ഗ്രാമീണ ടൂറിസത്തിന് പ്രാമുഖ്യം നല്‍കും: മന്ത്രി മുഹമ്മദ് റിയാസ്

ഗ്രാമീണ ടൂറിസം പദ്ധതികള്‍ ഓരോ ഗ്രാമപഞ്ചായത്തുകളിലും ഒന്നിലധികം തുടങ്ങാന്‍ ലക്ഷ്യമിടുന്നതായും ഇതിനായി സാംസ്‌കാരിക പശ്ചാത്തലം ഉള്‍പ്പെടെ ഉപയോഗപ്പെടുത്താനാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കുന്നതെന്നും ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.

പത്തനംതിട്ട ജില്ലയിലെ വിനോദസഞ്ചാരം, പൊതുമരാമത്ത് പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിന് ഓണ്‍ലൈനായി നടത്തിയ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയില്‍ നിന്നുള്ള നിയമസഭാ പ്രതിനിധികള്‍ സഭയില്‍ സബ്മിഷനായും, നേരിട്ടും നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു യോഗം ചേരാന്‍ തീരുമാനിച്ചതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

ഇത്തരത്തില്‍ വര്‍ഷത്തില്‍ മൂന്ന് തവണ യോഗം ചേര്‍ന്ന് അവലോകനം ചെയ്ത് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും. പത്തനംതിട്ട ജില്ലയിലെ പൊതുമരാമത്ത്, ടൂറിസം പ്രവര്‍ത്തികളുടെ തല്‍സ്ഥിതി റിപ്പോര്‍ട്ടായി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ജില്ലയിലെ പൊതുമരാമത്ത് പാലങ്ങള്‍, റോഡുകള്‍, കെട്ടിടങ്ങള്‍ എന്നിവയുടെയും വിവിധ ടൂറിസം പദ്ധതികളുടെയും പൂര്‍ത്തീകരണം സമയബന്ധിതമായി പ്രാവര്‍ത്തികമാക്കാന്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥലം ഏറ്റെടുക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നത് ഒഴിവാക്കാന്‍ നടപടിയുണ്ടാകും. ടൂറിസം മേഖലയില്‍ പത്തനംതിട്ട ജില്ലയില്‍ പില്‍ഗ്രിം ടൂറിസത്തിനും, കരകൗശലം, പ്രകൃതി ഭംഗി തുടങ്ങിയ ഘടകങ്ങള്‍ക്കും പ്രാമുഖ്യം നല്‍കിയുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച് പൂര്‍ത്തീകരിച്ചു വരുന്നത്.

ആറന്മുള, കോന്നി, ഗവി, പെരുന്തേനരുവി തുടങ്ങിയ ടൂറിസം പദ്ധതികള്‍ കൂടുതല്‍ വിപുലീകരിക്കും. ഈ ഓണത്തിന് ലോകത്തുള്ള എല്ലാ മലയാളികളെയും കോര്‍ത്തിണക്കി ടൂറിസം വകുപ്പ് വിശ്വമാനവികതയുടെ വെര്‍ച്വല്‍ പൂക്കള മല്‍സരം സംഘടിപ്പിക്കുമെന്നും ഇന്ത്യക്ക് അകത്തും പുറത്തുമുള്ള മലയാളികള്‍ ഇതിന്റെ ഭാഗമാകണമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എംഎല്‍എമാരായ അഡ്വ. മാത്യു ടി.തോമസ്, അഡ്വ.കെ.യു. ജനീഷ്‌കുമാര്‍, അഡ്വ.പ്രമോദ് നാരായണന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here