 മെഡലുകളുമായി ചൈന മൂന്നാം സ്ഥാനത്തും ആയിരുന്നു. 32ആമത് ഒളിമ്പിക്സിന്റെ സമാപന ചടങ്ങുകൾക്ക് ടോക്യോയിലെ നാഷണൽ ഒളിമ്പിക്സ് സ്റ്റേഡിയത്തിൽ വൈകീട്ട് 4:30ന് തുടക്കമാകും.

നമ്മൾ പങ്കിടുന്ന ലോകം എന്നതാണ് സമാപന ചടങ്ങിലെ തീം. നമുക്ക് ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെങ്കിലും,  ഒരേ നിമിഷം പങ്കിടാൻ കഴിയും, അത് നമുക്ക് ഒരിക്കലും മറക്കാനാവാത്ത ഒന്നാണെന്ന മഹത്തായ സന്ദേശമാണ് ശോഭനമായ ഭാവിയിലേക്കുള്ള വാതിൽ തുറക്കുന്ന സമാപന ചടങ്ങിലൂടെ ലോകത്തിന് നൽകുക. കൊവിഡ് മഹാമാരി കാരണം ഉദ്ഘാടന ചടങ്ങിലേതുപോലെ കായിക പ്രേമികൾക്ക് സമാപന ചടങ്ങിൽ പങ്കെടുക്കാനും അനുവാദമില്ല.

മിക്ക അത്ലറ്റുകളും സ്വന്തം രാജ്യത്തേക്ക് മടങ്ങിക്കഴിഞ്ഞു. ശേഷിക്കുന്ന കായിക താരങ്ങളും പ്രമുഖ വ്യക്തികളും ചടങ്ങിൽ പങ്കെടുക്കും. ഐക്യരാഷ്ട്രസഭയിലെ യു.എസ് അംബാസിഡറായ ലിൻഡ തോമസ് ഗ്രീൻഫീൽഡാകും ചടങ്ങിൽ അമേരിക്കൻ പ്രതിനിധി സംഘത്തെ നയിക്കുക. നാല് ഒളിമ്പിക്‌സിൽ പങ്കെടുത്ത വനിതാ ജാവലിൻ ത്രോ താരം കാരാ വിംഗർ അമേരിക്കൻ പതാകയേന്തും.വേഗ രാജാവ് ലാമണ്ട് മാർസൽ ജേക്കബ്ബ്സ്  ഇറ്റലിയുടെ പതാകയും ജിംനാസ്റ്റ് റെബേക്ക ആൻഡ്രേഡ് ബ്രസീലിന്റെ പതാകയും വഹിക്കും.

ഗുസ്തി താരം ബജ്റംഗ് പൂനിയ സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തും. 3 മണിക്കൂർ നീളുന്ന സമാപന ചടങ്ങിന്റെ അവസാനമായി ഒളിമ്പിക്സ് പതാക 2024 ലെ പാരീസ് ഒളിമ്പിക്സിന്റെ സംഘാടകരായ ഫ്രാൻസിന് കൈമാറുന്നതോടെ ടോക്യോ ഒളിമ്പിക്സിന് ഔദ്യോഗികമായി കൊടിയിറങ്ങും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News