മാനസയുടെ കൊലപാതകം: പ്രതികളെ കേരളത്തില്‍ എത്തിച്ചു

കോതമംഗലം നെല്ലിക്കുഴിയില്‍ ബി ഡി എസ് ഹൗസ് സര്‍ജന്‍ മാനസയെ വെടിവച്ച് കൊന്ന കേസില്‍ രാഖിലിന് തോക്ക് കൈമാറിയ പ്രതികളെ കേരളത്തില്‍ എത്തിച്ചു. തോക്ക് കൈമാറിയ ബിഹാര്‍ മുന്‍ഗെര്‍ ജില്ല പര്‍സന്തോ ഗ്രാമത്തിലെ സോനുകുമാര്‍ (24), ഇടനിലക്കാരന്‍ ബര്‍സാദ് സ്വദേശി മനീഷ്‌കുമാര്‍ വര്‍മ(24) എന്നിവരെയാണ് ബീഹാറില്‍ നിന്ന് വിമാനത്തില്‍ കൊച്ചിയില്‍ എത്തിച്ചത്.

എറണാകുളം റൂറല്‍ എസ് പി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത ശേഷമാണ് പ്രതികളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. പ്രതികളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഇതിനായി ഇരുവരെയും പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.

ചോദ്യം ചെയ്യലില്‍ രാഖിലിന് തോക്ക് കൈമാറിയത് കൂടാതെ മറ്റ് നിര്‍ണ്ണായക വിവരങ്ങളും ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. സോനുകുമാറിന്റെ ഫോണില്‍ നിന്ന് ചില മലയാളികളുടെ ഫോണ്‍ നമ്പറുകള്‍ ലഭിച്ചിട്ടുണ്ട്. ഇവര്‍ സോനുകുമാര്‍ വഴി തോക്ക് വാങ്ങിയിട്ടുണ്ടോ എന്നതും പരിശോധിക്കും.

രാഖിലും ബിസിനസ്സ് പങ്കാളിയുമായ ആദിത്യനും ബംഗളൂരുവില്‍ നടത്തിയ ഇന്റീരിയര്‍ സ്ഥാപനത്തില്‍ സോനുകുമാര്‍ ജോലി ചെയ്തിരുന്നു. ഇതിനാല്‍ തന്നെ മലയാളികളുടെ ഫോണ്‍ നമ്പറുകള്‍ ഫോണുകളില്‍ ഉണ്ടാകുന്നതില്‍ അസ്വാഭാവികതയില്ലെന്നാണ് പൊലീസ് നിഗമനം. എന്നാല്‍, ഇതില്‍ ആര്‍ക്കെങ്കിലും തോക്ക് കൈമാറിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കും.

ആറ് മാസത്തിനിടെ സോനുകുമാറിന്റെ ഫോണില്‍ ബന്ധപ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടിയും അന്വേഷണസംഘം ആരംഭിച്ചു. പ്രതിയായ മനേഷ് കുമാര്‍ തോക്ക് പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. എന്നാല്‍, ഇത് എപ്പോള്‍ ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News