വെടിയുതിര്‍ത്തപ്പോള്‍ ഗുണ്ടകള്‍ ചിതറിയോടി..രഖിലിന് തോക്ക് നല്‍കിയ പ്രതികളെ പൊലീസ് പിടിച്ചത് അതിസാഹസികമായി

കോതമംഗലത്ത് ഡെന്‍റല്‍ കോളേജ് വിദ്യാര്‍ഥിനി മാനസയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ബീഹാര്‍ സ്വദേശികളെ പൊലീസ് പിടിച്ചത് അതിസാഹസികമായി. പൊലീസാണെന്നറിഞ്ഞപ്പോള്‍ സംഘം ആക്രമിക്കാന്‍ മുതിര്‍ന്നു. എന്നാല്‍, ആകാശത്തേക്ക് പൊലീസ് വെടിയുതിര്‍ത്തതും സംഘാംഗങ്ങള്‍ ചിതറിയോടുകയായിരുന്നു. ഒറ്റപ്പെട്ട പ്രധാനപ്രതിയും രഖിലിന് തോക്ക് നല്‍കിയതുമായ സോനുകുമാര്‍ ഇതോടെ ഒറ്റപ്പെടുകയും പൊലീസ് പിടികൂടുകയുമായിരുന്നു.

സംഭവം ഇങ്ങനെ..10 ദിവസത്തോളം ബീഹാറില്‍ തങ്ങിയ രഖില്‍ 35000 രൂപ നല്‍കിയാണ് സോനുകുമാറില്‍ നിന്ന് തോക്ക് വാങ്ങിയതെന്ന് കണ്ടെത്തിയിരുന്നു. തോക്ക് ഉപയോഗിച്ചുള്ള പരിശീലനം ഇവിടെ നിന്നാണ് കിട്ടിയതെന്നും പോലീസിന് വിവരം ലഭിച്ചിരുന്നു. രഖിലും സുഹൃത്ത് ആദിത്യനും ചേര്‍ന്ന് നടത്തിയിരുന്ന ഇന്റീരിയര്‍ ഡിസൈനിംഗ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു സോനുകുമാര്‍. ഇയാളെത്തേടി ബീഹാറിലെത്തിയ പൊലീസ് സംഘം തന്ത്രപരമായാണ് സോനുകുമാറിനെ പിടികൂടിയത്. തോക്ക് വേണമെന്ന് ആവശ്യപ്പെട്ട പോലീസിനോട് ആളൊഴിഞ്ഞ സ്ഥലത്തെത്താന്‍ സോനുകുമാര്‍ ആവശ്യപ്പെട്ടു.

വിളിച്ചത് പോലീസാണെന്നറിയാതെയായിരുന്നു സോനുകുമാര്‍ ഇടപാടിന് ശ്രമിച്ചത്. ഇതിനിടെ മഫ്ത്തിയിലെത്തിയ ബീഹാര്‍ പോലീസിനെ തിരിച്ചറിഞ്ഞ സോനുകുമാറിന്റെ സംഘം ആക്രമണത്തിന് ശ്രമിച്ചെങ്കിലും പോലീസ് ആകാശത്തേക്ക് വെടിവെച്ചതിനെത്തുടര്‍ന്ന് സംഘാംഗങ്ങള്‍ രക്ഷപ്പെടുകയും ഒറ്റപ്പെട്ടുപോയ സോനുകുമാറിനെ പിടികൂടുകയുമായിരുന്നു.ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിന്നീട് മനീഷ്‌കുമാറിനെയും പോലീസ് പിടികൂടി.

അതേസമയം, മാനസയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ബീഹാര്‍ സ്വദേശികളെ ഇന്ന് കൊച്ചിയിലെത്തിക്കും. കൂടുതല്‍ തോക്കുകള്‍ കേരളത്തിലെത്തിച്ചതായി പ്രതികള്‍ പോലീസിനോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here